കടകംപള്ളിയുടെ പ്രസ്താവന അടിസ്ഥാനരഹിതം- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌

Posted on: 14 Aug 2015തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ വനിത ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഖാദി യൂണിറ്റ് ആരംഭിക്കുന്നതില്‍ അഴമതി ആരോപിച്ച സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സല്‍ പ്രസ്താവിച്ചു.

2015-16 വാര്‍ഷിക പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് കമ്മിറ്റി അനുമതിയോടെ പി.ഡബ്ല്യു.ഡി. നിയമപ്രകാരം തയ്യാറാക്കിയ 80 ലക്ഷം രൂപയുടെ കെട്ടിടനിര്‍മാണപദ്ധതി സി.പി.എം. അംഗങ്ങള്‍ ഉള്‍പ്പെട്ട ഡി.പി.സി. അംഗീകരിച്ച്, നിയമാനുസരണം ഇ-ടെന്‍ഡര്‍ ചെയ്തതാണ്. കെട്ടിട നിര്‍മാണത്തിനും ഖാദി യൂണിറ്റ് സ്ഥാപിക്കുന്നതിനും കീഴാറൂര്‍ വില്ലേജില്‍ ആലുംകുഴി-ചേമ്പിലക്കുഴി റോഡിനോട് ചേര്‍ന്നുള്ള 10 സെന്റ് സ്ഥലം മണ്ണാംകോണം സ്വദേശി രാജമ്മ സൗജന്യമായാണ് ജില്ലാ പഞ്ചായത്തിന് നല്‍കിയത്. ഈ സ്ഥലത്തിന്റെ അവകാശവും ഇവിടെ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥതയും ജില്ലാ പഞ്ചായത്ത് ആസ്തി രേഖയിലാണെന്നുള്ള യാഥാര്‍ഥ്യം മറച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടലാസ് സംഘടനയ്ക്ക് ഫണ്ടനുവദിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.

ദീര്‍ഘകാലം ആര്യങ്കോട് പഞ്ചായത്ത് അംഗമായിരുന്ന തന്റെ പിതാവ് ജി.റസ്സാലത്തിന്റെ പിതാവും പെരുങ്കടവിള പഞ്ചായത്തംഗവുമായിരുന്ന ജ്ഞാനാഭരണം വൈദ്യര്‍ ദാനമായി നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് ആര്യങ്കോട് കൃഷിഭവനും പെരുങ്കടവിള എ.ഡി. ഓഫീസും സ്ഥിതിചെയ്യുന്നത്. ഈ സ്ഥലത്താണ് ഗ്രാമപ്പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഹോര്‍ട്ടികോര്‍പ്പ് മിഷനും സംയുക്തമായി ചെയ്യുന്ന കാര്‍ഷിക വിപണനകേന്ദ്രം നിര്‍മിക്കുന്നതെന്നും അന്‍സജിതാ റസ്സല്‍ പ്രസ്താവനയില്‍ പറഞ്ഞു.

More Citizen News - Thiruvananthapuram