പൈപ്പുകള്‍ ജനവാസകേന്ദ്രങ്ങളില്‍ കൂടിയാകണം - പഞ്ചായത്ത് പ്രസിഡന്റ്‌

Posted on: 12 Aug 2015കിളിമാനൂര്‍: പഴയകുന്നുമ്മേല്‍, കിളിമാനൂര്‍, മടവൂര്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ പണികള്‍ അന്തിമഘട്ടത്തിലാണെന്നും വരുന്ന മാര്‍ച്ച് മാസത്തില്‍ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബി.സത്യന്‍ എം.എല്‍.എ. പറഞ്ഞു. കിളിമാനൂരിലെ കുടിവെള്ള ക്ഷാമത്തെക്കുറിച്ചുള്ള 'കിളിമാനൂരിന് ദാഹിക്കുന്നു' എന്ന മാതൃഭൂമി പരമ്പരയോട് പ്രതികരിക്കുകയായിരുന്നു എം.എല്‍.എ.
കാരേറ്റ് പമ്പ് ഹൗസ്, കിണര്‍, കെ.എസ്.ടി.പി. റോഡില്‍ കൂടിയുള്ള ജലവിതരണ പൈപ്പുകള്‍ എന്നിവയുടെ പണികള്‍ 90 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. തട്ടത്തുമലയില്‍ റോഡിന് കുറുകെ പൈപ്പിടുന്നതിന് പുതിയ ടെന്‍ഡര്‍ വിളിക്കും. ഏത്രയും വേഗത്തില്‍ പണി പൂര്‍ത്തിയാക്കി കിളിമാനൂര്‍ മേഖലയ്ക്ക് അഭിമാനിക്കത്തക്ക പദ്ധതിയായി ഇതിനെ മാറ്റുമെന്നും എം.എല്‍.എ. പറഞ്ഞു.

കിളിമാനൂര്‍:
കിളിമാനൂര്‍ സമഗ്ര കുടിവെള്ള പദ്ധതിക്ക് വേണ്ടി നിലവില്‍ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സര്‍വ്വേ പ്രകാരമാണെന്നും, പകരം ജനവാസ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പുതിയ പൈപ്പുകള്‍ സ്ഥാപിക്കണമെന്നും കിളിമാനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രിന്‍സ് പറഞ്ഞു. കിളിമാനൂരില്‍ ഏറ്റവും കൂടുതല്‍ വരള്‍ച്ച അനുഭവപ്പെടുന്ന മുളയ്ക്കലത്ത്കാവ്, തോപ്പില്‍ പ്രദേശങ്ങളില്‍ ഈ കുടിവെള്ള പദ്ധതിയുടെ പൈപ്പിട്ടിട്ടില്ല. ഈ പ്രദേശങ്ങളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പൈപ്പിടല്‍ നടന്ന സ്ഥലങ്ങളിലെ കുഴികള്‍ യഥാവിധി മൂടാത്തത് കാരണം നിരവധി അപകടങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും ഇതിന് കരാറുകാര്‍ പരിഹാരം കണ്ടെത്തണമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

More Citizen News - Thiruvananthapuram