വീട്ടിലെ കഞ്ചാവ് കൃഷി: പ്രതി റിമാന്‍ഡില്‍

Posted on: 12 Aug 2015വെള്ളറട: വീടിന്റെ സണ്‍ഷെയ്ഡിന്റെ മുകളില്‍ കഞ്ചാവ് കൃഷി ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി. ആര്യങ്കോട് മൂന്നാറ്റിന്‍മുക്ക് രതീഷ്ഭവനില്‍ രമേശ്കുമാര്‍ (27) ആണ് റിമാന്‍ഡിലായത്. ആര്യങ്കോട് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ തിങ്കളാഴ്ച വൈകീട്ടാണ് രമേശിനെ പിടികൂടിയത്. ഇയാളുടെ വീടിന്റെ സണ്‍ഷെയ്ഡിന് മുകളില്‍ കൃഷി ചെയ്ത രണ്ട് മാസം പ്രായമുള്ള 11 കഞ്ചാവ് ചെടികളും കഞ്ചാവ് വലിക്കാന്‍ സജ്ജമാക്കിയ പ്ലൂസ്റ്റിക് കുപ്പികളും പോലീസ് കണ്ടെത്തിയിരുന്നു.
കഞ്ചാവ് സ്ഥിരമായി ഉപയോഗിച്ചിരുന്ന രമേശ്, വലിക്കാന്‍ വാങ്ങിയ കഞ്ചാവിന്റെ വിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്തതെന്നും പോലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് കഞ്ചാവ് ലഭിച്ചിരുന്നതെന്നും ഇടനിലക്കാരനെക്കുറിച്ചുള്ള യാതൊരു വിവരവും അറിയില്ലെന്നും രമേശ് മൊഴിനല്‍കി. ഇടയ്ക്കിടെ സുഹൃത്തുക്കളെ വീട്ടില്‍ വിളിച്ചിരുത്തി ഇയാള്‍ കഞ്ചാവ് വലിക്കാന്‍ നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. മലയോരമേഖലയില്‍ വ്യാപകമാകുന്ന കഞ്ചാവ് വിതരണത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും ആര്യങ്കോട് എസ്.ഐ. നിയാസ് അറിയിച്ചു.

More Citizen News - Thiruvananthapuram