കാര്‍ കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്ക്

Posted on: 12 Aug 2015വര്‍ക്കല: മൈതാനത്ത് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേര്‍ക്ക് പരിക്കേറ്റു. കടയുടെ മുന്‍ഭാഗത്ത് നില്‍ക്കുകയായിരുന്ന താഴെവെട്ടൂര്‍ സ്വദേശി സജീവ് (45), മാവിന്‍മൂട് സ്വദേശി സുഗതന് !(62), വര്‍ക്കല സ്വദേശി സത്യശീലന് !(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ വര്‍ക്കല സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തായിരുന്നു അപകടം. വര്‍ക്കല ടൗണില്‍ നിന്ന് പുത്തന്‍ചന്ത ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ രജിസ്ട്രാര്‍ ഓഫീസിന് മുന്നിലെ ചന്ദ്രന്‍ എന്നയാളുടെ പെട്ടിക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കടയുടെ ഒരു ഭാഗം തകര്‍ത്ത കാര്‍ അതിന് മുന്നില്‍ നിന്നവരെ ഇടിച്ചുതെറിപ്പിച്ചു. സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാര്‍ നിന്നത്. സമീപത്തുണ്ടായിരുന്ന ചിലര്‍ക്ക് ചെറിയ തോതില്‍ വൈദ്യുതാഘാതവുമേറ്റു. കാറും കാറിലുണ്ടായിരുന്ന തച്ചോട് സ്വദേശികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പോസ്റ്റിന് കേട് സംഭവിച്ചതിനെത്തുടര്‍ന്ന് ഒരു മണിക്കൂറോളം വര്‍ക്കല ടൗണില്‍ വൈദ്യുതി മുടങ്ങി.

More Citizen News - Thiruvananthapuram