കിടത്തിച്ചികിത്സയ്‌ക്കൊരുങ്ങി പോത്തന്‍കോട് ആയുര്‍വേദ ആശുപത്രി

Posted on: 12 Aug 2015പോത്തന്‍കോട്: പോത്തന്‍കോട് ഗ്രാമപ്പഞ്ചായത്തില്‍ കരൂര്‍ വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ആയുര്‍വേദ ഡിസ്‌പെന്‍സറി കിടത്തിച്ചികിത്സ തുടങ്ങി ആശുപത്രിയാകുന്നു. പത്ത് കിടക്കകളായാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. കിടത്തിച്ചികിത്സയുടെ ഉദ്ഘാടനം വ്യാഴാഴ്ച പാലോട് രവി എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിക്കും. ഡോ. എ.സമ്പത്ത് എം.പി. മുഖ്യപ്രഭാഷണം നടത്തും. ആയുര്‍വേദ ഡിസ്‌പെന്‍സറിയായി 1971 മാര്‍ച്ച് മാസം 28-ാം തീയതി പ്രവര്‍ത്തനം തുടങ്ങി 44 വര്‍ഷം കഴിഞ്ഞപ്പോഴാണ് നാട്ടുകാര്‍ 'കഷായ ആശുപത്രി'യെന്ന് വിളിക്കുന്ന ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുര്‍വേദ ആശുപത്രിയായി അപ്‌ഗ്രേഡ് ചെയ്തത്. 2000 മുതല്‍ മാറി മാറി വന്ന പഞ്ചായത്ത് കമ്മിറ്റികള്‍ ആയുര്‍വേദ ആശുപത്രിയായി ഉയര്‍ത്തുന്നതിനും കിടത്തി ചികിത്സക്കുമായി സര്‍ക്കാരിന് അപേക്ഷകള്‍ സമര്‍പ്പിച്ചതിന്റെ ഫലമായാണ് ഇത് യാഥാര്‍ഥ്യമായതെന്ന് കരൂര്‍ വാര്‍ഡ് മെമ്പറും പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എം.ബാലമുരളി പറഞ്ഞു. 2006-ല്‍ കേരള പിറവി സുവര്‍ണ ജൂബിലി സ്മാരകമായാണ് ആയുര്‍വേദ ഡിസ്‌പെന്‍സറി പുതിയ കെട്ടിടം നിര്‍മിച്ചത്. 2003-ല്‍ അന്നത്തെ എം.പി. ആയിരുന്ന വര്‍ക്കല രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് കെട്ടിടം നിര്‍മിക്കുന്നതിനുള്ള ഫണ്ട് ലഭ്യമായത്. ആശുപത്രിയിലേക്കായി രണ്ട് നഴ്‌സ്, ഒരു നഴ്‌സിങ് അസിസ്റ്റന്റ്, കുക്ക്, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ തസ്തികകളിലായി പോസ്റ്റിങ്ങിനുള്ള അനുവാദം ലഭിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.കെ.മിനി പറഞ്ഞു.

More Citizen News - Thiruvananthapuram