വീടിന്റെ ടെറസ്സിന് മുകളില്‍ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റില്‍

Posted on: 11 Aug 2015വെള്ളറട: വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷിചെയ്ത യുവാവിനെ ആര്യങ്കോട് പോലീസ് പിടികൂടി. രണ്ട് മാസം പ്രായമുള്ള 11 കഞ്ചാവ് ചെടികളും കഞ്ചാവ് വലിക്കാന്‍ ഉപയോഗിച്ചിരുന്ന കുപ്പികളും പോലീസ് കണ്ടെത്തി.
ആര്യങ്കോട് മൂന്നാറ്റിന്‍മുക്ക് രതീഷ് ഭവനില്‍ രമേശ്കുമാര്‍ (27) ആണ് അറസ്റ്റിലായത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആര്യങ്കോട് പോലീസ് നടത്തിയ രഹസ്യാന്വേഷണത്തെ തുടര്‍ന്നാണ് യുവാവിനെ പോലീസ് പിടികൂടിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.
വീടിന്റെ സണ്‍ഷൈഡിന്റെ പുറത്ത് ചുവരിനോട് ചേര്‍ന്ന ഭാഗത്താണ് ഇയാള്‍ രഹസ്യമായി കഞ്ചാവ് വളര്‍ത്തിയിരുന്നത്. കൂടാതെ ടെറസ്സിന് മുകളില്‍ കൂട്ടിയിട്ടിരുന്ന ചാക്കിനടിയില്‍ നിന്ന് കഞ്ചാവ് ഉപയോഗിക്കാന്‍ പ്രത്യേകമായി സജ്ജമാക്കിയ പ്ലൂസ്റ്റിക് കുപ്പികളും കണ്ടെത്തി. കുപ്പികളില്‍ കഞ്ചാവ് പൊടിയാക്കി വെള്ളത്തില്‍ ലയിപ്പിച്ചാണ് ബീഡിയ്‌ക്കൊപ്പം ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
വെള്ളറട സി.ഐ. വി.ടി. രാസിത്തിന്റെ നേതൃത്വത്തില്‍ ആര്യങ്കോട് എസ്.ഐ.മാരായ നിയാസ്, സത്യന്‍, ഗ്രേഡ് എസ്.ഐ. ഗ്രിഗോറിയസ്, എസ്.സി.പി.ഒ. ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

More Citizen News - Thiruvananthapuram