ഗതാഗത കുരുക്കഴിയാതെ വെമ്പായം ജങ്ഷന്‍

Posted on: 14 Aug 2015വെമ്പായം: ഗതാഗത കുരുക്കഴിയാതെ വെമ്പായം ജങ്ഷന്‍ വീര്‍പ്പുമുട്ടലില്‍. സംസ്ഥാന പാതയോട്‌ചേര്‍ന്ന് കിടക്കുന്ന വെഞ്ഞാറമൂടിനും മണ്ണന്തലയ്ക്കും ഇടയ്ക്കുവരുന്ന പ്രധാന ജങ്ഷനായ വെമ്പായമാണ് ഈ ദുര്‍വിധി അനുഭവിക്കുന്നത്. കാര്യമായ വികസനങ്ങള്‍ ഒന്നും ഇവിടെ ഉണ്ടായിട്ടില്ല.
വ്യാഴാഴ്ച ഉണ്ടായ ഗതാഗതക്കുരുക്ക് ഒരു കിലോമീറ്റര്‍ വരെ വ്യാപിച്ചു. ജങ്ഷനിലെ റോഡിനു വീതി കുറവായതും അനധികൃത വാഹന പര്‍ക്കിങ്ങുമാണ് ഗതാഗത തടസ്സമുണ്ടാകുവാന്‍ കാരണം. നെടുമങ്ങാട്, പാലോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുവാന്‍ ബസ് കാത്തുനില്‍ക്കേണ്ട യാത്രക്കാര്‍ പെരുവഴിയിലായ സ്ഥിതിയിലാണ്. കാരണം ഇവിടെ ബസ് സ്റ്റാന്‍ഡ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി നില്‍ക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ യാത്രക്കാരെ കയറ്റുന്നതിനായി ജങ്ഷനില്‍ വാഹനം നിര്‍ത്തുമ്പോള്‍ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ഗതാഗത തടസ്സം ഉണ്ടാകുന്നു. അലക്ഷ്യമായ വാഹന പാര്‍ക്കിങ്ങാണ് തടസ്സം ഉണ്ടാക്കുന്നത് .
ജങ്ഷനിലെ കടകള്‍ ഓടകള്‍ കൈയേറിയിരിക്കുന്ന സ്ഥിതിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോകേണ്ട വാഹനങ്ങളും ആംബുലന്‍സുകളും കുരുക്കില്‍ അകപ്പെടാറുണ്ട്. പഞ്ചായത്ത് പ്രധിനിധികള്‍ മാറി മാറി വന്നിട്ടും ഇതുവരെയും വെമ്പായം ജങ്ഷനിലെ വികസനത്തിന് ഒന്നും ചെയ്തിട്ടില്ല എന്ന് നാട്ടുകാര്‍ പറയുന്നു. ജങ്ഷനിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയും വാഹന പാര്‍ക്കിങ്ങിനു സൗകര്യമായ സ്ഥലം കണ്ടെത്തുകയും ചെയ്താല്‍ ഗതാഗത തടസ്സം ഒഴിവാക്കാന്‍ സാധിക്കും. ബസ് സ്റ്റാ9ഡ് ഇല്ലാത്തതും ട്രാഫിക് നിയന്ത്രണങ്ങള്‍ ഇല്ലാത്തതും കാരണം സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ പലപ്പോഴും വാഹന അപകടത്തിന് ഇരയാകുന്നു. ട്രാഫിക് നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ജങ്ഷനില്‍ ഇല്ല. അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ച് ഒരു മാസം തികയുന്നതിനു മുമ്പേ പ്രവര്‍ത്തന രഹിതമായി. അനധികൃത കൈയേറ്റം ഒഴിപ്പിച്ച് റോഡിനു വീതി കൂട്ടുകയും ബസ് സ്റ്റാ9ഡ് നിര്‍മിക്കുകയും വാഹന പര്‍ക്കിങ്ങിനായി പഞ്ചായത്ത് സ്ഥലം കണ്ടെത്തി ട്രാഫിക് സംവിധാനം ഒരുക്കുകയും ചെയ്തല്‍ ഗതാഗത തടസ്സം ഒഴിവാക്കാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു .

More Citizen News - Thiruvananthapuram