അമ്മയിനി വരില്ല; പ്രതീക്ഷകള്‍ നശിച്ച് സൗമ്യയും രമ്യയും

Posted on: 12 Aug 2015ആറ്റിങ്ങല്‍: വാറുവിളാകം കോളനിയിലെ ചെറിയവീട്ടില്‍ കൂട്ടിനമ്മയില്ലാതെ സൗമ്യയും രമ്യയും ഒറ്റയ്ക്കായി. അച്ഛന്‍ നേരത്തെ മരിച്ചതിനാല്‍ അമ്മയായിരുന്നു ഇവരുടെ ആശ്രയം. തിങ്കളാഴ്ചത്തെ അപകടത്തില്‍ അമ്മയും നഷ്ടമായി. മുന്നോട്ടുള്ള ജീവിതത്തിനുമേല്‍ ഇരുട്ട് വീഴുന്നത് നോക്കി നിശ്ശബ്ദരാവുകയാണീ കുട്ടികള്‍.
തിങ്കളാഴ്ച രാവിലെ ആറ്റിങ്ങല്‍ പൊയ്കമുക്ക് പാറയടിയിലെ ക്വാറിയുടെ മുകളില്‍ നിന്ന് അടര്‍ന്ന് വീണ പാറയ്ക്കടിയില്‍പ്പെട്ട് മരിച്ച പൊയ്കമുക്ക് വാറുവിള കോളനി വാറുവിളവീട്ടില്‍ ശങ്കരിയുടെ(46) മക്കളാണ് സൗമ്യയും(23), രമ്യയും(20).
ശങ്കരിയുടെ ഭര്‍ത്താവ് മണികണ്ഠന്‍ അഞ്ച് കൊല്ലം മുമ്പാണ് മരിച്ചത്. വാറുവിള കോളനിയിലെ നാലുസെന്റാണ് ഈ കുടുംബത്തിന്റെ ആകെ സ്വത്ത്. രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്തില്‍ നിന്നും വീടനുവദിച്ചു. കിട്ടിയ തുകയും കിട്ടാവുന്നിടത്തുനിന്നൊക്കെ കടവും വാങ്ങി ശങ്കരി ചെറിയൊരു വീടുണ്ടാക്കി. പെണ്‍മക്കളുടെ വിവാഹം എങ്ങനെ നടത്തുമെന്ന സങ്കടവും ഈ അമ്മ മനസ്സില്‍ നിറഞ്ഞിരുന്നു. ജോലിയില്ലാത്ത ദിവസങ്ങളില്‍ കടം വാങ്ങിക്കൊണ്ടു വന്നും മക്കളുടെ വിശപ്പടക്കാന്‍ ശങ്കരി ശ്രദ്ധിച്ചിരുന്നു.
പഠിക്കാന്‍ മോശമല്ലാതിരുന്നിട്ടും കഷ്ടപ്പാടുകള്‍ നിമിത്തം സൗമ്യ പ്ലസ് ടുവില്‍ പഠനം നിര്‍ത്തി. ആറ്റിങ്ങല്‍ വലിയകുന്നിലുള്ള വൈദ്യശാലയില്‍ സഹായിയായി പോയി കിട്ടുന്ന തുക കൂടി അമ്മയ്ക്ക് നല്‍കി. രമ്യ പ്ലസ് ടു കഴിഞ്ഞ് പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിങ് പൂര്‍ത്തിയാക്കി.
അടുത്ത വീടുകളില്‍ ബന്ധുക്കള്‍ താമസിക്കുന്നുണ്ടെങ്കിലും സ്വന്തം വീട്ടുകാര്യങ്ങള്‍ നടത്താന്‍ കൂടി കഷ്ടപ്പെടുന്നവരാണവര്‍. കൂലിപ്പണിക്കാരായ അവര്‍ക്ക് ഇവരെക്കൂടി രക്ഷിക്കാനാവാത്ത സ്ഥിതിയാണ്.
കൊടുത്തുതീര്‍ക്കാനുള്ള ലക്ഷത്തിലധികം രൂപയുടെ കടം. തുടര്‍ന്നുള്ള ജീവിതം എങ്ങനൈയന്നറിയാതെ കുഴങ്ങുകയാണിവര്‍.

More Citizen News - Thiruvananthapuram