കര്‍ക്കടക വാവുബലിക്ക് ചക്രതീര്‍ത്ഥക്കുളമില്ല; പകരം പാത്രക്കുളം

Posted on: 13 Aug 2015വര്‍ക്കല: ചരിത്രത്തിലാദ്യമായി വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിലെ ചക്രതീര്‍ത്ഥക്കുളമില്ലാതെ കര്‍ക്കടക വാവുബലിക്ക് പാപനാശം ഒരുങ്ങുന്നു. ബലിതര്‍പ്പണത്തിനെത്തുന്ന പതിനായിരങ്ങള്‍ക്ക് ആചാരമനുസരിച്ച് ചടങ്ങുകള്‍ പൂര്‍ത്തീകരിക്കാന്‍ ചക്രതീര്‍ത്ഥക്കുളത്തില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം കഴിയില്ല. പാപനാശം തീരത്ത് ബലിയിട്ടശേഷം കുളത്തില്‍ മുങ്ങി ശുദ്ധിവരുത്തി ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍ കയറണമെന്നാണ് ആചാരം. കുളിച്ച് ക്ഷേത്രത്തിലെത്തി തിലഹവനം നടത്തിയാണ് ഭക്തര്‍ മടങ്ങുന്നത്. നവീകരണത്തിന്റെ ഭാഗമായി മൂന്ന് മാസമായി കുളം വറ്റിച്ച് വൃത്തിയാക്കുന്ന ജോലികള്‍ നടന്നുവരികയാണ്. കുളം വറ്റിക്കുകയും കല്പടവുകള്‍ പൊളിച്ചുനീക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ വര്‍ഷങ്ങളായി നടന്നുവരുന്ന പ്രക്രിയയ്ക്ക് ഇത്തവണ തടസ്സമുണ്ടാകും.
പകരം സംവിധാനമായി ചക്രതീര്‍ത്ഥക്കുളത്തിനോട് ചേര്‍ന്നുള്ള പാത്രക്കുളം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഇതിനായി ദേവസ്വം ബോര്‍ഡ് പാത്രക്കുളം വൃത്തിയാക്കി നാലുവശവും സംരക്ഷണഭിത്തി കെട്ടിത്തിരിച്ചിട്ടുണ്ട്. കുളത്തില്‍ ആവശ്യത്തിന് വെള്ളവും ഉറപ്പാക്കും. ചെറിയ കുളമായതിനാല്‍ പാപനാശത്തെത്തുന്ന പതിനായിരങ്ങളെ ഉള്‍ക്കൊള്ളാന്‍ പാത്രക്കുളത്തിന് കഴിയില്ല. ഒരുവശത്തുകൂടി മാത്രം ഇറങ്ങാന്‍ കഴിയുന്ന കുളത്തില്‍ ഇരുപതുപേര്‍ക്ക് മാത്രമേ ഒരേസമയം ദേഹശുദ്ധി വരുത്താന്‍ കഴിയൂ. നാല് വശത്തുകൂടിയും സ്ത്രീകളുള്‍പ്പെടെ ഒരേസമയം നൂറുകണക്കിന് പേര്‍ ഉപയോഗിച്ചിരുന്ന ചക്രതീര്‍ത്ഥക്കുളത്തിന് ഒരിക്കലും പാത്രക്കുളം പകരമാകില്ല. അല്പമകലെയുള്ള പൊതുകുളമായ പെരുംകുളം വൃത്തിയാക്കി ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.
കുളമില്ലാത്തതിനാല്‍ വെള്ളത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിന് ജല അതോറിറ്റി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഭാഗത്തുനിന്ന് പാപനാശത്തേക്കുള്ള പ്രധാന പൈപ്പ് മുറിച്ച് റോഡ് ക്രോസ് ചെയ്ത് പൈപ്പിട്ട് വെള്ളം പത്ത് വലിയ ടാങ്കുകളില്‍ സംഭരിക്കും. ചക്രതീര്‍ത്ഥക്കുളത്തിന്റെ കല്പടവുകള്‍ക്ക് സമീപം 20 ഷവറുകള്‍ സ്ഥാപിച്ച് ഭക്തര്‍ക്ക് ദേഹശുദ്ധി വരുത്തുന്നതിന് സൗകര്യമൊരുക്കുന്നുണ്ട്.


41


നവീകരണത്തിന്റെ ഭാഗമായി വറ്റിച്ച വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിലെ ചക്രതീര്‍ത്ഥക്കുളം

More Citizen News - Thiruvananthapuram