കരിമഠത്തെ വികസനങ്ങള്‍ ചെങ്കല്‍ച്ചൂളക്കാര്‍ മാതൃകയാക്കണം: മുഖ്യമന്ത്രി

Posted on: 13 Aug 2015
തിരുവനന്തപുരം: കരിമഠം കോളനിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചെങ്കല്‍ച്ചൂളക്കാര്‍ മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കരിമഠം കോളനി ഭവന സമുച്ചയ പദ്ധതിയുടെ തറക്കല്ലിടല്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കരിമഠത്ത് നടപ്പാക്കുന്നതുപോലെ ചെങ്കല്‍ച്ചൂളയിലും ഭവന നിര്‍മാണ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിരുന്നു. എന്നാല്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പു മൂലം നടപ്പായില്ല. കരിമഠത്തെ വികസനങ്ങള്‍ കാണുമ്പോള്‍ ചെങ്കല്‍ച്ചൂളയിലെ എതിര്‍പ്പും ഇല്ലാതാകും.

മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനായി. മന്ത്രി വി.എസ്.ശിവകുമാര്‍, സംസ്ഥാന ദാരിദ്ര്യനിര്‍മാര്‍ജന മിഷന്‍ മെമ്പര്‍ സെക്രട്ടറി കെ.ബി. വത്സലകുമാരി, പി.എസ്. നായര്‍, ചാല മോഹനന്‍, കെ.ബി. നന്ദകുമാര്‍, അഡ്വ.എസ്.എ. സുന്ദര്‍, ദിലീപ്, കരമന അജിത്, ശോഭിത, ചാല നാസര്‍ എന്നിവര്‍ സംസാരിച്ചു.

കരിമഠം കോളനിയില്‍ 35 വര്‍ഷം മുമ്പ് ഹൗസിങ് ബോര്‍ഡ് നിര്‍മിച്ച് നല്‍കിയ കെട്ടിടസമുച്ചയത്തില്‍ കഴിയുന്ന 72 കുടുംബങ്ങള്‍ക്കാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ദേശീയനഗര ഉപജീവനോപാധി ദൗത്യത്തില്‍ ഉള്‍പ്പെടുത്തി ഏഴുകോടി രൂപയ്ക്കാണ് കെട്ടിടം നിര്‍മിക്കുന്നത്. ആറു ബ്ലോക്കുകളിലായി 72 വീടുകള്‍ ഉണ്ടാകും. ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡിനാണ് നിര്‍മ്മാണച്ചുമതല.

More Citizen News - Thiruvananthapuram