സുരക്ഷകളില്ലാത്തത് അപകടഭീതി ഉയര്‍ത്തുന്നു

Posted on: 11 Aug 2015ചിറയിന്‍കീഴ്: കാഴ്ചയുടെ പുതിയ അനുഭവമാവുകയാണ് പെരുമാതുറ കടല്‍ത്തീരം. കഠിനംകുളം കായലും അറബിക്കടലും സംഗമിക്കുന്ന ഇവിടെ ഇപ്പോള്‍ കാഴ്ചക്കാരുടെ വന്‍ തിരക്കാണ്. എന്നാല്‍, അകലെനിന്നുപോലും സഞ്ചാരികള്‍ തീരംതേടിയെത്തവെ അധികൃതര്‍ ഇനിയും ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകള്‍ തിരിച്ചറിയാനോ അതിനനുസരിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കാനോ സുരക്ഷയൊരുക്കാനോ ശ്രമം തുടങ്ങിയിട്ടില്ല. പെരുമാതുറ പാലത്തിന്റെ വരവാണ് ഈ പ്രദേശത്തിന്റെ മുഖം മാറ്റിയത്. മുതലപ്പൊഴി തുറമുഖനിര്‍മ്മാണവും തുണയായി. പാലം ഇതിനോടകംതന്നെ വലിയ വ്യൂ പോയിന്റായി മാറിക്കഴിഞ്ഞു. മുതലപ്പൊഴി തുറമുഖം പണിഞ്ഞപ്പോള്‍ പെരുമാതുറ ഭാഗത്ത് തീരം വന്‍ തോതില്‍ കൂടി. സമീപത്തെ മറ്റ് ടൂറിസ്റ്റ് കേന്ദങ്ങളെക്കാള്‍ ബീച്ചുള്ള പ്രദേശമായി പെരുമാതുറ മാറിയെന്ന് സഞ്ചാരികള്‍ പറയുന്നു. വൈകുന്നേരങ്ങളിലാണ് സഞ്ചാരികളുടെ പ്രവാഹം.
ഞായറാഴ്ചപോലുള്ള ദിനങ്ങളില്‍ നൂറുകണക്കിന് പേരാണ് വരുന്നത്. പെരുമാതുറ പാലം ഈ മാസം തുറക്കും എന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. പാലം തുറന്നാല്‍ എറണാകുളത്ത് നിന്നുള്‍െപ്പടെ ആള്‍ക്കാര്‍ക്ക് ദേശീയപാത ഒഴിവാക്കി ഇതുവഴി പോകാനാകും. കടലിലിറങ്ങി കുളിക്കുന്നവരെ നിയന്ത്രിക്കാന്‍ പോലീസോ ടൂറിസം അധികൃതരോ ആരുമില്ല. അപായസൂചകങ്ങള്‍ സ്ഥാപിക്കാത്തതും ലൈഫ് ഗാര്‍ഡുകളുടെ സേവനമില്ലാത്തതും അപകടഭീതി ഉയര്‍ത്തുകയാണ്.
ആവശ്യത്തിന് ടോയ്‌ലറ്റ് സംവിധാനമില്ല. സഞ്ചാരികള്‍ക്കായി പാര്‍ക്കും ഫുഡ് കോര്‍ട്ടും വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ചിറയിന്‍കീഴില്‍ കഴിഞ്ഞ ദിവസം വിനോദസഞ്ചാരികള്‍ക്കായി ടൂറിസം ബോട്ട് ക്ലൂബ് തുടങ്ങിയിരുന്നു. പെരുമാതുറയില്‍ സഞ്ചാരികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, പെരുമാതുറയിലും പുതിയ ബോട്ടുകളോ ബോട്ട് ക്ലൂബോ അനുവദിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

More Citizen News - Thiruvananthapuram