സംഗീതകോളേജ് അധ്യാപക നിയമനം: പ്രായപരിധി ഉയര്‍ത്താതെ വിവേചനം

Posted on: 12 Aug 2015തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള അധ്യാപകനിയമനത്തില്‍ വിവേചനമെന്ന് പരാതി. സംഗീത കോളേജുകള്‍ക്കും മറ്റുള്ള കോളേജുകള്‍ക്കും വ്യത്യസ്ത സ്‌പെഷല്‍ റൂളുകള്‍ നിലനിര്‍ത്തുന്നതാണ് വിവേചനത്തിന് കാരണം. സംഗീതകോളേജുകളില്‍ അധ്യാപകതസ്തികയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 22-36ഉം മറ്റ് കോളേജുകളില്‍ 22-40ഉം ആണ്. സംഗീതകോളേജുകളില്‍ വോക്കല്‍ ലക്ചറര്‍, മൃദംഗം ലക്ചറര്‍ തസ്തികകളിലേക്ക് കഴിഞ്ഞ മാസം പി.എസ്.സി. വിജ്ഞാപനം ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 19 ആണ്.
രണ്ടിനുംകൂടി 15 ഒഴിവുകളാണുള്ളത്. വോക്കലിന് 13ഉം മൃദംഗത്തിന് രണ്ടും. ഉദ്യോഗാര്‍ത്ഥികള്‍ 22നും 36നും ഇടയ്ക്ക് പ്രായമുള്ളവരാകണം. മറ്റ് കോളേജുകളിലെ അധ്യാപക നിയമനങ്ങള്‍ക്ക് 40 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാമെന്നിരിക്കെയാണ് സംഗീതകോളേജുകളിലേക്ക് മാത്രം കുറഞ്ഞ പ്രായപരിധി നിലനിര്‍ത്തിയിരിക്കുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് സംഗീതകോളേജുകളില്‍ അധ്യാപകനിയമനത്തിന് വിജ്ഞാപനം വരുന്നത്. അതിനാല്‍ പ്രായപരിധി കഴിഞ്ഞതുകൊണ്ട് മാത്രം നിരവധിപ്പേര്‍ക്ക് ഈ തസ്തികയിലേക്ക് ഒരിക്കല്‍പ്പോലും അപേക്ഷിക്കാനാകാത്ത സ്ഥിതിയാണ്. മറ്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലേക്ക് ഇത്രയും കാലതാമസമില്ലാതെ വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്.

More Citizen News - Thiruvananthapuram