സാഹചര്യങ്ങള്‍ക്ക് അനുസൃതമായ മാറ്റം ആദ്യംവേണ്ടത് വിദ്യാഭ്യാസത്തില്‍-ഗവര്‍ണര്‍

Posted on: 11 Aug 2015കല്ലമ്പലം: സാഹചര്യങ്ങള്‍ക്കനുസൃതമായ മാറ്റങ്ങള്‍ ഏറ്റവും ആദ്യമുണ്ടാകേണ്ടത് വിദ്യാഭ്യാസത്തിലാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ഞെക്കാട് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രൈമറി വിദ്യാഭ്യാസത്തിലെ അടിത്തറയാണ് രാജ്യത്തിന്റെ ഉയര്‍ച്ച നിര്‍ണയിക്കുന്ന പ്രധാന ഘടകം. വിദ്യാഭ്യാസം മേന്മയില്ലാത്തതാണെങ്കില്‍ വിദ്യാര്‍ത്ഥിയുടെ ഭാവിജീവിതം, കുടുംബം, രാജ്യം എന്നിവയെ ബാധിക്കും. ഇന്ന് ശാസ്ത്രം അതിവേഗം വളരുന്നു. അതിനൊപ്പം ഗാന്ധിജി വിഭാവനം ചെയ്ത മാനവികമൂല്യങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കിയാലേ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയൂ. അറിവിന്റെ ദേവാലയമായ വിദ്യാലയത്തിന്റെ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ എം.പി., എം.എല്‍.എ എന്നിവരുടെ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബി.സത്യന്‍ എം.എല്‍.എ. ആധ്യക്ഷ്യം വഹിച്ചു. വര്‍ക്കല കഹാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ, ഒറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.ലിജ, വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ വി.മായ, പ്രഥമാധ്യാപിക എസ്.പ്രഭ, പി.ടി.എ. പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് മുമ്പ് വര്‍ണശബളമായ ഘോഷയാത്രയും നടന്നു. മാവിന്‍മൂട് ജങ്ഷനില്‍ നിന്നാരംഭിച്ച ഘോഷയാത്ര സ്‌കൂളില്‍ സമാപിച്ചു. ഒരുവര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ നടത്താനാണ് സ്‌കൂള്‍ അധികൃതരും പി.ടി.എ.യും പ്രദേശവാസികളും തീരുമാനിച്ചിട്ടുള്ളത്.

More Citizen News - Thiruvananthapuram