ചെല്ലഞ്ചി പാലം: കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി

Posted on: 11 Aug 2015പാലോട്: ആറുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചെല്ലഞ്ചിപ്പാലത്തിന് അപ്രോച്ച് റോഡ് പണിയാന്‍ കൃഷിഭൂമി വിട്ടുകൊടുത്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാമെന്നേറ്റ ഒരു കോടി 92 ലക്ഷം രൂപ അനുവദിച്ചു. ആഗസ്ത് നാലിന് ഗവ.സെക്രട്ടറി മുഹമ്മദ് ഹനീഷ് പുറപ്പെടുവിച്ച ഉത്തരവ് മരാമത്ത് ചീഫ് എന്‍ജിനിയര്‍, പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍, ധനകാര്യവകുപ്പ് എന്നിവര്‍ക്ക് കൈമാറിയിട്ടുണ്ട്. കൃഷിഭൂമി വിട്ടുകൊടുത്ത 42 കര്‍ഷക കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് സര്‍ക്കാര്‍ ഉത്തരവ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ചെല്ലഞ്ചിപ്പാലത്തിനായി ഭൂമി ഏറ്റെടുത്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ പാലം പണി ആരംഭിച്ചതോടെ നഷ്ടപരിഹാരം പാഴ്വാക്കായി മാറുകയായിരുന്നു. കൃഷിയും കൃഷിഭൂമിയും നഷ്ടപ്പെട്ട കര്‍ഷകര്‍ ഏറെ നാളായി നഷ്ടപരിഹാരത്തിന് ഓഫീസുകള്‍ കയറി ഇറങ്ങുകയായിരുന്നു. പൊതുമരാമത്ത് ചീഫ് എന്‍ജനിയര്‍ 2009-ല്‍ സമര്‍പ്പിച്ച ശുപാര്‍ശ ഫയലില്‍ പൊടിപിടിച്ച അവസ്ഥയിലായി. ഇതുസംബന്ധിച്ച് സ്ഥലം എം.എല്‍.എ. കോലിയക്കോട് കൃഷ്ണന്‍നായര്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് നഷ്ടപരിഹാര തുക വിതരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നായിരുന്നു റവന്യൂമന്ത്രി അടൂര്‍പ്രകാശിന്റെ ഉറപ്പ്. ജൂണ്‍ പത്തിനാണ് എം.എല്‍.എ. വിഷയം നിയമസഭയില്‍ അവതരിപ്പിച്ചത്. ഒരു മാസം പിന്നിട്ടിട്ടും നടപടികള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ ലോകായുക്തയെ സമീപിച്ചിരുന്നു. ഇതേസമയം, ചെല്ലഞ്ചിപ്പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും നീങ്ങിയതായി റവന്യൂമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കും. 2010 ജൂലായില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ശിലാസ്ഥാപനം നടത്തി പണി ആരംഭിച്ചെങ്കിലും കരാറുകാരുടെ അലംഭാവം നിമിത്തം പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു.
നന്ദിയോട്, പനവൂര്‍, കല്ലറ, പാങ്ങോട്, പെരിങ്ങമ്മല പഞ്ചായത്തുകളുടെ ഒരു നൂറ്റാണ്ടാത്തെ സ്വപ്‌നമാണ് ചെല്ലഞ്ചി പാലം. അഞ്ച് പഞ്ചായത്തുകളിലെയും ഉള്‍പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ ഏക ആശ്രയമാണ് ഈ പാലം. വര്‍ക്കല-പൊന്മുടി വിനോദസഞ്ചാര മേഖലകള്‍ തമ്മില്‍ ബന്ധിപ്പിച്ച് ഇക്കോടൂറിസം സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താനും, കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും ചെല്ലഞ്ചി പാലം ഗണ്യമായ സംഭാവനകള്‍ നല്‍കും
എന്നാല്‍ പണിതുടങ്ങി വര്‍ഷം പത്തുകഴിഞ്ഞിട്ടും പാലം യാഥാര്‍ഥ്യമാകുന്നത് കാണാന്‍ നാട്ടുകാര്‍ക്ക് ഭാഗ്യമില്ല. ചെല്ലഞ്ചിക്കടവില്‍ മുപ്പതോളം കൃഷിക്കാര്‍ വിട്ടുകൊടുത്ത ഭൂമിയിലായിരുന്നു പാലം പണി. സര്‍ക്കാരിന്റെ ഉറപ്പില്‍ ഭൂമി വിട്ടുകൊടുത്തവര്‍ വഴിയാധാരമായി. തങ്ങളുടെ മണ്ണില്‍ പാലം ഉയരുന്നത് കാണാനുള്ള യോഗമില്ലാതെ മരണമടഞ്ഞ ഭൂവുടമകളുമുണ്ട്. വസ്തു ഉടമകള്‍ക്കോ, അവകാശികള്‍ക്കോ ഭൂമിവില നല്‍കുമെന്നും 20 ദിവസത്തിനകം പാലം പണി പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രിയുടെ 'സുതാര്യകേരള'ത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ട് ഏഴു മാസത്തോളമായി. കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത് പുതിയ കരാര്‍ നല്‍കാനുള്ള തീരുമാനത്തിനും അത്രയും തന്നെ പഴക്കമുണ്ട്.
ഏതാനും ആഴ്ചകള്‍ മുമ്പാണ് റീ-ടെന്‍ഡര്‍ ക്ഷണിച്ചത്. എസ്റ്റിമേറ്റ് സംബന്ധിച്ച ആശയക്കുഴപ്പം നിലനില്ക്കുന്ന സാഹചര്യത്തില്‍ കരാറുകാര്‍ മുഖംതിരിച്ച് നില്പാണ്. പാലം പണിയുടെ ഭാഗമായി സ്ഥാപിച്ച ഇരുമ്പ് പാളികളും കമ്പികളും തുരുമ്പെടുത്ത് നശിക്കുന്നു. നിര്‍മാണ സാമഗ്രികളും യന്ത്രങ്ങളും ഉപയോഗശൂന്യമായി. പൊതുമരാമത്ത് മന്ത്രിയുടെ ചേംബറില്‍ സ്ഥലം എം.എല്‍.എ. മുന്‍കൈയെടുത്ത് നിര്‍മാണോദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം വിളിച്ചു ചേര്‍ത്തെങ്കിലും ഫലമുണ്ടായിട്ടില്ല. .

More Citizen News - Thiruvananthapuram