കുളത്തൂര്‍ ഗവ.വി.ആന്‍ഡ് എച്ച്.എസ്.എസ്സിന്റെ 150-ാം വാര്‍ഷിക ആഘോഷങ്ങള്‍ തുടങ്ങി

Posted on: 13 Aug 2015നെയ്യാറ്റിന്‍കര: പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കുളത്തൂര്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 150-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് തുടക്കമായത്.

പൊതു വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കൊഴിഞ്ഞുപോക്ക് സ്ഥിരമാകുമ്പോഴും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതരത്തില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കുളത്തൂര്‍ സ്‌കൂളിലെ അധ്യാപകര്‍ക്കായെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പകല്‍സമയങ്ങളില്‍ സ്‌കൂളിന് മുന്നില്‍ പോലീസിന്റെ സേവനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

150-ാം വാര്‍ഷിക സ്മാരകമായി നിര്‍മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനവും മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. ആര്‍. സെല്‍വരാജ് എം.എല്‍.എ. അധ്യക്ഷനായി. എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. എസ്. രവീന്ദ്രന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തി. 1.6 കോടി രൂപ ചെലവിട്ടാണ് പുതിയ മന്ദിരം സ്‌കൂളില്‍ നിര്‍മിക്കുന്നത്.

പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. സൈമണ്‍, കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പൊഴിയൂര്‍ ജോണ്‍സണ്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്. അജിത, എസ്. ഉഷാകുമാരി, ബ്ലോക്ക് അംഗം എച്ച്. ദാസ് രാജ്, പ്രഥമാധ്യാപിക പി.എസ്. സുജയകുമാരി, എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ എ.കെ. സുരേഷ്‌കുമാര്‍, വി.എച്ച്.എസ്. പ്രിന്‍സിപ്പല്‍ കെ.എം. ബാലകൃഷ്ണ, എല്‍.പി.എസ്. പ്രഥമാധ്യാപിക ബി.എസ്. വിജില തുടങ്ങിയവര്‍ പ്രസംഗിച്ചു.

1865ല്‍ സ്ഥാപിച്ച മലയാളം മീഡിയം പള്ളിക്കൂടമാണ് പില്‍ക്കാലത്ത് കുളത്തൂര്‍ ഗവ. വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളായത്. ഈ സ്‌കൂള്‍ കാമ്പസില്‍ പ്രീ പ്രൈമറി, എല്‍.പി, യു.പി, എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ എച്ച്.എസ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവ പ്രവര്‍ത്തിക്കുന്നു. മലയാളം, ഇംഗ്ലീഷ് മീഡിയത്തിലാണ് സ്‌കൂളില്‍ പഠനം നടത്തുന്നത്.

More Citizen News - Thiruvananthapuram