കടല്‍ക്കൊള്ളക്കാരുടെ വെടിയേറ്റുമരിച്ച മത്സ്യത്തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല

Posted on: 14 Aug 2015പുതുക്കട: ഖത്തറില്‍ മത്സ്യബന്ധനത്തിനിടയില്‍ ഇറാന്‍ കടല്‍ക്കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ച ഇനയം പുത്തന്‍തുറ സ്വദേശിയായ മത്സ്യത്തൊഴിലാളി യുവാവിന്റെ മൃതദേഹത്തിന് വേണ്ടിയുള്ള കുടുംബത്തിന്റെ കാത്തിരിപ്പ് അനിശ്ചിതമായി നീളുന്നു.
ഒമ്പത് ദിവസങ്ങള്‍ക്ക് മുമ്പാണ് ആന്‍ട്രോസിന്റെ മകന്‍ ആന്റലിന്‍ അനീസ് (26) മരണമടഞ്ഞത്. ഖത്തറിലെ ഒരു മത്സ്യബന്ധന കമ്പനിയിലാണ് ജോലിചെയ്തിരുന്നത്. കുളച്ചല്‍ ഇരയിമ്മന്‍തുറ സ്വദേശികളായ സഹതൊഴിലാളികള്‍ക്കൊപ്പം മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് ഇറാന്‍ കടല്‍ക്കൊള്ളക്കാര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ബഹ്‌റൈന്‍ കടലോര സേനയാണ് മൃതദേഹം കണ്ടെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. മാതാപിതാക്കള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അടിയന്തരമായി മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. ഇതിനിടയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായവും ലഭ്യമാക്കിയിരുന്നു. എന്നാല്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ബഹ്‌റൈനില്‍ നിന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നതെന്നാണ് വീട്ടുകാര്‍ക്ക് കിട്ടിയ ഒടുവിലത്തെ വിവരം. ഒരു വര്‍ഷത്തിനുമുമ്പാണ് ആന്റലിന്‍ അനീസിന്റെ മൂത്ത സഹോദരന്‍ വാഹനാപകടത്തില്‍ മരണമടഞ്ഞത്.

More Citizen News - Thiruvananthapuram