എച്ച് വണ്‍ എന്‍ വണും ഡെങ്കിയും വീണ്ടും തലപൊക്കുന്നു

Posted on: 15 Aug 2015തിരുവനന്തപുരം: എച്ച് വണ്‍ എന്‍ വണും ഡെങ്കിപ്പനിയും സംസ്ഥാനത്ത് വീണ്ടും തലപൊക്കുന്നു. ഒരാഴ്ചക്കിടെ മൂന്ന് പേരാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിച്ചത്. ഈ വര്‍ഷം ഇതിനോടകം മരിച്ചവരുടെ എണ്ണം 65 ആയി ഉയര്‍ന്നു.
ഡെങ്കിപ്പനി ബാധിച്ച് ഏഴുമാസത്തിനിടെ 30 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്. ഈ മാസം മാത്രം 23 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഇക്കൊല്ലം പരിശോധനകളിലൂടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 2600 കടന്നു. അതേസമയം ഡെങ്കി സംശയിക്കുന്നവരുടെ എണ്ണം 9303 ആയിട്ടുമുണ്ട്.
കൊല്ലം, പാലക്കാട് ജില്ലകളിലാണ് അടുത്തിടെ ഡെങ്കിപ്പനി പടരുന്നത്. കഴിഞ്ഞദിവസം മാത്രം എട്ട് പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ എലിപ്പനി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. ഇക്കൊല്ലം എലിപ്പനി ബാധിച്ച് 47 പേര്‍ മരിച്ചതായി സംശയിക്കുന്നുണ്ടെങ്കിലും 12 പേരുടെ മരണം മാത്രമാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്.
ചെള്ളുപനിയും സംസ്ഥാനത്ത് ഭീഷണിയാവുകയാണ്. ഇക്കൊല്ലം 215 പേര്‍ക്കാണ് പനി ബാധിച്ചതായി സംശയിക്കുന്നത്. വിദഗ്ദ്ധ പരിശോധനകളില്‍ രോഗം സ്ഥിരീകരിച്ച 11 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.
ഇടക്കിടെ പെയ്യുന്ന ഇടവപ്പാതിയാണ് കൊതുകുജന്യ രോഗങ്ങള്‍ പടരാന്‍ കാരണം. ഡ്രൈ ഡേ അടക്കം കൊതുകുനിവാരണത്തിനായി വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചെങ്കിലും പല തദ്ദേശ സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം 11,000 ന് മുകളിലാണ്. ഇക്കൊല്ലം ഇതിനോടകം 23 പേര്‍ പനിബാധിച്ച് മരിക്കുകയും ചെയ്തു. ഈ മാസം മാത്രം പകര്‍ച്ചപ്പനി ബാധിച്ചത് 106122 പേര്‍ക്കാണ്. വയനാട് ജില്ലയില്‍ കുരങ്ങുപനി ബാധിച്ച് ഇക്കൊല്ലം 11 പേര്‍ മരിച്ചിട്ടുണ്ട്.

More Citizen News - Thiruvananthapuram