കലാം ഇഫക്ട് : അവാര്‍ഡ് വിവരം ചോര്‍ന്നില്ല

Posted on: 11 Aug 2015സിനിമാ അവാര്‍ഡുകള്‍ക്ക് സ്ഥിരം ജൂറി വേണമെന്ന ആവശ്യം

തിരുവനന്തപുരം:
മലയാള സിനിമയുടെ നിലവാരത്തെക്കുറിച്ച് രൂക്ഷമായ വിമര്‍ശമാണ് ജൂറി ചെയര്‍മാന്‍ ജോണ്‍പോള്‍ അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തില്‍ ഉന്നയിച്ചത്. ''സ്‌ക്രീനിങ്ങിന് നിശ്ചയിച്ച 70 സിനിമകളില്‍ 75 ശതമാനവും നിലവാരമില്ലാത്തവയായിരുന്നു. ജൂറിയംഗങ്ങളില്‍ ചിലര്‍ക്ക് സിനിമ കാണാന്‍ അപൂര്‍വം സമയങ്ങളില്‍ അസൗകര്യം ഉണ്ടായി. ജൂറിയുടെ സുതാര്യത ഉറപ്പാക്കാന്‍ ഈ സിനിമകള്‍ എല്ലാ അംഗങ്ങള്‍ക്കുമായി വീണ്ടും പ്രദര്‍ശിപ്പിച്ചു. 15 സിനിമകളാണ് ഇങ്ങനെ വീണ്ടും കാണേണ്ടിവന്നത്. പലപ്പോഴും സിനിമാ സ്‌ക്രീനിങ്ങിന് പീഡനത്തിന്റെ സ്വഭാവം കൈവന്നു'' - ജോണ്‍പോള്‍ പറഞ്ഞു.
മലയാള സിനിമകളുടെ എണ്ണം ഏറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അവാര്‍ഡ് നിര്‍ണയത്തിന് സ്ഥിരം ജൂറി സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജോണ്‍പോള്‍ അധ്യക്ഷനായ സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഓരോ മാസവും പുറത്തിറങ്ങുന്ന സിനിമകളെ ജൂറി വിലയിരുത്തണം. ഇങ്ങനെ വിലയിരുത്തിയശേഷം തിരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ വേണം അവാര്‍ഡ് നിര്‍ണയത്തിനായി പരിഗണിക്കേണ്ടത്.
ഈ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സിനിമകള്‍ കാണുന്നതിന് അവാര്‍ഡ് സമിതിയെ വിഭജിക്കണമെന്ന നിര്‍ദേശം അപ്രായോഗികമാണെന്നായിരുന്നു ജോണ്‍പോളിന്റെ വിമര്‍ശം. ആകെ പത്തംഗങ്ങളുള്ള സമിതിയെ മൂന്നംഗങ്ങളായി വിഭജിച്ച് സിനിമയുടെ സ്‌ക്രീനിങ് നടത്തണമെന്നാണ് മലയാള സിനിമാ മേഖലയെക്കുറിച്ച് പഠിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ സമിതി നിര്‍ദേശിച്ചത്. സമിതിയുടെ നിര്‍ദേശങ്ങളെ പാടെ നിരാകരിക്കുന്നതായിരുന്നു ജോണ്‍പോള്‍ അധ്യക്ഷനായ സമിതി.

തിരുവനന്തപുരം:
സിനിമകളുടെ നിലവാരത്താഴ്ചയെക്കുറിച്ച് അവാര്‍ഡ് നിര്‍ണയജൂറി പരാതി ഉന്നയിച്ച പശ്ചാത്തലത്തില്‍ കെ.എസ്.എഫ്.ഡി.സി. സബ്‌സിഡി ഇനി സിനിമകളുടെ നിലവാരം നോക്കി മാത്രമേ നല്‍കുകയുള്ളൂവെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കെ.എസ്.എഫ്.ഡി.സി. യുടെ ഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിക്കുന്നവര്‍ക്കാണ് ഇതുവരെ സബ്‌സിഡി നല്‍കിയിരുന്നത്. സിനിമകളുടെ നിലവാരം പരിശോധിക്കാന്‍ സ്ഥിരം ജൂറിയെ നിയോഗിക്കുന്നത് പ്രാവര്‍ത്തികമായാല്‍ ഇത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
സബ്‌സിഡി തുക കൂട്ടുന്ന കാര്യം പരിഗണനയിലാണ്. മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷം ഈ നിര്‍ദേശം അംഗീകരിക്കും. അവാര്‍ഡ് നിര്‍ണയസമിതിയുടേതാണ് ഈ നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം:
ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വിയോഗം അവാര്‍ഡ് വിവരം ചോരാതിരിക്കുന്നതിന് വഴി തെളിച്ചു. ജോണ്‍പോള്‍ അധ്യക്ഷനായ സമിതിക്ക് മുന്നില്‍ സിനിമാ സ്‌ക്രീനിങ് നടക്കുന്നതിനിടെയാണ് കലാമിന്റെ വിയോഗ വാര്‍ത്തയെത്തുന്നത്. ആ ദിവസം സമിതിയംഗങ്ങള്‍ ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു ഇക്കുറി അവാര്‍ഡ് വിവരം ചോരാതിരിക്കാന്‍ എല്ലാവരും നിഷ്‌ക്കര്‍ഷ പുലര്‍ത്തണമെന്ന്. ഈ നിര്‍ദേശം മുന്നോട്ടുെവച്ചതാകട്ടെ ജൂറിയധ്യക്ഷന്‍ ജോണ്‍പോളും. കലാമിനായുള്ള മൗനപ്രാര്‍ത്ഥനയ്ക്ക് ശേഷം ജൂറിയംഗങ്ങള്‍ കൂട്ടായി തീരുമാനമെടുത്തു. ഇക്കാര്യം ജോണ്‍പോള്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. അവാര്‍ഡ് വിവരത്തിന്റെ രഹസ്യാത്മകത പാലിക്കുന്നതില്‍ അംഗങ്ങള്‍ ശ്രദ്ധ പാലിക്കുകയും ചെയ്തു.

More Citizen News - Thiruvananthapuram