അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് കുട്ടികളെ മര്‍ദിച്ചതായി കേസ്‌

Posted on: 13 Aug 2015ആറ്റിങ്ങല്‍: അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് കുട്ടികളെ ക്രൂരമായി മര്‍ദിച്ചതായി പരാതി. അധ്യാപകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന മൂന്നാം ക്ലാസുകാരിക്കും എല്‍.കെ.ജി.ക്കാരനുമാണ് മര്‍ദനമേറ്റത്.
പോലീസ് പറയുന്നതിങ്ങനെ: കുട്ടികളുടെ അമ്മ വഞ്ചിയൂര്‍ ചരുവിള വീട്ടില്‍ സഫീനയും രണ്ടാം ഭര്‍ത്താവ് സജീവുമാണ് മര്‍ദിച്ചതെന്നാണ് കുട്ടികള്‍ അധ്യാപകരോട് പറഞ്ഞത്. സഫീനയുടെ ആദ്യ ഭര്‍ത്താവ് മരിച്ചു. മൂന്നു വര്‍ഷം മുമ്പാണ് ഇവര്‍ സജീവിനെ വിവാഹം കഴിച്ചത്. അന്നുമുതല്‍ കുട്ടികളെ ഇവര്‍ മര്‍ദിച്ചിരുന്നതായി പരാതിയുണ്ട്.
ബുധനാഴ്ച സ്‌കൂളിലെത്തിയ കുട്ടികളുടെ ശരീരത്തില്‍ ചെരുപ്പുകൊണ്ടുള്ള അടിയുടെ പാടുകള്‍ തെളിഞ്ഞു കണ്ടതിനെ തുടര്‍ന്ന് അധ്യാപകരാണ് പോലീസില്‍ അറിയിച്ചത്. കെട്ടിടനിര്‍മാണ തൊഴിലാളികളായ ഇവര്‍ രാത്രി 8 മണിയോടെയാണ് വീട്ടിലെത്തുന്നത്. അതുവരെ കുട്ടികള്‍ വീടിനു മുന്നില്‍ ഇരിക്കുക പതിവാണത്രേ. കുട്ടികളുടെ നീതിനിയമം അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ ചൈല്‍ഡ് ലൈനിന് കൈമാറി. സജീവിനെതിരെ മുന്‍പും പല കേസുകളും ഉണ്ടെന്ന് എസ്.ഐ. ജയന്‍ പറഞ്ഞു.

More Citizen News - Thiruvananthapuram