കന്യാകുമാരിയില്‍ പ്രതിഷേധ സമരങ്ങള്‍ നടന്നു

Posted on: 11 Aug 2015നാഗര്‍കോവില്‍: മദ്യനിരോധനത്തിനായി തിങ്കളാഴ്ച കന്യാകുമാരി ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി. രാവിലെ നാഗര്‍കോവില്‍ കളക്ടറേറ്റിന് മുന്നിലും കുഴിത്തുറ നഗരസഭാ ഓഫീസിനുമുന്നിലും ഡി.എം.കെ. പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
ജില്ലാ സെക്രട്ടറി സുരേഷ്രാജന്റെ നേതൃത്വത്തില്‍ നാഗര്‍കോവിലില്‍ നടന്ന പ്രകടനത്തില്‍ മുന്‍ എം.പി.മാരായ ഹെലന്‍ഡേവിഡ്‌സണ്‍, ആസ്റ്റിന്‍ ഉള്‍പ്പെടെ സ്ത്രീകളടക്കം നിരവധിപേര്‍ പങ്കെടുത്തു. കുഴിത്തുറയില്‍ മനോ തങ്കരാജിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ എം.എല്‍.എ. പുഷ്പലീല, മുന്‍മന്ത്രി ലോറന്‍സ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
വൈകുന്നേരം തക്കലയില്‍ ബി.ജെ.പി. പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് ഗണേശന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ സംസ്ഥാന സെക്രട്ടറി ധര്‍മരാജ്, എം.ആര്‍. ഗാന്ധി, നാഗര്‍കോവില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ മീനാദേവ് ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഡി.വൈ.എഫ്.ഐ.യും അഖിലേന്ത്യാ ജനകീയ മഹിളാ അസോസിയേഷനും സംയുക്തമായി മാര്‍ത്താണ്ഡത്ത് തിങ്കളാഴ്ച നിരാഹാരസമരം നടത്തി. മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുന്‍ എം.എല്‍.എ. ലീമാ റോസ്, സെക്രട്ടറി മേരി, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ശശികുമാര്‍, സെക്രട്ടറി രജീഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram