വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി

Posted on: 11 Aug 2015വര്‍ക്കല: ന്യൂസിലാന്‍ഡിലേക്ക് വിസ വാഗ്ദാനം ചെയ്ത് 52,000 രൂപ തട്ടിയെടുത്തതായി പരാതി. വര്‍ക്കല ജവഹര്‍ പാര്‍ക്കിന് സമീപം കടയില്‍ വീട്ടില്‍ ചിത്രയാണ് വര്‍ക്കല പോലീസിലും റൂറല്‍ എസ്.പി.ക്കും പരാതി നല്‍കിയത്. ചിത്രയുടെ മകന്‍ വിഷ്ണുവിന് വിസ നല്‍കാമെന്ന് പറഞ്ഞ് നടയറ സ്വദേശിയായ യുവാവും മാതാവും ചേര്‍ന്നാണ് പണം തട്ടിയതെന്ന് പരാതിയില്‍ പറയുന്നു. ഓട്ടോഡ്രൈവറായിരുന്ന വിഷ്ണു ഓട്ടോ വിറ്റാണ് കഴിഞ്ഞ ഫിബ്രവരിയില്‍ വിസയ്ക്ക് അഡ്വാന്‍സായി 52,000 രൂപ നല്‍കിയത്. എന്നാല്‍ വിസ ഇതുവരെ നല്‍കിയില്ല. പണം തിരികെ ചോദിച്ചപ്പോള്‍ ചെക്ക് നല്‍കിയെങ്കിലും ബാങ്കില്‍ കൊടുത്തപ്പോള്‍ മടങ്ങി. വര്‍ക്കല പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ചിത്ര പത്രസമ്മേളനത്തില്‍ ആരോപിച്ചു.

കാട്ടുവിള പമ്പ്ഹൗസിന്റെ പൂട്ടുതകര്‍ത്തു

വര്‍ക്കല: അയന്തി കാട്ടുവിള പമ്പ്ഹൗസിന്റെ പൂട്ട് സാമൂഹികവിരുദ്ധര്‍ തകര്‍ത്തു. പമ്പിന് ശബ്ദവ്യത്യാസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആറ് മണിക്കൂറോളം പമ്പിങ് മുടങ്ങി. തിങ്കളാഴ്ച രാവിലെയാണ് പമ്പ്ഹൗസിന്റെ പൂട്ട് തകര്‍ത്ത ആരോ അകത്തു കയറിയ നിലയില്‍ കണ്ടത്. മോഷണം നടന്നിട്ടില്ല. ഉദ്യോഗസ്ഥരെത്തി പമ്പ് പരിശോധിച്ചതിന് ശേഷമാണ് പമ്പിങ് പുനരാരംഭിച്ചത്. പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് സ്ഥലെത്തത്തി പരിശോധന നടത്തി.

ചികിത്സാസഹായം നല്‍കി

വര്‍ക്കല: രണ്ട് വൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയനായി കഴിയുന്ന നിര്‍ധന വിദ്യാര്‍ഥിക്ക് ശിവഗിരി എസ്.എന്‍.സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളും ജീവനക്കാരും ചേര്‍ന്ന് ഒരു ലക്ഷം രൂപ സമാഹരിച്ച് നല്‍കി. വര്‍ക്കല ബിന്ദു വിലാസത്തില്‍ ബിച്ചു ബി.കുമാറിനാണ് സ്‌കൂള്‍ നടത്തിവരുന്ന സാമൂഹികസേവനത്തിന്റെ ഭാഗമായി സഹായം നല്‍കിയത്. സ്‌കൂള്‍ അങ്കണത്തില്‍ കുട്ടിയുടെ മാതാവിന് സ്‌കൂള്‍ മാനേജരും ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് സെക്രട്ടറിയുമായ സ്വാമി ഋതംഭരാനന്ദ തുക കൈമാറി.

ശിവഗിരി എസ്.എന്‍.കോേളജ് പൂര്‍വ വിദ്യാര്‍ഥി സംഗമം

വര്‍ക്കല:
ശിവഗിരി എസ്.എന്‍.കോളേജ് മാത്തമാറ്റിക്‌സ് വിഭാഗം പൂര്‍വ വിദ്യാര്‍ഥി സംഗമവും ഗുരുവന്ദനവും പൂര്‍വാധ്യാപിക പ്രൊഫ. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍.രവീന്ദ്രന്‍ ആധ്യക്ഷ്യം വഹിച്ചു. കെ.എം.ലാജി, പ്രൊഫ. എസ്.ഗീത, ജയറാം, സുജ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram