മാതൃഭൂമി- എസ്.ബി.ടി. പുസ്തകോത്സവം നാളെ സമാപിക്കും

Posted on: 11 Aug 2015തിരുവനന്തപുരം: മാതൃഭൂമി എസ്.ബി.ടി.യുമായി സഹകരിച്ച് പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ചിരിക്കുന്ന പുസ്തകോത്സവം ബുധനാഴ്ച സമാപിക്കും. പന്ത്രണ്ട് ദിവസമായി നടക്കുന്ന മേളയിലേക്ക് ആയിരങ്ങളാണ് എത്തിയത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന മലയാളത്തിലെയും ഇംഗ്ലൂഷിലെയും പുസ്തകങ്ങള്‍ പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. ആധ്യാത്മിക പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഉണ്ട്. എം.കെ.സാനു വിവര്‍ത്തനം ചെയ്ത അധ്യാത്മരാമായണം, കണ്ടിയൂര്‍ മഹാദേവ ശാസ്ത്രികള്‍ വ്യാഖ്യാനം ചെയ്ത ദേവീമാഹാത്മ്യം, സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ ശ്രീമദ്ദേവിമഹാഭാഗവതം, ശ്രീമദ് ഭഗവദ്ഗീത, ഗോപാലകൃഷ്ണ വൈദികിന്റെ, രാമായണസ്തുതികള്‍, ആചാര്യ എം.ആര്‍.രാജേഷിന്റെ അഗ്നിഹോത്രരഹസ്യം, എം.വി.രാഘവന്റെ ജ്യോതിഷം സത്യവും മിഥ്യയും, തുടങ്ങി വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും പുസ്തകങ്ങള്‍ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. ആത്മീയ പുസ്തകങ്ങളുടെ പ്രത്യേക പവലിയനും മേളയിലുണ്ട്. ദേവീ, പഞ്ചാംഗം, ശ്രീരാമകൃഷ്ണമഠം, ആനന്ദകുടീരം, സകൂള്‍ ഓഫ് ഭഗവദ്ഗീത എന്നീ പ്രസാധകരുടെ പുസ്തകങ്ങളും ആത്മീയജ്ഞാനം തേടി വരുന്നവര്‍ക്ക് പ്രയോജനകരമാണ്.
മേളയ്‌ക്കൊപ്പം നടക്കുന്ന വ്യാപാരമേളയും വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്. കോഴിക്കോടന്‍ ഹല്‍വയുടെ വിപുല ശേഖരം വ്യാപാരമേളയിലുണ്ട്. ഇതിന് പുറമെ വിവിധതരം ജ്യൂസുകളും കളിക്കോപ്പുകളും ഗൃഹോപകരണങ്ങളും ഇവിടെയുണ്ട്. മിക്‌സി, കൂളര്‍, ചപ്പാത്തിമേക്കര്‍ എന്നിവയുമുണ്ട്.
പുത്തരിക്കണ്ടം മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പത്തുലക്ഷത്തോളം പുസ്തകങ്ങളുണ്ട്. ആഗസ്ത് 12 വരെയുള്ള മേളയില്‍ പുസ്തകങ്ങള്‍ക്ക് 10 മുതല്‍ 30 ശതമാനംവരെ വിലക്കിഴിവ് ലഭിക്കും. രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തന സമയം.

More Citizen News - Thiruvananthapuram