പാറമടയില്‍ സഹോദരിമാരുടെ ദാരുണ മരണം: വിശ്വസിക്കാനാവാതെ നാട്ടുകാര്‍

Posted on: 11 Aug 2015ആറ്റിങ്ങല്‍: ലളിതയ്ക്കും ശങ്കരിക്കും ജീവിതപ്രാരബ്ധങ്ങളെ നേരിടാനുള്ള വഴിയായിരുന്നു പാറമടയിലെ ജോലി. കാറ്റും മഴയും വെയിലും വകവെക്കാതെ ഇവര്‍ പണിയെടുത്തു. ഒടുവില്‍ ക്വാറിയില്‍ ഒരുമിച്ച് മരണം.
പൊയ്കമുക്ക് പിരപ്പന്‍കോട്ടുകോണം വാറുവിളാകം കോളനിയില്‍ വാറുവിളാകത്ത് വീട്ടില്‍ ശങ്കരി(46), കാരേറ്റ് മുളമന കരിങ്കുറ്റിക്കര അശോകഭവനില്‍ ലളിത(65) എന്നിവരാണ് തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്. ആറ്റിങ്ങല്‍ പൊയ്കമുക്ക് പാറയടിയിലെ മലയില്‍ പ്രവര്‍ത്തിക്കുന്ന പാറമടയില്‍ ചതപ്പ പെറുക്കുന്നതിനിടെ മടയുടെ മുകള്‍ത്തട്ടില്‍നിന്ന് അടര്‍ന്നുവീണ പാറക്കഷണങ്ങള്‍ക്കടിയില്‍പ്പെട്ടാണ് ഈ സഹോദരിമാരുടെ ദാരുണാന്ത്യം.
തിങ്കളാഴ്ചയും ഇരുവരും ഒരുമിച്ചാണ് ക്വാറിയിലെത്തിയത്. പണി തുടങ്ങാനായി ചതപ്പ പെറുക്കാന്‍ തുടങ്ങിയപ്പോള്‍ ശക്തമായ മഴ പെയ്തു. ഇതേത്തുടര്‍ന്ന് മറ്റ് തൊഴിലാളികളും സമീപത്തെ പാറമടകളിലുണ്ടായിരുന്നവരും മഴ നനയാതെ മാറിനിന്നു. എന്നാല്‍, ലളിതയും ശങ്കരിയും മഴ വകവെക്കാതെ ചല്ലിയടിക്കാനുള്ള ചതപ്പ പെറുക്കല്‍ തുടര്‍ന്നു.
പാറമടയില്‍ ആഴ്ചയില്‍ മൂന്നുദിവസം മാത്രമേ വെടിവെക്കാറുള്ളൂ. ഞായറാഴ്ച വെടി പൊട്ടിച്ചിരുന്നു. സാധാരണ വെടിപൊട്ടിയാല്‍ പാറക്കഷണങ്ങള്‍ പൂര്‍ണമായി അടര്‍ന്നുവീഴുകയാണ് പതിവെന്ന് തൊഴിലാളികള്‍ പറയുന്നു. അതുകൊണ്ട് പിറ്റേന്ന് ധൈര്യമായി ചുവട്ടില്‍ ചെല്ലാം. എന്നാല്‍, ഞായറാഴ്ച വെടി പൊട്ടിച്ചെങ്കിലും പൊട്ടിയ കഷണങ്ങള്‍ എല്ലാം വീണിരുന്നില്ല. ഇളകിയിരുന്ന പാറക്കഷണങ്ങള്‍ക്കിടയില്‍ മഴവെള്ളം ഒഴുകിയിറങ്ങിയതോടെ അവ അടര്‍ന്ന് താഴേക്കുവീഴുകയായിരുന്നു. ഇരുവരുടെയും ദേഹത്ത് കൂറ്റന്‍ കഷണങ്ങള്‍ പതിച്ചതാണ് മരണത്തിനിടയാക്കിയത്. ഒരു കുട്ട ചല്ലിയടിച്ച് നല്കിയാല്‍ പത്ത് രൂപയില്‍ താഴെയാണ് ഇവര്‍ക്ക് കൂലി കിട്ടുന്നത്.
സര്‍ക്കാര്‍സഹായത്താല്‍ നിര്‍മ്മിച്ച വീട്ടിലാണ് ശങ്കരിയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് മണികണ്ഠന്‍ രണ്ടുവര്‍ഷം മുമ്പാണ് മരിച്ചത്. മൂത്തമകള്‍ സൗമ്യ പ്ലസ്ടു വരെ പഠിച്ച് പഠനം മതിയാക്കി. ഇളയ മകള്‍ രമ്യ പ്ലസ്ടു കഴിഞ്ഞു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ടില്ല. ശങ്കരിയുടെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം. പാറമട അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസും റവന്യു വകുപ്പ് അധികൃതരും പറയുന്നു. റവന്യു പുറമ്പോക്കിലുള്ളതാണ് പാറമട. ഇവിടെ പാറ പൊട്ടിക്കുന്നതറിഞ്ഞ് വില്ലേജോഫീസര്‍ രണ്ടാഴ്ച മുമ്പ് നിരോധനാജ്ഞ നല്കിയിരുന്നതായി തഹസില്‍ദാര്‍ ചൂണ്ടിക്കാട്ടുന്നു. അതും ലംഘിച്ചായിരുന്നു ക്വാറിയുടെ പ്രവര്‍ത്തനം. ക്വാറി നടത്തിയിരുന്നവരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചതായും ഇവര്‍ക്കെതിരെ എക്‌സ്‌പ്ലോസീവ് നിയമപ്രകാരവും മനഃപൂര്‍വമല്ലാത്ത നരഹത്യക്കും കേസെടുത്തതായി സി.ഐ. എം.അനില്‍കുമാര്‍ പറഞ്ഞു. ഇതേ മലയില്‍ ഇരുപതിലധികം പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു ഇവയുടെയെല്ലാം പ്രവര്‍ത്തനം തടയണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

More Citizen News - Thiruvananthapuram