ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ച് പണം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 14 Aug 2015തിരുവനന്തപുരം: ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും പിടിച്ചുപറിച്ച സംഘത്തിലെ രണ്ടുപേരെ സിറ്റി ക്രൈം സ്‌ക്വാഡ് പിടികൂടി. ജഗതി ബണ്ട് റോഡില്‍ താമസം ഷിജിന്‍ (19), തൈക്കാട് സ്വദേശി ചന്ദപ്പന്‍ എന്ന കിരണ്‍ (19) എന്നിവരെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 4ന് ആയിരുന്നു കേസിനാസ്​പദമായ സംഭവം നടന്നത്. വഴുതയ്ക്കാട് താജ് വിവാന്തയിലെ ജോലിക്കാരനായ മിഡ്‌നാപൂര്‍ സ്വദേശി ഷേഖ് റെയ്ബുളിനെയാണ് നാലംഗ സംഘം ആക്രമിച്ച് കൈയിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും രൂപയും കവര്‍ന്നത്. ആക്രമണത്തില്‍ റെയ്ബുളിന്റെ തലയ്ക്കു മുറിവേല്‍ക്കുകയും വലതെൈുക ഒടിയുകയും ചെയ്തിരുന്നു.
പിടിച്ചുപറിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഈ മൊബൈല്‍ ബീമാപള്ളിയിലെ ഒരു കടയില്‍ വിറ്റതായി മനസ്സിലാക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷിജിന്‍ പിടിയിലാവുകയും ചെയ്തു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കിരണ്‍ പിടിയിലായത്.
സിറ്റി പോലീസ് കമ്മിഷണര്‍ എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ഡി.സി.പി. സഞ്ജയ് കുമാര്‍, കന്റോണ്‍മെന്റ് എ.സി. സുരേഷ് കുമാര്‍, കണ്‍ട്രോള്‍ റൂം എ.സി. പ്രമോദ് കുമാര്‍, മ്യൂസിയം സി.ഐ. അജിത് കുമാര്‍ എസ്.ഐ. സജി ശങ്കര്‍, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

More Citizen News - Thiruvananthapuram