കൈവിട്ടുപോയ മകനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ദുഗ്ഗമ്മ

Posted on: 13 Aug 2015പേരൂര്‍ക്കട: ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നു കരുതിയ മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കര്‍ണാടക ദാവന്‍കര സ്വദേശി ദുഗ്ഗമ്മയും കുടുംബവും. ഇതിന് നിമിത്തമായത് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സൂപ്രണ്ട് ഡോക്ടര്‍ ടി.സാഗര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍വിളികളാണ്. ദുഗ്ഗമ്മയുടെ മകന്‍ നാഗരാജി (30) നെ കുടുംബത്തോടൊപ്പം തിരുപ്പതി ദര്‍ശനം നടത്തുന്നതിനിടെ മെയ് ആദ്യവാരമാണ് കാണാതായത്. നാഗരാജ് അവിടെ നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്തെത്തി.
തലസ്ഥാനത്ത് അലഞ്ഞുനടന്ന നാഗരാജിനെ വഞ്ചിയൂര്‍ പോലീസാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ സൂപ്രണ്ട് ഡോക്ടര്‍ ടി. സാഗര്‍, ചീഫ് കണ്‍സള്‍ട്ടന്റ് നെല്‍സണ്‍, ആര്‍.എം.ഒ. മാര്‍ട്ടിന്‍ ഗ്ലൂഡ്‌സ്റ്റോണ്‍, സൈക്യാട്രി സോഷ്യല്‍ വര്‍ക്കര്‍ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടന്നത്. നാഗരാജ് തന്റെ സഹോദരന്റെ ഫോണ്‍ നമ്പര്‍ ആശുപത്രി അധികൃതര്‍ക്ക് നല്‍കി.
അമ്മ ദുഗ്ഗമ്മ,സഹോദരങ്ങളായ അന്‍മക്ക, വെങ്കിടേഷ്, മറ്റു രണ്ട് ബന്ധുക്കള്‍ എന്നിവരാണ് നാഗരാജിനെ തേടിയെത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെ നാഗരാജിനെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടില്‍ ഭാര്യ മഞ്ജുളയും പത്ത് മാസം പ്രായമുള്ള മകള്‍ ലാവണ്യയും കാത്തിരിക്കുന്നതിന്റെ സന്തോഷം നെഞ്ചിലേറ്റിയാണ് നാഗരാജ് യാത്രയായത്.


More Citizen News - Thiruvananthapuram