തെക്കനംകര കനാല്‍ കൈയേറ്റം: ഉത്തരവ് 20ന് നല്‍കുമെന്ന് ജില്ലാഭരണകൂടം

Posted on: 13 Aug 2015തിരുവനന്തപുരം: കോട്ടയ്ക്കകം തെക്കനംകര കനാലിന് മുകളില്‍ കൈയേറ്റം നടന്നുവെന്ന പരാതിയിന്മേലുള്ള ജില്ലാഭരണകൂടത്തിന്റെ ഉത്തരവ് 20ന് കൈമാറും. കെട്ടിടമുടമയുടെ ഭാഗത്ത് നിന്നുള്ള വാദംകേള്‍ക്കല്‍ ബുധനാഴ്ചയോടെ അവസാനിച്ചു. ഒരാളെക്കൂടി സാക്ഷിയാക്കി വിശദീകരണം തേടണമെന്ന് കെട്ടിടമുടമ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജില്ലാഭരണകൂടം തീരുമാനമെടുത്തിട്ടില്ല.
ലോകായുക്തയിലെ കോര്‍ട്ട് ഓഫീസറെ സാക്ഷിയാക്കണമെന്നാണ് രാജധാനി ബില്‍ഡിങ്‌സ് ഉടമ ബിജുരമേശിന്റെ പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഹിയറിങ്ങിന്റെ കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല. അതേസമയം നാല് ദിവസത്തിനകം ഉത്തരവ് പുറത്തിറക്കുമെന്നറിയിച്ച ജില്ലാഭരണകൂടം സമയപരിധി വീണ്ടും നീട്ടി. ഈ മാസം 20നേ ഉത്തരവ് തയ്യാറാകൂ.
ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി കെട്ടിടം പൊളിക്കാനുള്ള ജില്ലാഭരണകൂടത്തിന്റെ നീക്കത്തെ ചോദ്യംചെയ്ത് ബിജുരമേശ് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹിയറിങ്ങും പരിശോധനയും നടന്നത്.
ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി വലുതും ചെറുതുമായ നിരവധി കൈയേറ്റങ്ങള്‍ ഇതിനോടകം ഒഴിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ ബിജുപ്രഭാകര്‍ അറിയിച്ചു.
25 ലക്ഷം രൂപവരെയുള്ള പ്രവൃത്തികളുടെ അനുമതി ജില്ലാകളക്ടര്‍ക്ക് നല്‍കാനാകും. അതിന് മുകളിലുള്ള അനുമതി നല്‍കേണ്ടത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ്. മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ മന്ത്രിസഭാ ഉപസമിതിയുമുണ്ട്. അടിയന്തരമായി തീര്‍ക്കേണ്ട ജോലികള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ഓണത്തിന് മുമ്പ് പൂര്‍ത്തീകരിക്കുമെന്നും ബിജുപ്രഭാകര്‍ പറഞ്ഞു.

More Citizen News - Thiruvananthapuram