മലയോര മേഖലയില്‍ ക്ഷേത്രങ്ങളില്‍ പിതൃതര്‍പ്പണത്തിന് സൗകര്യങ്ങള്‍

Posted on: 13 Aug 2015വെള്ളറട: മലയോര മേഖലയിലെ വിവിധക്ഷേത്രങ്ങളില്‍ കര്‍ക്കടകവാവ് പിതൃതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. ഒറ്റശേഖരമംഗലം ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ വലിയ നടപന്തലില്‍ ഒരേസമയത്ത് ആയിരത്തോളം പേര്‍ക്ക് ബലികര്‍മം ചെയ്യാനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കി. 14ന് പുലര്‍ച്ചെ നാല് മുതല്‍ ആരംഭിക്കുന്ന പിതൃതര്‍പ്പണത്തിന് ചേര്‍ത്തല തൈക്കാട്ട്‌ശ്ശേരി മഠത്തില്‍ അനൂപ്പോറ്റി മുഖ്യകാര്‍മികത്വം വഹിക്കും. കോവില്ലൂര്‍ ശ്രീധര്‍മശാസ്താക്ഷേത്രത്തിന്റെ കീഴില്‍ ത്രിവേണി സംഗമത്തില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ പിതൃതര്‍പ്പണം തുടങ്ങും. അജയ്ശര്‍മ മുഖ്യകാര്‍മികത്വം വഹിക്കും. പെരുങ്കടവിള പഴമല തേവര്‍ക്കാല മഹാദേവര്‍ക്ഷേത്രത്തില്‍ നടക്കുന്ന പിതൃതര്‍പ്പണത്തിന് മേല്‍ശാന്തി സനല്‍സൂര്യ കാര്‍മികത്വം നല്‍കും. പൂവന്‍കടവ് കൈതവിളാകം ശ്രീധര്‍മശാസ്താക്ഷേത്രത്തിലും കുറ്റിയായണിക്കാട് പൊഴിയല്ലൂര്‍ ശ്രീമഹാവിഷ്ണുക്ഷേത്രത്തിലും ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
അരുവിക്കര ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ രാവിലെ ആരംഭിക്കുന്ന പിതൃതര്‍പ്പണത്തിന് തിരുവല്ലം മൈവാടിമഠത്തില്‍ സുരേഷ്‌കുമാര്‍ ഇളയത് മുഖ്യകാര്‍മികത്വം വഹിക്കും. ക്ഷേത്രക്കടവില്‍ 10ഓളം തന്ത്രിമാരും നേതൃത്വം നല്‍കും. അന്നേദിവസം തിലഹോമവും ഉണ്ടായിരിക്കും.

More Citizen News - Thiruvananthapuram