എണ്‍പതിലും മഞ്ഞക്കോടി നെയ്ത് ജഗദമ്മ

Posted on: 11 Aug 2015ബാലരാമപുരം: അവണാകുഴി മണലുവിള കിഴക്കേത്തട്ടുവിള വീട് എപ്പോഴും തറിയൊച്ചയാല്‍ മുഖരിതമാണ്. എണ്‍പതാം വയസ്സിലും മഞ്ഞക്കോടി നെയ്യുന്ന തിരക്കിലാണ് വീട്ടുകാരി ജഗദമ്മ. മഞ്ഞക്കുറി, മഞ്ഞമുണ്ട് എന്നൊക്കെ നാമാന്തരമുള്ള മഞ്ഞക്കോടി ഓണക്കാലത്തെ വിശേഷവസ്ത്രമാണ്. നെയ്ത്തുകാരില്‍ ഭൂരിഭാഗവും ഓണക്കാലത്ത് മാത്രമാണ് മഞ്ഞക്കോടി നെയ്യുക. എന്നാല്‍ ജഗദമ്മ എല്ലാസമയത്തും മഞ്ഞക്കോടി തന്നെയാണ് നെയ്യുന്നത്. കുഞ്ഞുങ്ങളുടെ ചോറൂണിന് പിള്ളമുണ്ടായും ക്ഷേത്രങ്ങളില്‍ ദേവീദേവന്‍മാര്‍ക്ക് ഉടയാടയായും മഞ്ഞമുണ്ട് ഉപയോഗിക്കാറുണ്ട്. യന്ത്രത്തറിക്കുമെരുങ്ങാത്ത മഞ്ഞക്കോടി കൈത്തറിയുടെ സ്വന്തമാണ്.
നെയ്ത്തുകാരനായ ദിവാകരപ്പണിക്കരുടെ ഭാര്യയായി ഇവിടെ വരുമ്പോള്‍ ജഗദമ്മയ്ക്ക് നെയ്ത്ത് അറിയില്ലായിരുന്നു. ഭര്‍ത്താവില്‍ നിന്നാണ് നെയ്ത്ത് പഠിച്ചത്. പില്‍ക്കാലത്ത് അത് ഉപജീവനമാര്‍ഗമായി മാറി. എന്നും രാവിലെ ഏഴുമണിയോടെ തറിക്കുഴിയില്‍ ഇറങ്ങും. ഇടയ്ക്കിടയ്ക്കുള്ള ചെറിയ വിശ്രമങ്ങളൊഴിച്ചാല്‍ കരകയറുമ്പോള്‍ അന്തിയാകും.
വളരെ നേര്‍ത്ത ഇഴകളുള്ള പാവില്‍ അതുപോലെ നേര്‍ത്ത ഇഴകളുള്ള ഊടും ചേര്‍ത്ത് ഇഴമുറിയാതെ നെയ്‌തെടുക്കുവാന്‍ നല്ല സുക്ഷ്മതയും സാമര്‍ത്ഥ്യവും വേണം. കണ്ണടയുടെ സഹായം പോലുമില്ലാതെ ആയാസരഹിതമായാണ് ജഗദമ്മ ഇതു ചെയ്യുന്നത്.
ദിവാകരപ്പണിക്കര്‍ മരിക്കുന്നതുവരെ അരികിലെ തറിക്കുഴിയില്‍ ജഗദമ്മയോടൊപ്പം നെയ്യുമായിരുന്നു. ഭര്‍ത്താവ് മരിച്ചിട്ട് മുപ്പതുവര്‍ഷമായി. ഇപ്പോള്‍ ഇവര്‍ക്ക് കൂട്ടായി മൂത്തമകള്‍ ശാന്തകുമാരി അരികിലെ തറിക്കുഴിയില്‍ നെയ്യുന്നുണ്ട്. ജഗദമ്മയ്ക്ക് ആറുമക്കളുണ്ട്. എല്ലാവര്‍ക്കും നെയ്ത്തറിയാം. മഞ്ഞക്കോടി നെയ്ത്തിന് ലാഭം കുറവാണ്. ഒരുദിവസം പകലന്തിയോളം പാടുപെട്ടാല്‍ നൂറുരൂപവരെ കൂലി കിട്ടാം.
പതിറ്റാണ്ടുകളായി പരമ്പരാഗത കൈത്തറിനെയ്ത്ത് മേഖലയില്‍ പണിയെടുക്കുന്ന ജഗദമ്മയ്ക്ക് ക്ഷേമനിധിയോ വാര്‍ധക്യകാല പെന്‍ഷനോയില്ല. എന്നാലും അവര്‍ ഇപ്പോഴും പണി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

More Citizen News - Thiruvananthapuram