ചെക്ക്‌പോസ്റ്റുകള്‍ വഴിയുള്ള 'വിഷ പച്ചക്കറി' കടത്ത് വ്യാപകം

Posted on: 11 Aug 2015തത്സമയം പരിശോധിക്കാന്‍ സംവിധാനമില്ല


നെയ്യാറ്റിന്‍കര:
സര്‍ക്കാരിന്റെ ഉറപ്പും പാഴായി. തത്സമയം പരിശോധിക്കാന്‍ സംവിധാനം ഇല്ലാത്തതുകാരണം തമിഴ്‌നാട്ടില്‍ നിന്ന് ദിവസവും അമരവിള ഉള്‍പ്പെടെയുള്ള ചെക്ക്‌പോസ്റ്റുകള്‍ വഴി അതിര്‍ത്തി കടന്നെത്തുന്നത് നൂറിലേറെ ലോഡ് കീടനാശിനി തളിച്ചെത്തുന്ന വിഷ പച്ചക്കറി.
ഇതിനിടെ ചെക്ക്‌പോസ്റ്റുകളില്‍ വെച്ച് എടുക്കുന്ന പച്ചക്കറി സാമ്പിളുകളുടെ പരിശോധനാഫലം വളരെ വൈകുന്നത് കടത്തുകാര്‍ക്ക് സഹായകരമാകുകയാണ്.
അമരവിള, പാലക്കടവ്, പൂവാര്‍, കള്ളിക്കാട് ചെക്ക് പോസ്റ്റുകള്‍ വഴിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികള്‍ ജില്ലയിലെത്തുന്നത്. അതിര്‍ത്തി കടന്നെത്തുന്ന വിഷ പച്ചക്കറി കണ്ടെത്തുന്നതിന് എല്ലാ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും മൊബൈല്‍ ലാബുകള്‍ സ്ഥാപിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു ചെക്ക്‌പോസ്റ്റില്‍ പോലും മൊബൈല്‍ ലാബ് സ്ഥാപിക്കാന്‍ സര്‍ക്കാരിനായിട്ടില്ല.
മൊബൈല്‍ ലാബ് സ്ഥാപിക്കുന്നതിന് പകരമായി ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരെവിട്ട് ചെക്ക് പോസ്റ്റുകളില്‍ എത്തുന്ന പച്ചക്കറികളുടെ സാമ്പിള്‍ പരിശോധനയ്‌ക്കെടുക്കുകയാണ് ചെയ്തത്. ഇവിടെ നിന്നെടുക്കുന്ന സാമ്പിളുകള്‍ വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി പരിശോധനാ ലാബിലാണ് അയയ്ക്കുന്നത്. ഇവിടെ പരിശോധന നടത്തി ഫലം ലഭിക്കണമെങ്കില്‍ ദിവസങ്ങളോളം എടുക്കും.
തമിഴ്‌നാട്ടില്‍ നിന്ന് ദിവസവും നൂറിലേറെ ലോഡ് പച്ചക്കറിയാണ് ജില്ലയില്‍ എത്തുന്നത്. ഇതിലേറെയും നെയ്യാറ്റിന്‍കര പാലക്കടവ് ചെക്ക് പോസ്റ്റ് വഴിയാണ്. വാണിജ്യനികുതി വകുപ്പിന്റെ പരിശോധന മാത്രമേ ഇവിടെയുള്ളൂ എന്നതാണ് പച്ചക്കറി ഇവിടം വഴി വ്യാപകമായി കടത്താന്‍ കാരണം.
ദേശീയപാതയിലൂടെ പച്ചക്കറികളുമായി എത്തുന്ന ലോറികള്‍ അമരവിള ചെക്ക് പോസ്റ്റിന് തൊട്ടു മുന്‍പായി കണ്ണംകുഴി വഴി പാലക്കടവ് ചെക്ക് പോസ്റ്റ് കടന്നാണ് ആറാലുംമൂട്, ചാല എന്നിവിടങ്ങളില്‍ പച്ചക്കറി എത്തിക്കുന്നത്.

More Citizen News - Thiruvananthapuram