പാലോട്ട് ഇ-ടോയിലറ്റ് സംവിധാനം വേണമെന്ന ആവശ്യം ശക്തമാകുന്നു

Posted on: 13 Aug 2015പാലോട്: പൊതുജനത്തിന് പ്രാഥമിക കൃത്യം നിര്‍വഹിക്കണമെങ്കില്‍ പാലോട്ട് പൊതുസ്ഥലം തന്നെ ആശ്രയം. മിക്കപ്പോഴും അടഞ്ഞുകിടക്കുന്ന ശൗചാലയം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ജനപ്രതിനിധികള്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്പെടുന്നില്ല. നിര്‍മാണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി കരാറുകാര്‍ ശൗചാലയ നടത്തിപ്പില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന നിലവിലെ സാഹചര്യത്തില്‍ ടൗണില്‍ ഇ-ടോയിലറ്റ് സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.
നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട്, ചിതറ ഗ്രാമപ്പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് പാലോട്. തിരുവനന്തപുരം-തെങ്കാശി അന്തര്‍സംസ്ഥാന പാതയിലെ പ്രധാന ഇടത്താവളം. വിവിധാവശ്യങ്ങളുമായി നിത്യവും ഇവിടെ വന്നുചേരുന്നത് ആയിരങ്ങള്‍. യാത്രക്കാര്‍ക്കായി പൊതുശൗചാലയം മാത്രമേ ഉള്ളൂ. ശൗചാലയത്തിനു മുന്നില്‍ പൊതുവഴിയിലാണ് പലരുടെയും മൂത്രശങ്കയകറ്റല്‍. ആരാധനാലയങ്ങളും പാരലല്‍ കോളേജും പരിസരത്തുണ്ട്. നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളുമാണ് ചുറ്റുവട്ടത്ത്. പെരുവഴിയിലെ മലമൂത്ര വിസര്‍ജ്ജനം താണ്ടി വേണം കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാന്‍. സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരും വ്യാപാരസ്ഥാപനങ്ങളിലെ വനിതാജീവനക്കാരും വഴിയാത്രക്കാരും സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. ടൗണിലെ സ്ഥലപരിമിതി കാരണം ശൗചാലയം പുതുക്കിപ്പണിയാനോ, പുതുതായി നിര്‍മിക്കാനോ സാധിക്കാത്ത അവസ്ഥയിലാണിപ്പോള്‍. ഈ പശ്ചാത്തലത്തിലാണ് ഇ-ടോയിലറ്റിനായി ആവശ്യം ഉയരുന്നത്. ഇ-ടോയിലറ്റിനായി തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയില്‍ തുക വകയിരുത്തണമെന്നാണ് ആവശ്യം.

More Citizen News - Thiruvananthapuram