ഇന്റര്‍സിറ്റി എക്‌സ്​പ്രസില്‍ പുക ഉയര്‍ന്നു: യാത്രക്കാര്‍ പരിഭ്രാന്തരായി

Posted on: 13 Aug 2015തിരുവനന്തപുരം: ബ്രേക്ക് തകരാറിനെ തുടര്‍ന്ന് ഇന്റര്‍സിറ്റി എക്‌സ്​പ്രസിന്റെ ചക്രങ്ങള്‍ക്കിടയില്‍ നിന്നും പുക ഉയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ഗുരുവായൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്​പ്രസിന് കണിയാപുരത്തിനും കഴക്കൂട്ടത്തിനും ഇടയ്ക്ക് വച്ചാണ് തകരാര്‍ സംഭവിച്ചത്.
പുക കണ്ടപ്പോള്‍ കോച്ചിന് തീ പടര്‍ന്നതാണെന്ന് കരുതി യാത്രക്കാര്‍ ബഹളമുണ്ടാക്കി. തീവണ്ടിക്ക് പിന്നിലെ ഡി.വണ്‍ കോച്ചിന്റെ ബ്രേക്ക് ജാമായതാണ് കുഴപ്പമുണ്ടാക്കിയത്. തീപ്പിടിത്തമാണെന്ന് ഭയന്ന യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് വണ്ടി നിര്‍ത്താന്‍ ശ്രമിച്ചു. തീവണ്ടി നിര്‍ത്തുന്നതിന് മുമ്പേ ചിലര്‍ പുറത്തേയ്ക്ക് ചാടി. ഗാര്‍ഡെത്തി ബ്രേക്ക് റിലീസ് ചെയ്തശേഷമാണ് തീവണ്ടി പുറപ്പെട്ടത്. തീവണ്ടി പതിനഞ്ച് മിനിട്ടോളം വൈകി. പുറത്തിറങ്ങിയ യാത്രക്കാര്‍ എതിര്‍വശത്തെ ട്രാക്കിലേക്ക് കയറിനിന്നതും അപകടഭീതി ഉയര്‍ത്തി. ഈ സമയം തിരുവനന്തപുരത്ത് നിന്നുള്ള നേത്രാവതി എക്‌സ്​പ്രസ് ഈ ട്രാക്കിലൂടെ വരുന്നുണ്ടായിരുന്നു. തീവണ്ടിയില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാരാണ് അപകടം തിരിച്ചറിഞ്ഞ് യാത്രക്കാരെ ട്രാക്കില്‍നിന്ന് മാറ്റിയത്.
ഇതിന് തൊട്ടുമുമ്പ് മുരുക്കുംപുഴയില്‍ വച്ച് ഇന്റര്‍സിറ്റി എക്‌സ്​പ്രസില്‍ നിന്ന് ഒരു യാത്രക്കാരന്‍ തെറിച്ച് പുറത്തേയ്ക്ക് വീണിരുന്നു. വാതിലിനടുത്ത് മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നയാളാണ് പുറത്തേയ്ക്ക് വീണത്. സഹയാത്രികര്‍ അപായചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി. അപകടവിവരം പോലീസിന് കൈമാറിയശേഷം തീവണ്ടി നീങ്ങി. ഇതിനുശേഷമാണ് ബ്രേക്ക് തകരാറുണ്ടായത്.

More Citizen News - Thiruvananthapuram