കര്‍ക്കടകവാവുബലിക്ക് പാപനാശം ഒരുങ്ങുന്നു

Posted on: 12 Aug 2015വര്‍ക്കല: കര്‍ക്കടകവാവുബലി ദിവസം പതിനായിരങ്ങള്‍ പിതൃതര്‍പ്പണത്തിനെത്തുന്ന വര്‍ക്കല പാപനാശത്ത് അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. 14ന് പുലര്‍ച്ചെ 3നാണ് വാവ് ആരംഭിക്കുന്നത്. അന്ന് രാത്രി 8 വരെ നീണ്ടുനില്ക്കും. ഒരുദിവസം മുഴുവന്‍ ബലിതര്‍പ്പണത്തിന് സൗകര്യമുണ്ട്.
പാപനാശത്തെ ബലിമണ്ഡപത്തിലും ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കും. നൂറുപേര്‍ക്ക് ബലിമണ്ഡപത്തിനകത്ത് ഒരേസമയം ബലിതര്‍പ്പണം നടത്താം. ബലിമണ്ഡപത്തിന് സമീപം പ്രത്യേക പന്തല്‍ നിര്‍മ്മിച്ച് കൂടുതല്‍ പേര്‍ക്ക് സൗകര്യമേര്‍പ്പെടുത്തും. ഭക്തര്‍ക്ക് ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍ വഴിപാട് നടത്തുന്നതിനായി പാപനാശത്ത് കൗണ്ടര്‍ തുറക്കും. തിലഹവനത്തിനും പ്രസാദവിതരണത്തിനുമായി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ പ്രത്യേക കൗണ്ടര്‍ സജ്ജമാക്കുന്നുണ്ട്.
ബലിപൂജകള്‍ നടത്തുന്ന പുരോഹിതന്മാര്‍ക്കുള്ള ലൈസന്‍സ് കാര്‍ഡ് ജനാര്‍ദ്ദനസ്വാമി ക്ഷേത്രം ഓഫീസില്‍നിന്ന് വിതരണംചെയ്തുതുടങ്ങി. 50 രൂപയില്‍ കൂടുതല്‍ ദക്ഷണ വാങ്ങാന്‍ പാടില്ല, മൂന്ന് സഹായികള്‍ മാത്രമേ പാടുള്ളൂ, ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും ധരിക്കണം തുടങ്ങിയുള്ള നിര്‍ദ്ദേശങ്ങള്‍ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവ ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. ഒരു വര്‍ഷ കാലാവധിയുള്ള ലൈസന്‍സിന് 5000 രൂപയാണ് ഫീസ്.
നവീകരണത്തിന്റെ ഭാഗമായി ചക്രതീര്‍ത്ഥക്കുളം വറ്റിച്ചതിനാല്‍ ബലിതര്‍പ്പണത്തിന് ശേഷം കുളത്തില്‍ മുങ്ങിക്കുളിച്ച് ശുദ്ധിവരുത്തി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. പാത്രക്കുളം നവീകരിച്ചെങ്കിലും തര്‍പ്പണത്തിനെത്തുന്ന പതിനായിരങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ചക്രതീര്‍ത്ഥക്കുളത്തിന് സമീപമായി ടാങ്ക്, ഷവര്‍ എന്നിവ സ്ഥാപിക്കുന്നുണ്ട്. പിതൃതര്‍പ്പണത്തിന് ശേഷം ഓവില്‍ പോയി കുളിക്കുന്നതിന് തിര തടസ്സമാകും. ബലിതര്‍പ്പണം നടത്തുന്നവരുടെ സുരക്ഷയ്ക്കായി പാപനാശത്ത് കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയോഗിക്കുന്നുണ്ട്.
പാപനാശത്തും ക്ഷേത്രത്തിന് സമീപത്തും പന്തലുകളും കൗണ്ടറുകളും നിര്‍മ്മിക്കുന്ന ജോലി നടന്നുവരികയാണ്. ക്ഷേത്രക്കുളത്തിന് സമീപത്തെയും കടല്‍ത്തീരത്തേക്കുള്ള വഴിയിലെയും കാടും പടര്‍പ്പുമെല്ലാം വെട്ടിമാറ്റി വൃത്തിയാക്കി വരുന്നു. കിളിത്തട്ടുമുക്ക് മുതല്‍ പാപനാശം വരെ റോഡില്‍ പുതുതായി ട്യൂബ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. താല്ക്കാലിക ടോയ്‌ലറ്റുകളും സ്ഥാപിക്കുന്നുണ്ട്. കര്‍ക്കടകവാവിനോടനുബന്ധിച്ച് ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുന്നതായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷീല പറഞ്ഞു.

More Citizen News - Thiruvananthapuram