പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തില്‍ മേട തിരുവാതിര ഉത്സവത്തിന് കൊടിയേറി

Posted on: 25 Apr 2015പാറശ്ശാല: അതിരുദ്രമഹായജ്ഞം ഉള്‍പ്പെടെ 11 മഹാരുദ്രയജ്ഞങ്ങള്‍ നടന്ന പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തില്‍ മേട തിരുവാതിര ഉത്സവത്തിന് കൊടിയേറി.
പറയര്‍ സമുദായക്കാര്‍ കൊണ്ടുവരുന്ന കൊടിയും കൊടിക്കയറും ഓലക്കുടയും സ്വീകരിച്ചതിന് ശേഷമാണ് ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറുന്നതെന്ന പ്രത്യേകതയും ഈ ഉത്സവത്തിനുണ്ട്.
പറയര്‍ശാല എന്ന് അറിയപ്പെടുന്ന പാറശ്ശാലയില്‍ പറയര്‍ സമുദായത്തില്‍പ്പെട്ട സ്ത്രീയാണ് ആദ്യമായി ക്ഷേത്ര ചൈതന്യം തുളുമ്പുന്ന ദേവനെ കണ്ടെത്തിയതെന്നാണ് ഐതിഹ്യം.
ചാതുര്‍വര്‍ണ്യവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടായിരുന്ന കാലത്ത് പോലും ഇഷ്ടദേവനെ ആരാധിക്കാന്‍ അനുമതി ഉണ്ടായിരുന്ന ക്ഷേത്രമെന്ന നിലയില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്ന ക്ഷേത്രമാണ് പാറശ്ശാല മഹാദേവര്‍ ക്ഷേത്രം.
പടിഞ്ഞാറ് ദര്‍ശനം, പഞ്ചനിവേദ്യം, നിത്യനവകം, മൂന്ന് ശിവേലി പരീക്ഷിച്ച് പാശുപതാസ്ത്രം പാര്‍ഥന് നല്‍കി അനുഗ്രഹിക്കുന്ന പ്രതിഷ്ഠാഭാവമാണ് ഇവിടെ. വേടസ്ത്രീയുടെ ഭാവം സ്ഫുരിക്കുന്ന പാര്‍വതീദേവി പ്രതിഷ്ഠയാണ്.
ദേവന്റെ വലതുഭാഗത്ത് നാലമ്പലത്തിന് മുന്‍പിലായി യജ്ഞശാലയുള്ള ഏക ക്ഷേത്രമാണിത്.
നെല്ലിമരച്ചുവട്ടില്‍ വിഷ്ണുസങ്കല്പം, നാഗരാജാവിന്റെയും നാഗകന്യകയുടെയും പ്രതിഷ്ഠകള്‍, മൂന്ന് കുളങ്ങള്‍, കുളപ്പുര യക്ഷി തുടങ്ങിയ സവിശേഷതകളുമുണ്ട്.
വട്ടവിള മൂലക്ഷേത്രസ്ഥാനത്തുനിന്ന് പറയര്‍ സമുദായത്തിലെ അപ്പു, മധു, കൃഷ്ണന്‍കുട്ടി, വിനോദ് എന്നിവരും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ പാറശ്ശാല വിജയന്‍, കെ.ഗമാലിയേന്‍, എസ്.മധു, എസ്.ബിജു, എസ്.രാജേഷ്, പി.സി.ബാബു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആചാര പ്രകാരം കൊടി, കൊടിക്കയര്‍, ഓലക്കുട എന്നിവ ക്ഷേത്രത്തിലേക്ക് എത്തിച്ചശേഷമാണ് കൊടിയേറ്റ് നടന്നത്. മെയ് മൂന്നിന് ഉത്സവം സമാപിക്കും.

More Citizen News - Thiruvananthapuram