ബി.ജെ.പി. ഇന്ന് പെരുംകുളം ശുചീകരിക്കും

Posted on: 13 Aug 2015



വര്‍ക്കല: കര്‍ക്കടകവാവ് ദിവസം ശിവഗിരിമഠത്തില്‍ പിതൃതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കുന്നു. 14ന് രാവിലെ 6 മുതല്‍ പിതൃതര്‍പ്പണം നടത്താന്‍ സൗകര്യമുണ്ടാകും. ശിവഗിരിയിലെ സംന്യാസിവര്യന്മാരുടെയും തന്ത്രിമാരുടെയും നേതൃത്വത്തിലാണ് ബലികര്‍മങ്ങള്‍. ഒരേസമയം 500 പേര്‍ക്ക് ബലിയിടുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അറിയിച്ചു.

വര്‍ക്കല:
കര്‍ക്കടകവാവിന് പാപനാശത്തെത്തുന്ന തീര്‍ഥാടകര്‍ക്ക് വര്‍ക്കല നഗരസഭ വിപുലമായ സൗകര്യങ്ങളൊരുക്കുമെന്ന് ചെയര്‍മാന്‍ എന്‍.അശോകന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രധാന റോഡുകളിലെ തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. 4 ലക്ഷം രൂപ മുടക്കി 277 പുതിയ ഡബിള്‍ ട്യൂബ്‌സെറ്റുകള്‍ വാങ്ങി. ഇത് ഓരാ വാര്‍ഡിലും എട്ടെണ്ണം വീതം സ്ഥാപിക്കും. വര്‍ക്കല ടൗണിലെ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തന തടസ്സങ്ങളെല്ലാം നീക്കി പൂര്‍ണമായി പ്രവര്‍ത്തിച്ചുവരുന്നു. ചക്രതീര്‍ഥക്കുളമില്ലാത്തതിനെത്തുടര്‍ന്ന് വെള്ളത്തിന് നേരിടുന്ന പ്രതിസന്ധി ജലഅതോറിറ്റിയുമായി ചേര്‍ന്ന് പരിഹരിച്ചിട്ടുണ്ട്. വാവുബലി ദിവസങ്ങളിലേക്കായി നഗരസഭ 40 താത്കാലിക ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. വര്‍ക്കല സ്‌കൂളില്‍ പോലീസിനായി 15 ശുചിമുറികളും തയ്യാറാക്കുന്നുണ്ട്. വാവുബലി ദിവസത്തെ തിരക്കൊഴിവാക്കാനും പാര്‍ക്കിങ്ങിനുമായി വര്‍ക്കല മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ ടാര്‍ ചെയ്യാനുള്ള നീക്കം അട്ടിമറിക്കാന്‍ ശ്രമിച്ചതായും ചെയര്‍മാന്‍ ആരോപിച്ചു. മുമ്പ് കോണ്‍ട്രാക്ട് എടുത്തയാള്‍ എഗ്രിമെന്റ്‌ െവയ്ക്കാതിരുന്നതിനെത്തുടര്‍ന്ന് ടെന്‍ഡറില്‍ കുറഞ്ഞ തുക കാണിച്ച മറ്റൊരാള്‍ക്ക് കോണ്‍ട്രാക്ട് നല്‍കി. ഇതിനെതിരെ പഴയ കോണ്‍ട്രാക്ടര്‍ കോടതിയെ സമീപിച്ചതാണ് പണി നടത്താന്‍ കഴിയാതിരുന്നതെന്നും അശോകന്‍ പറഞ്ഞു.

വര്‍ക്കല:
പുനരുദ്ധാരണത്തിന്റെ പേരില്‍ ചക്രതീര്‍ഥക്കുളം പൊളിച്ചതിനാല്‍ പകരം സംവിധാനമായി പെരുംകുളം ശുചീകരിച്ച് തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടുത്തണമെന്ന് ബി.ജെ.പി.നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പെരുംകുളത്തിന്റെ അഞ്ച് കുളിക്കടവുകളും വൃത്തിയാക്കി പായല്‍ നീക്കിയാല്‍ വാവുബലി തീര്‍ഥാടകര്‍ക്ക് ഉപകാരമാകും. ഈ ആവശ്യം ബി.ജെ.പി. കൗണ്‍സിലര്‍ നിരന്തരം ഉന്നയിച്ചിട്ടും നടപടി സ്വീകരിക്കാന്‍ എം.എല്‍.എ.യോ നഗരസഭയോ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ച് 13ന് രാവിലെ 9 മുതല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പെരുംകുളം വൃത്തിയാക്കും. പാപനാശത്തേക്ക് ചാല്‍വഴി റിസോര്‍ട്ടുകളിലെയും മറ്റും മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നുണ്ട്. ക്ഷേത്രത്തില്‍ നിന്നൊഴുകിവരുന്ന ജലമാണെന്ന് കരുതി ഭക്തര്‍ അതില്‍ കുളിക്കുകയും ദേഹത്ത് കുടയുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ ബോര്‍ഡുകള്‍ സ്ഥാപിക്കും. കര്‍ക്കടക വാവിനോടനുബന്ധിച്ച് തീരത്ത് സൗകര്യവും സംരക്ഷണവും ഒരുക്കിയിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ഇലകമണ്‍ സതീശന്‍, നേതാക്കളായ കോവിലകം മണികണ്ഠന്‍, മടവൂര്‍ സന്തോഷ്, തച്ചോട് സുധീര്‍, ജി.കെ.മണി, സജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram