കൈയേറ്റമൊഴിപ്പിക്കല്‍ ഉത്തരവ് ഉടനുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം

Posted on: 12 Aug 2015ഓപ്പറേഷന്‍ അനന്ത


തിരുവനന്തപുരം:
കോട്ടയ്ക്കകത്ത് തെക്കനംകര കനാലിന് മുകളിലുള്ള കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവുടനുണ്ടാകുമെന്ന് ജില്ലാഭരണകൂടം. ഇതിന്റെ മുന്നോടിയായുള്ള ഹിയറിങ് ചൊവ്വാഴ്ചയും നടന്നു. ബുധനാഴ്ച വൈകീട്ട് അവസാനവട്ട ഹിയറിങ് നടക്കും. അതേസമയം കൈയേറ്റമൊഴിപ്പിക്കുന്നതിന്റെ ഭാഗമായി കെട്ടിടം പൊളിച്ചുമാറ്റണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
കെട്ടിടം പുറമ്പോക്കിലല്ലെന്നാണ് രാജധാനിബില്‍ഡിങ്‌സ് ഉടമ ബിജുരമേശിന്റെ പ്രതിനിധികള്‍ റവന്യൂ ഉദ്യോഗസ്ഥരോട് വിശദീകരിച്ചത്. കെട്ടിടമുടമയുടെ വാദവും വിശദീകരണവും കേള്‍ക്കാന്‍ ഒരു ദിവസം കൂടി നല്‍കിയിട്ടുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ബുധനാഴ്ച വൈകീട്ട് നാലിനാണ് എ.ഡി.എമ്മിന് മുമ്പാകെ ഹിയറിങ്ങിന് സമയം നല്‍കിയിരിക്കുന്നത്. ഹിയറിങ്ങിന് ശേഷം നാല് ദിവസത്തിനകം ഉത്തരവുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കരിമഠം കുളത്തില്‍ നിന്ന് ശ്രീവരാഹത്തേക്ക് പോകുന്ന തെക്കനംകര കനാല്‍ കൈയേറിയതായി ഓപ്പറേഷന്‍ അനന്ത ടീം കണ്ടെത്തിയിരുന്നു. കൈയേറിയ ഭാഗം ദുരന്തനിവാരണനിയമം അനുസരിച്ച് പൊളിച്ചുമാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കെട്ടിടമുടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കെട്ടിടമുടമയുടെ സാന്നിധ്യത്തില്‍ മാത്രമേ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്താവൂവെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ദീര്‍ഘവീക്ഷണത്തോടെ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതികളുമായാണ് ഓപ്പറേഷന്‍ അനന്ത നീങ്ങുന്നതെന്ന് ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍ പറഞ്ഞു.

More Citizen News - Thiruvananthapuram