SPECIAL NEWS
  Jan 01, 2014
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദശയും ദിശയും മാറുന്നു
എം.കെ.അജിത് കുമാര്‍

1979 ല്‍ ഉത്തര മലബാറിലെ പേരുകേട്ട കോളേജ്. യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്‌സവത്തില്‍ പ്രസംഗ മത്‌സരത്തിലേക്കുള്ള സെലക്ഷന്‍ മാച്ച് നടക്കുന്നു.. വിഷയം 'ജനാധിപത്യത്തിന്റെ ഭാവി'. മുറിയിലേക്ക് ഊഴപ്രകാരം കയറിവന്ന ഒരു മത്‌സരാര്‍ഥി യുടെ കാച്ച്: 'ജനാധിപത്യത്തിന്റെ ഭാവി നമ്മുടെ മനസ്സിലാണ്. എന്റെയും നിങ്ങളുടേയും ഉള്ളിലാണ്. എനിക്ക് പ്രതീക്ഷയുണ്ട്' ഇത്രയുംപറഞ്ഞ് പ്രസംഗം അവസാനിപ്പിച്ച് അയാള്‍ ഇറങ്ങിപ്പോയി. ഒന്നും മനസ്സിലാവാതെ ഞങ്ങള്‍ അയാളെ കളിയാക്കി ചിരിച്ചു....അരാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ 'ലഹരി'യിലുള്ള പുലമ്പലായിരിക്കുമെന്നും ഉറപ്പിച്ചു.

തിരഞ്ഞെടുപ്പുകളെക്കുറിച്ച് എന്തെഴുതുമ്പോഴും മനസ്സില്‍ ഈ പഴയ സംഭവം കയറിവരും. എന്നാല്‍ ഇക്കുറി പതിവിലും വ്യത്യസ്തമായി അന്നത്തെ 'അരാഷ്ട്രീയവാദി'യുടെ വാക്കുകള്‍ എന്നില്‍ വന്നു നിറയുന്നു. വീണ്ടും വീണ്ടും ഞാനത് ആസ്വദിക്കുന്നു. മൂന്നരപ്പതിറ്റാണ്ടിനുമുമ്പ് ഒരു ക്ഷുഭിത യൗവനം,ആഴത്തിലുള്ള ആലോചനയൊന്നും ഇല്ലാതെ പറഞ്ഞതാവാം അതെങ്കിലും ഇപ്പോള്‍ അതിന്റെ അര്‍ഥവും ആഴവും എനിക്ക് ഒരുപരിധിവരെ മനസ്സിലാവുന്നുണ്ട്. പ്രതീക്ഷയുമുണ്ട്. പ്രത്യേകിച്ച് ദേശീയ രാഷ്ട്രീയത്തില്‍ 'ആം ആദ്മി പാര്‍ട്ടി'യുടെ(സാധാജന പാര്‍ട്ടി) രംഗപ്രവേശത്തോടെ.

ജനലോക്പാല്‍ നിയമത്തിനുവേണ്ടി 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന ജനകീയ കൂട്ടായ്മ തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോള്‍ അവരെ ''അരാഷ്ട്രീയവാദികള്‍'' എന്നാണ് സാമ്പ്രദായിക പാര്‍ട്ടികള്‍ വിശേഷിപ്പിച്ചത്്. ആ അരാഷ്ട്രീയവാദികളുടെ നിരാശയും ക്ഷോഭവും ഇപ്പോള്‍ രാജ്യമൊട്ടുക്കും വലിയ പ്രതീക്ഷ ഉയര്‍ത്തിയിരിക്കയാണ്. ജനകീയസമരത്തിന്റെ ഭാഗമായി രൂപംകൊണ്ട ആം ആ്ദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കേ,ആ മുന്നേറ്റത്തിന്റെ പ്രസക്തിയിലേക്കും അതുയര്‍ത്തുന്ന ചോദ്യങ്ങളിലേക്കും സാധ്യതകളിലേക്കും കടക്കുംമുമ്പ്് നിലവിലുള്ള കക്ഷി രാഷ്ട്രീയസഖ്യങ്ങളും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും വിലയിരുത്തേണ്ടതുണ്ട്്്. ഇതടിസ്ഥാനമാക്കി 2014 -ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഗതി എങ്ങനെയായിരിക്കുമെന്ന് ഊഹാപോഹവും നടത്താം. നമ്മുടെ ജനാധിപത്യത്തിന്റെ ദശാദിശ മാറ്റങ്ങള്‍ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായിരിക്കും പുതുവര്‍ഷത്തിലെ ജനവിധി.

എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും എന്തെങ്കിലും ഒരു പ്രത്യേകതയുണ്ടാവും. എങ്കിലും രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ ചലനങ്ങള്‍ ഉണ്ടാക്കുന്ന ജനവിധികള്‍ പതിവല്ല. 1967 നുശേഷമുള്ള ചരിത്രം പരിശോധിച്ചാല്‍ ഓരോ പത്തുപന്ത്രണ്ടുവര്‍ഷത്തിലും ഒരു നിര്‍ണായക തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് കാണാന്‍ കഴിയും. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന സമ്പൂര്‍ണ ആധിപത്യം നഷ്ടപ്പെട്ട 1967 ലെ തിരഞ്ഞെടുപ്പാണ് അതില്‍ ആദ്യം. 1977, 1989, 1996, 2004 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളും പുതിയ രീതിയിലുള്ള സര്‍ക്കാറുകളും രാഷ്ട്രീയ കൂട്ടുകെട്ടുകളും സാധ്യതകളും രാജ്യത്തിന് സംഭാവന ചെയ്തു.

1967 കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങുന്നു


കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ കടുത്ത പ്രതിസന്ധി നേരിട്ട വര്‍ഷങ്ങളായിരുന്നു 1960 കളില്‍. നെഹ്‌റുവിന്റെയും ശാസ്ത്രിയുടേയും മരണശേഷം കോണ്‍ഗ്രസിനുണ്ടായ ക്ഷീണം, ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായതിനു ശേഷം അവര്‍ക്കെതിരെ മൊറാര്‍ജി ദേശായിയും കാമരാജും നിജലിംഗപ്പയും എസ്.കെ. പാട്ടീലും മറ്റും ഉള്‍പ്പെട്ട സംഘംസിന്‍ഡിക്കേറ്റ് നടത്തിയ പടയൊരുക്കം,1967 ലെ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും പാര്‍ട്ടിക്കു സംഭവിച്ച തളര്‍ച്ച, 1969 ലെ പിളര്‍പ്പ്... അങ്ങനെ കോണ്‍ഗ്രസ് കടന്നുപോയത് വലിയ പ്രതിസന്ധികളിലൂടെയായിരുന്നു.

പ്രത്യയശാസ്ത്ര ഭിന്നതയും 1964 ലെ പിളര്‍പ്പും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കി. എങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ എം.പി.മാരെ 1967 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ചു. സി.പി.ഐ യ്ക്ക് 23 ഉം സി.പി.എമ്മിന് 19 ഉം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത് 29 സീറ്റായിരുന്നു. കോണ്‍ഗ്രസിന്റെ അംഗസഖ്യ 361 ല്‍ നിന്ന് 283 ആയി കുറഞ്ഞു. ജനസംഘും രാജാജിയുടെ സ്വതന്ത്ര പാര്‍ട്ടിയും അംഗബലം 14 ല്‍നിന്ന് 35 ആയും, 18 ല്‍ നിന്ന് 44 ആയും ഉയര്‍ത്തി.

ദേശീയ ഭരണം നിലനിര്‍ത്തിയെങ്കിലും എട്ടു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു ഭരണം നഷ്ടപ്പെടുകയും മുന്നണി ഭരണം നിലവില്‍വരികയും ചെയ്തത് 1967 ലാണ്. പല രൂപത്തിലും തലത്തിലുമുള്ള കോണ്‍ഗ്രസ്സ്‌വിരുദ്ധ സഖ്യങ്ങളാണ് സംസ്ഥാനങ്ങളില്‍ രൂപംകൊണ്ടത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയും ജനസംഘും സ്വതന്ത്ര പാര്‍ട്ടിയും ഇടതുപക്ഷവും മുസ്‌ലിം ലീഗുമെല്ലാം സഖ്യങ്ങളും നീക്കുപോക്കുകളുമുണ്ടാക്കി മത്‌സരിച്ചു. ത്മിഴ്‌നാട്ടിലെ ഡി.എം.കെ. സര്‍ക്കാറും ഒറീസ്സയില്‍ സ്വതന്ത്ര പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയും ഒഴിച്ച് സംസ്ഥാനങ്ങളിലെ മുന്നണി സര്‍ക്കാറുകള്‍ അധികകാലം നീണ്ടുനിന്നില്ല. ബീഹാര്‍, യു.പി, പഞ്ചാബ്,ഹരിയാണ എന്നിവിടങ്ങളില്‍ ചെറിയകാലത്തിനുള്ളില്‍ സര്‍ക്കാറുകള്‍ മാറി മറിഞ്ഞു. ബീഹാറില്‍ മൂന്നുകൊല്ലത്തിനിടയില്‍ ഏഴു സര്‍ക്കാറുണ്ടായി. മുന്നണി ഭരണം നിലവില്‍വന്ന സംസ്ഥാനങ്ങളിലെല്ലാം പുതിയ പാര്‍ട്ടികള്‍ക്കും ചേരിതിരുവുകള്‍ക്കും അടിത്തറയിട്ടത്് 1967 ലെ തിരഞ്ഞെടുപ്പായിരുന്നു.

1971 മാര്‍ച്ച്, ഏപ്രിലിലെ തിരഞ്ഞെടുപ്പില്‍ ബാങ്ക് ദേശസാത്ക്കരണം, നാട്ടുരാജക്കാ•ാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന സാമ്പത്തികാനുകൂല്യം(പ്രൈവി പേഴ്‌സ്) നിര്‍ത്തലാക്കല്‍ തുടങ്ങിയ ജനകീയ പ്രഖ്യാപനങ്ങളും 'ഗരീബി ഹട്ടാവോ'(പട്ടിണി മാറ്റു) മുദ്രാവാക്യവും ഇന്ദിരാ ഗാന്ധിയെ അജയ്യ ശക്തിയാക്കി. 'ഇന്ദിരാ ഹട്ടാവോ' മുദ്രാവാക്യമുയര്‍ത്തിയ സിന്‍ഡിിക്കേറ്റും വലതുപക്ഷ പാര്‍ട്ടികളും അന്ന് ദുര്‍ബലമായി. അക്കൊല്ലം അവസാനം പാകിസ്താനുമായുള്ള യുദ്ധത്തിലുണ്ടായ വിജയവും ബംഗ്ലാദേശിന്റെ രൂപവത്ക്കരണവും ഇന്ദിരയെ ഒന്നുകൂടി ശക്തയാക്കി. 1967 ല്‍ റായ്ബറേലിയില്‍ പാവപ്പെട്ടവരുടെ ദുരവസ്ഥ വിവരിച്ചുള്ള പ്രചാരണവേളയിലാണ് 'ഇന്ദിരാമ്മ'യെന്ന പേര് അവര്‍ക്ക് ലഭിച്ചത്. 1971 ലെ യുദ്ധവിജയത്തോടെ 'ദുര്‍ഗ'യെന്ന വിശേഷണവും അവര്‍ക്ക് കൈവന്നു.

അടിയന്തരാവസ്ഥ, കോണ്‍ഗ്രസ്സ്‌വിരുദ്ധ വിശാല സഖ്യം

തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ അസംതൃപ്തിയുടേയും അശാന്തിയുടേയും ദിനങ്ങളായിരുന്നു. വന്‍വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി. ഒപ്പം സംസ്ഥാനങ്ങളില്‍ അഴിമതിയും കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ സമീപനങ്ങളും മകന്‍ സഞ്ജയ് ഗാന്ധിയുടെ ഭരണത്തിലുള്ള ഇടപെടലുകളും. രാജ്യം കുട്ടിച്ചോറായി. പ്രതിഷേധവും സമരങ്ങളും പതിവായി. ഗുജറാത്തില്‍നിന്ന് തുടങ്ങി ബീഹാറിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പടര്‍ന്നു സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളും റെയില്‍വെ പണിമുടക്കും. 1957 ല്‍ രാഷ്ട്രീയം മതിയാക്കി ഇനി ആവശ്യം 'പാര്‍ട്ടിരഹിത ജനാധിപത്യ'മാണെന്ന്് പ്രഖ്യാപിച്ച സ്വാതന്ത്യസമര സേനാനി ജയപ്രകാശ് നാരായണന്‍ പ്രതിഷേധത്തിന്റെ നേതൃത്വം ഏറ്റെടുത്ത്്് രംഗത്തിറങ്ങി. ദേശീയ രാഷ്ട്രീയം കലങ്ങിമറിഞ്ഞു. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള കോടതി വിധിയും 'സമ്പൂര്‍ണ്ണ വിപ്ലവ'ത്തിനായി ഡല്‍ഹിയില്‍ രാംലീലാ മൈതാനിയില്‍വെച്ച്്് 1975 ജൂണ്‍ 25 ന് ജയ്പ്രകാശ് നാരായണന്റെ ആഹ്വാനവും. ജൂണ്‍ 29 മുതല്‍ ഒരാഴ്ച പ്രധാനമന്ത്രി ഇന്ദിരയുടെ വസതിക്കുമുമ്പില്‍ പ്രതിഷേധ സമരവും അദ്ദേഹം പ്രഖ്യാപിച്ചു. അന്നുരാത്രി ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പാര്‍ലമെന്റിന്റെ കാലാവധി 1976 നവംബറില്‍ ഒരുവര്‍ഷത്തേക്ക് നീട്ടിയിരുന്നെങ്കിലും 1977 ജനവരിയില്‍ അപ്രതീക്ഷിതമായാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ചു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്്. ഈ തിരഞ്ഞെടുപ്പിലാണ് ആദ്യമായി കോണ്‍ഗ്രസിനെതിരെ ദേശീയതലത്തില്‍ വിശാലസഖ്യം രൂപംകൊണ്ടത്. ജയിലുകളില്‍നിന്ന് പുറത്തിറങ്ങിയ പ്രതിപക്ഷത്തെ നേതാക്കളെല്ലാം കോണ്‍ഗ്രസിനെതിരെ അണിനിരന്നു. കോണ്‍ഗ്രസ്(ഒ), ലോ്ക്ദള്‍, സേഷ്യലിസ്റ്റ് പാര്‍ട്ടി, ജനസംഘ് തുടങ്ങിയവരെല്ലാം ഒറ്റക്കുടക്കീഴിലായി. കാറ്റുമാറി വീശുന്നത് മനസ്സിലാക്കിയ ജഗ്ജീവന്‍ റാം, എച്ച്.എന്‍.ബഹുഗുണ, നന്ദിനി സത്പതി തുടങ്ങിയ നേതാക്കള്‍ ആഴ്ചക്കുള്ളില്‍ കോണ്‍ഗ്രസ് വിട്ട് ജനാധിപത്യ കോണ്‍ഗ്രസ് ഉണ്ടാക്കി പുതിയ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഡി.എം.കെ.യും അകാലിദളും സി.പി.എമ്മും ജനതാപാര്‍ട്ടിക്ക് പിന്തുണ നല്‍കി. അങ്ങനെ വിശാലമായ ഒരു സഖ്യവും മുന്നണിയും. കോണ്‍ഗ്രസിന്റെ കൂടെ സി.പി.ഐ യും എ.ഐ.എ.ഡി.എം.കെ യും മാത്രം.

ഇന്ദിരാഗാന്ധി പോലും ദയനീയമായി തോറ്റ ആ തിരഞ്ഞെടുപ്പില്‍ ഏഴു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുമായി കോണ്‍ഗ്രസിന് ലഭിച്ചത് വെറും രണ്ടു സീറ്റ്. അടിയന്തരാവസ്ഥയുടെ ദോഷം അധികം അനുഭവിക്കാത്ത ദക്ഷിണേന്ത്യ കോണ്‍ഗ്രസിനോടൊപ്പം നിന്നു. പാര്‍ട്ടിക്ക് കിട്ടിയത് മൊത്തം 154 സീറ്റ്്്. 542 ല്‍ 330 സീറ്റോടെ ജനതാപാര്‍ട്ടി കേന്ദ്രത്തില്‍ ആദ്യത്തെ മുന്നണി സര്‍ക്കാര്‍ ഉണ്ടാക്കി. ഇന്ദിരാഗാന്ധിക്കെതിരായ പ്രതികാരത്തിലൂന്നിയുള്ള ഭരണത്തിന് ഒമ്പതു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റുകളെ പിരിച്ചുവിട്ടുള്ള തുടക്കം. മൊറാര്‍ജി ദേശായി സര്‍ക്കാറിന് രണ്ടരവര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും അത് രാജ്യത്തിന്റെ രാഷ്ട്രീയ,സാമൂഹിക രംഗത്ത് വലിയ അടിയൊഴുക്കാണ് ഉണ്ടാക്കിയത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ വക്താക്കളായ പാര്‍ട്ടികളുടെ കൂട്ടായ്മ നേതൃതലത്തില്‍ കടിപിടി കൂടിയപ്പോള്‍ താഴെത്തട്ടിലും അത് വ്യാപിച്ചു. സാമൂഹികമായ സ്പര്‍ദ്ധയും ജാതി ഏറ്റുമുട്ടലുകളും ദലിതര്‍ക്കെതിരായ ആക്രമങ്ങളും ഉത്തരേന്ത്യയില്‍ പതിവായി. വര്‍ഗീയതയുടെ വേരുകള്‍ വ്യാപിപ്പിക്കാനുള്ള ജനസംഘിന്റെ പ്രവര്‍ത്തനങ്ങളും വിമര്‍ശിക്കപ്പെട്ടു. ഒടുവില്‍ കാലാവധി പൂര്‍ത്തിയാക്കാതെ ലോക്‌സഭ പിരിച്ചുവിട്ട് 1980 ജനവരിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ(529 ല്‍ 353 സീറ്റ്്്) വീണ്ടും അധികാരത്തിലെത്തി. ജനതാപാര്‍ട്ടി പലതായി പിളര്‍ന്നു. ജനസംഘ്, ഭാരതീയ ജനതാ പാര്‍ട്ടിയായി രൂപപരിണാമം നടത്തി.

1989 കേന്ദ്രത്തില്‍ വീണ്ടും മുന്നണി പരീക്ഷണം

കോണ്‍ഗ്രസിന് അപ്രമാദിത്വം ഉണ്ടായിരുന്ന ദശാബ്ദമായിരുന്നെങ്കിലും 1980 കള്‍ ദേശീയരാഷ്ട്രീയത്തിന് സംഭാവന ചെയ്തത്് വര്‍ഗീയതയും പുതിയ ജാതി രാഷ്ട്രീയ,സാമൂഹിക ചേരിതിരിവുകളും ആയിരുന്നു. ഇന്ത്യന്‍ ജനാധിപത്യം അതുവരെ ഇല്ലാത്ത ഒരു ദശയിലേക്കും ദിശയിലേക്കും കടന്നത് 1989 ലെ പൊതുതിരഞ്ഞെടുപ്പോടെയാണെന്ന് പറയാം. അതിനു കളമൊരുക്കിയത് പ്രധാനമന്ത്രി രാജീവ് ഗാന്ധി സര്‍ക്കാറിന്റെ പിടിപ്പുകേടും ദീര്‍ഘവീക്ഷണക്കുറവും ഉപചാപവൃന്ദവും ബോഫോഴ്‌സ് അഴിമതി ആരോപണവും.

1980 ല്‍ അധികാരം തിരിച്ചുപിടിച്ച ഇന്ദിരാഗാന്ധിയുടേയും, അവരുടെ ദാരുണമായ കൊലപാതകത്തിനുംശേഷം 1984 ല്‍ സഹതാപതരംഗത്തില്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരമേറ്റ രാജീവ് ഗാന്ധിയുടേയും പ്രശസ്തി മങ്ങിയത് വളരെ പെട്ടന്നായിരുന്നു. 1967 ല്‍ തുടങ്ങിയ കോണ്‍ഗ്രസിന്റെ തകര്‍ച്ച (1984 ലെ സഹതാപതരംഗം ഒഴിച്ചുനിര്‍ത്തിയാല്‍) 1980 കളില്‍ കൂടുതല്‍ ദൃശ്യമായി. 83 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ആദ്യമായി കര്‍ണാടകത്തിലും ആന്ധ്രപ്രദേശിലും പാര്‍ട്ടി നിലംപൊത്തി. കണാടകത്തില്‍ രാമകൃഷ്ണ ഹെഗ്‌ഡെയുടെ ജനതാപാര്‍ട്ടിയും ആന്ധ്രയില്‍ എന്‍.ടി.രാമറാവു വിന്റെ തെലുഗുദേശവും പുതിയ സര്‍ക്കാറുകളുണ്ടാക്കി. അസം, പഞ്ചാബ് പ്രശ്‌നങ്ങള്‍ ഈ കാലത്താണ് തലപൊക്കിയത്്. പഞ്ചാബ് ഭീകര്‍ക്കെതിരെ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍ നടത്തിയ ഇന്ദിരാ ഗാന്ധിക്ക് ഒടുവില്‍ അതിന്റെ പേരില്‍ ജീവന്‍ കൊടുക്കേണ്ടിവന്നു.

രാജീവ് ഗാന്ധിയുടെ ഉപചാപവൃന്ദം അദ്ദേഹത്തെ കുഴപ്പത്തില്‍ ചാടിച്ചത് വളരെ പെട്ടന്നായിരുന്നു. മുസ്‌ലിം,ഹിന്ദു വര്‍ഗീയതയെ അദ്ദേഹം ഒരുപോലെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചത് തിരിച്ചടിയായി. ഷാബാനു കേസിലുണ്ടായ സുപ്രീംകോടതി വിധി മറികടക്കാന്‍ ഗവണ്‍മെന്റ് പുതിയ നിയമം കൊണ്ടുവന്നതാണ് ആദ്യത്തെ പ്രീണനം. മുസ്‌ലിം വ്യക്തി നിയമത്തിലുള്ള കൈകടത്തലാണെന്ന വാദവുമായി സുപ്രീംകോടതി ഉത്തരവിനെതിരെ മതമൗലികവാദികള്‍ വന്‍ എതിര്‍പ്പുമായി രംഗത്തിറങ്ങി. ആ വിഭാഗത്തെ പ്രീണിപ്പിക്കാനാണ് പുതിയ നിയമം പാസാക്കിയത്. പുരോഗനവാദികളില്‍നിന്ന് സര്‍ക്കാറിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നു. അതോടെ ഭൂരിപക്ഷസമുദായം സര്‍ക്കാറിനെതിരെ തിരിയുമെന്ന വാദം ശക്തമായി. ആ ഘട്ടത്തില്‍ മറുവശത്ത് ഹിന്ദു ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാന്‍ മറ്റൊരു തീരുമാനമെടുത്തു. ഹിന്ദു മസ്‌ലിം തര്‍ക്കത്തെതുടര്‍ന്ന് സര്‍ക്കാറിന്റെ സുരക്ഷയിലാക്കിയിരുന്ന അയോധ്യയിലെ രാമക്ഷേത്രം ഹിന്ദുക്കള്‍ക്ക് പുജ ചെയ്യാന്‍ തുറന്നുകൊടുത്തുകൊണ്ടായിരുന്നു ബദല്‍ പ്രീണനം. പിന്നീട് 1989 ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവിടെ ശിലാന്യാസം നടത്താന്‍ അനുവാദം നല്‍കുകയും കേന്ദ്ര ആഭ്യന്തരമന്ത്രി ഭൂട്ടാസിങ് അതില്‍ പങ്കാളിയാവുകയും ചെയ്തു. ബോഫോഴ്‌സ് അഴിമിതി ആരോപണവും ധനമന്ത്രി വി.പി.സിങ്ങിന്റെ രാജിയും കൂടിയായപ്പോള്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പതനത്തിന് ആക്കംകൂടി.

വി.പി.സിങ്, സംവരണം, രഥയാത്ര

64 കോടി രൂപയുടെ ബോഫോഴ്‌സ് അഴിമിതി ആരോപണവും വി.പി.സിങ്ങിന്റെ മന്ത്രിസഭയില്‍നിന്നുള്ള രാജിയും ജനതാദള്‍ രൂപവത്ക്കരണവും ദേശീയമുന്നണിയും 1989 ലെ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയചിത്രം മാറ്റിവരച്ചു. അഴിമതിയും വര്‍ഗീയതയും ആയിരുന്നു ആ വര്‍ഷം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിറഞ്ഞുനിന്നത്്. കോണ്‍ഗ്രസിന്റെ അംഗബലം 415 ല്‍ നിന്ന് 197 ആയി കുറഞ്ഞു. ബി.ജെ.പി.യുടെ അംഗസഖ്യ 2 ല്‍നിന്ന് 86 ആയി. 1989 ലെ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പിക്ക് ദേശീയതലത്തില്‍ നിര്‍ണായക ശക്തിയായി മാറിയത്്. 146 സീറ്റു നേടിയ ദേശീയമുന്നണിയെ ബി.ജെ.പി.യും ഇടതുപകക്ഷവും പുറമെനിന്ന് പിന്തുണച്ചു താങ്ങി നിര്‍ത്തി. അഴിമതിയെ ചെറുക്കാന്‍ വര്‍ഗീയകക്ഷിയും ഇടതുപക്ഷവും കൈകോര്‍ത്തു. വി.പി.സിങ് പ്രധാനമന്ത്രിയായി.

ജനതാദളിനുള്ളിലെ അടിപിടിമൂലം ദേശീയമുന്നണി സര്‍ക്കാര്‍ തുടക്കത്തിലേ പാളി. 11 മാസം മാത്രം അധികാരത്തില്‍. ഒരുവശത്ത് ദേവിലാലും കൂട്ടരും ഉയര്‍ത്തിയ വെല്ലുവിളി. മറുവശത്ത്,സര്‍ക്കാറിനെ പിന്താങ്ങുന്ന ബി.ജെ.പി.യുടെ വര്‍ഗീയപ്രചാരണം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 27 ശതമാനം തൊഴില്‍ സംവരണം നല്‍കണമെന്ന് ശുപാര്‍ശ ചെയ്യുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് (1977 ലെ ജനതാ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട് തുടര്‍ന്നുള്ള സര്‍ക്കാറുകള്‍ പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു) നടപ്പാന്‍ വി.പി.സിങ് തീരുമാനിച്ചു. യു.പി യിലേയും ബീഹാറിലേയും ജാതിരാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കുകയും പിന്നാക്ക വിഭാഗങ്ങളില്‍ പുതിയ ഉണര്‍വ് ഉണ്ടാക്കുകയും ചെയ്ത തീരുമാനമായിരുന്നു അത്. രാഷ്ട്രീയപ്രതിയോഗികളെ നേരിടാന്‍ വി.പി.സിങ് പൊടുന്നനെ നടത്തിയ ആ പ്രഖ്യാപനത്തിനെതിരെ വന്‍ പ്രതിഷേധം ഉത്തരേന്ത്യ മുഴുവന്‍ നടന്നു.

മറുവശത്ത് അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ശിലാന്യാസ് യാത്രയ്ക്ക് ബി.ജെ.പി. നേതാവ് അദ്വാനി തുടക്കം കുറിച്ചു. ഗുജറാത്തിലെ സോമനാഥില്‍നിന്ന് അയോധ്യയിലേക്കുള്ള രഥയാത്ര വന്‍ വര്‍ഗീയ ധ്രൂവീകരണമാണ് ഉണ്ടാക്കിയത്. അയോധ്യയിലേക്കുള്ള യാത്രക്കിടെ ബീഹാറിലെ സമസ്തിപൂറില്‍വെച്ച് മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അദ്വാനിയെ അറസ്റ്റു ചെയ്തു. വി.പി.സിങ്ങിനുള്ള പിന്തുണ ബി.ജെ.പി. പിന്‍വലിച്ചു, സര്‍ക്കാര്‍ വീണു. ജനതാദള്‍ പിളര്‍ന്നു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജനതാദളിലെ ഒരുവിഭാഗം, മുമ്പ് സിന്‍ഡിക്കേറ്റിനെതിരെ ഇന്ദിരാഗാന്ധിക്കുവേണ്ടി ബാറ്റു ചെയ്ത യുവതുര്‍ക്കി ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സര്‍ക്കാറുണ്ടാക്കി. ഏതാനും മാസങ്ങള്‍ക്കകം കോണ്‍ഗ്രസ് ചന്ദ്രശേഖറിനുള്ള പിന്തുണ പിന്‍വലിച്ചു. 1991 ല്‍ വീണ്ടും തിരഞ്ഞെടുപ്പ്.

സാമ്പത്തിക പരിഷ്‌ക്കരണം, ബാബറി മസ്ജിദ് തകര്‍ക്കല്‍

രാഷ്ട്രീയമായും സാമ്പത്തികമായും ഇന്ത്യ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ദശകമായിരുന്നു 1990 ലേത്്്. 1991 ല്‍ തിരഞ്ഞെടുപ്പ് പ്രാചരണത്തിനിടയിലുണ്ടായ രാജീവ് ഗാന്ധി വധം, റിസര്‍വ് സ്വര്‍ണം പോലും വില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി, ഇന്ത്യയെന്ന ആശയത്തിനും മതേതരത്വത്തിനും വെല്ലുവിളി ഉയര്‍ത്തി 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്്, കേന്ദ്രത്തില്‍ ഏകകക്ഷി ഭരണം അവസാനിച്ച് ദേശീയരാഷ്ട്രീയം പതുക്കെ മുന്നണി സംവിധാനത്തിലേക്ക് മാറിയത്്...

ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം നല്‍കാത്ത ജനവിധിയുടെ തുടക്കം 1991 ലായിരുന്നു. അവിടുന്നിതുവരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നുംതന്നെ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല. മുന്നണി സംവിധാനം കേന്ദ്രത്തില്‍ ചിരപ്രതിഷ്ഠനേടിക്കഴിഞ്ഞു.

നരസിംഹറാവുവില്‍നിന്നായിരുന്നു 1990 കളുടെ തുടക്കം. 232 സീറ്റ്്് മാത്രം ലഭിച്ച കോണ്‍ഗ്രസിന് ഇടതുപക്ഷവും ബി.ജെ.പി.യുമെല്ലാം രേഖാമൂലമല്ലാതെ തന്ത്രപരമായ പിന്തുണ നല്‍കി. രാഷ്ട്രീയം അവസാനിപ്പിച്ച് പോകാനിരുന്ന നരസിംഹറാവുവിന് 1991 ല്‍ അതൊരു നിയോഗമായി. ധനമന്ത്രി മന്‍മോഹന്‍ സിങ്ങിലൂടെ ആഗോളീകരണവും സാമ്പത്തിക പരിഷ്‌ക്കരണവും അദ്ദേഹം നടപ്പാക്കി. തുടക്കത്തില്‍ ന്യൂനപക്ഷമായിരുന്ന സര്‍ക്കാര്‍ മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍ മറ്റുപാര്‍ട്ടികളെ പിളര്‍ത്തിക്കൊണ്ട്് ഭൂരിപക്ഷമായി.

1992 ഡിസംബര്‍ ആറിന് സംഘ്പരിവാറും കൂട്ടരും ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ അദ്ദേഹം മിണ്ടാതിരുന്നു. മുംബൈയിലും ഉത്തരേന്ത്യയിലും വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറി. സംഘപരിവാറിന്റെ രാമക്ഷേത്ര നിര്‍മ്മാണ പ്രക്ഷോഭം 1990 മുതല്‍ ആളിക്കത്തിയിരുന്നു. അതിന്റെ രാഷ്ട്രീയലാഭം കൊയ്യാന്‍ ബി.ജെ.പി.ക്ക് പരമാവധി സാധിച്ചു. 1984 ല്‍ വെറും രണ്ടംഗങ്ങളുണ്ടായിരുന്ന ബി.ജെ.പി.ക്ക് ഇതുവരെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. 1991 ല്‍ പാര്‍ട്ടിക്ക് 120 സീറ്റു കിട്ടി. 1996 ല്‍ അത് 161 ആയി. പിന്നീട് 182 വരെ എത്തി.

അതേസമയം,യു.പി.,ബീഹാര്‍ എന്നിവിടങ്ങളില്‍ മണ്ഡല്‍ കമ്മീഷന്റെ പശ്ചാത്തലത്തിലും ദലിത് മുന്നേറ്റത്താലും സമാജ്‌വാദി, ബി.എസ്.പി, ആര്‍.ജെ.ഡി. ജനതാദള്‍യു എന്നീ പാര്‍ട്ടികള്‍ ശക്തിപ്പെട്ടത് 90 കളിലാണ്. 1967 ല്‍ തുടങ്ങിയ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ആക്കംകൂടിയതും ഈ കാലഘട്ടത്തില്‍ തന്നെ. ദേശീയതലത്തിലും സംസ്ഥാന തലങ്ങളിലും പാര്‍ട്ടി പിളര്‍ന്നു. തമിഴ്‌നാട്ടില്‍ തമിഴ് മാനില കോണ്‍ഗ്രസും മഹാരാഷ്ട്രയില്‍ എന്‍.സി.പി യും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും രൂപംകൊണ്ടു. ദേശീയതലത്തില്‍ അര്‍ജുന്‍ സിങ് വിട്ടുപോയി പുതിയ പാര്‍ട്ടി ഉണ്ടാക്കിയിരുന്നെങ്കിലും പിന്നീട് തിരിച്ചുവന്നു. തമിഴ് മാനില കോണ്‍ഗ്രസ്്് പിന്നീട്് മാതൃപാര്‍ട്ടിയില്‍ ലയിച്ചു.

ബി.ജെ.പി.യുടെ ആദ്യ ഗവണ്‍മെന്റ്്

ദേശീയ പാര്‍ട്ടികളുടെ പ്രാമുഖ്യം നഷ്ടപ്പെടുകയും പ്രാദേശിക പാര്‍ട്ടികളും പുതിയ സഖ്യങ്ങളും കേന്ദ്രത്തില്‍ വേരുറപ്പിക്കുകയും ചെയ്തത് 1996 ലെ തിരഞ്ഞെടുപ്പോടെയായിരുന്നു. രാഷ്ട്രീയ അസ്ഥിരതയും തുടരെ തുടരെ തിരഞ്ഞെടുപ്പുകളും 96 നുശേഷം ഉണ്ടായെങ്കിലും മുന്നണി സംവിധാനം സ്ഥിരമാകുന്നതിനു മുന്നോടിയായുള്ള പ്രക്രിയയായി അതിനെ കണാം. സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, ജനതാദള്‍യു, തൃണമൂല്‍ കോണ്‍ഗ്രസ്,എന്‍.സി.പി,ബിജു ജനതാദള്‍,ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍, എം.ഡി.എം.കെ, പി.എം.കെ...അങ്ങനെ ഒട്ടേറെ പ്രാദേശിക പാര്‍ട്ടികള്‍ രൂപംകൊണ്ടതും വേരോട്ടമുണ്ടാക്കിയതും 90 കളിലാണ്.

1996 ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റപാര്‍ട്ടിയായി ബി.ജെ.പി.മാറി. 161 സീറ്റു ലഭിച്ച ബി.ജെ.പി.യോടൊപ്പം അക്കൊല്ലം മറ്റു പാര്‍ട്ടികളൊന്നും കൂടിയില്ല. വാജ്‌പേയിയുടെ ന്യൂനപക്ഷ സര്‍ക്കാര്‍ 13 ദിവസത്തിനുശേഷം രാജിവെച്ചു. പിന്നീട് കോണ്‍ഗ്രസിതര, ബി.ജെ.പി. ഇതര പാര്‍ട്ടികളുടെ കൂട്ടായ്മ 'യുണൈറ്റഡ് ഫ്രണ്ട്്' കോണ്‍ഗ്രസിന്റെ പുറമേനിന്നുള്ള പിന്തുണയോടെ സര്‍ക്കാറുണ്ടാക്കി. സി.പി.ഐ ഭരണത്തില്‍ പങ്കാളിയായി. സി.പി.എം പുറമേനിന്ന് പിന്തുണച്ചു. ദേവഗൗഡയുടേയും ഐ.കെ.ഗുജ്‌റാളിന്റേയും രണ്ടു സര്‍ക്കാറുകള്‍ രണ്ടുവര്‍ഷംകൊണ്ട് താഴെവീണു. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ഇടക്കാല തിരഞ്ഞെടുപ്പ്. 98 ലെ തിരഞ്ഞെടുപ്പിന്മുമ്പ്്് കോണ്‍ഗ്രസിന്റെ നേതൃത്വം സോണിയയുടെ കൈയ്യിലെത്തി. ആ നേതൃത്വം വെല്ലുവിളിച്ച് ശരത്പവാറും കൂട്ടരും ഉടന്‍ തന്നെ എന്‍.സി.പി ഉണ്ടാക്കി.

1998 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ അംഗബലം കൂടി. 182 എം.പി.മാരുള്ള ബി.ജെ.പിയെ മതേതര പാര്‍ട്ടികളായ തെലുഗുദേശവും തൃണമൂല്‍ കോണ്‍ഗ്രസും, എ.ഐ.എ.ഡി.എം.കെ.യും പിന്തുണച്ചു. ചെറുതും വലുതുമായ 13 പാര്‍ട്ടികളാണ് ദേശീയ ജനാധിപത്യ സഖ്യത്തില്‍ തുടക്കത്തിലുണ്ടായിരുന്നത്. 13 മാസങ്ങള്‍ക്കുശേഷം ജയലളിത പിന്തുണപിന്‍വലിച്ചതോടെ വാജ്‌പേയ് സര്‍ക്കാര്‍ ഒറ്റ വോട്ടിന്റെ വ്യത്യാസത്തില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. ബദല്‍ സര്‍ക്കാറുണ്ടാക്കാന്‍ പഴയ മൂന്നാംമുന്നണി ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. വീണ്ടും തിരഞ്ഞെടുപ്പ്്.

1999 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ ദേശീയ ജനാധിപത്യ മുന്നണി കുറച്ചുകൂടി വിപുലമായി. ഡി.എം.കെ.യും ബീഹാറിലെ സമതാപാര്‍ട്ടിയും വാജ്‌പേയിയോടൊപ്പം നിന്നു. അങ്ങനെ എന്‍.ഡി.എ യുടെ സ്ഥിരതയുള്ള മുന്നണി സര്‍ക്കാര്‍ നിലവില്‍വന്നു. മുന്നണി സംവിധാനത്തോട്് തുടക്കത്തില്‍ മുഖം തിരിഞ്ഞുനില്‍ക്കുകയും ഒറ്റപാര്‍ട്ടി ഭരണം സ്വപ്‌നം കാണുകയും ചെയ്ത കോണ്‍ഗ്രസ് അഞ്ചുവര്‍ഷത്തിനിടയില്‍ പുതുക്കെ നിലപാടുമാറ്റി. 2004 ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മറ്റൊരു മുന്നണിഐക്യ ജനാധിപത്യ മുന്നണി (യു.പി.എ) രൂപംകൊണ്ടു.

ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം ഇന്ത്യയുടെ മതേതരത്വത്തിന് വന്‍ ഇടിച്ചലുണ്ടായ കൊല്ലങ്ങളാണ് എന്‍.ഡി.എ ഭരണം സമ്മാനിച്ചത്. ഗോധ്ര സംഭവത്തിനു തുടര്‍ച്ചയായി നടന്ന ഗുജറാത്ത് കലാപം ഉണ്ടാക്കിയ മുറിവും പാടും ഇപ്പോഴും ഉണങ്ങിയിട്ടില്ല. കേസുകള്‍ ഇപ്പോഴും നടക്കുന്നു. അതിന്റെ പാപഭാരവുമായാണ് ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി 2104 ലെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മോദി രാജധര്‍മ്മം പാലിക്കണമെന്ന് കലാപം നടന്നയുടന്‍ പ്രധാനമന്ത്രി വാജ്‌പേയ് പ്രസ്താവിച്ചിരുന്നെങ്കിലും അത് പാഴ്‌വാക്കായി. ഗുജറാത്ത് സംഭവത്തില്‍ തനിക്ക് ഒരുപാട് മന:പ്രായസമുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ ബ്ലോഗിലൂടെ പ്രസ്താവിച്ച മോദി എങ്കിലും മാപ്പു പറഞ്ഞിട്ടില്ല. എന്‍.ഡി.എ ഭരണകാലത്ത് വിദ്യാഭ്യാസ മേഖലയില്‍ നടന്ന ഹൈന്ദവ വത്ക്കരണവും പ്രതിഷേധത്തിന് കാരണമായി.

വര്‍ഗീയതക്കെതിരായ ജനവിധി

രാജ്യത്ത് തേനും പാലും ഒഴുക്കിയെന്ന മട്ടില്‍ 'ഇന്ത്യ ഷൈനിങ്', 'ഫീല്‍ ഗ്ുഡ്്് ഫാക്ടര്‍' തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി തിരഞ്ഞെടുപ്പ് കുറച്ചു നേരത്തേ ആക്കിയ ബി.ജെ.പി.ക്ക് ശക്തമായ തിരിച്ചടിയാണ് ജനങ്ങള്‍ 2004 ല്‍ നല്‍കിയത്. ഒരര്‍ഥത്തില്‍ ഗുജറാത്ത് കലാപത്തിനെതിരായ ജനവിധിയായിരുന്നു അത്. 145 സീറ്റോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റപ്പാര്‍ട്ടിയായി മാറി. വാജ്‌പേയിയും അദ്വാനിയുമുള്‍പ്പെടുന്ന എന്‍.ഡി.എ നേതൃനിരയെ സോണിയാ ഗാന്ധി ഏതാണ്ട് തനിച്ചാണ് പ്രചാരണരംഗത്ത് നേരിട്ടത്്. സോണിയയുടെ വിദേശജ•ം ബി.ജെ.പി. വലിയ വിഷയമാക്കിയെങ്കിലും പ്രചാരണത്തിനൊടുവില്‍ അതും അവര്‍ക്ക് തിരിച്ചടിയായി.

ബി.ജെ.പി.യുടെ അംഗസഖ്യ 138 ആയി കുറഞ്ഞു. ഇടതുപക്ഷത്തിന് ഏറ്റവും കൂടുതല്‍ എം.പി.മാരെ സമ്മാനിച്ച തിരഞ്ഞെടുപ്പായിരുന്നു അത് -62 പേര്‍. തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍തന്നെ ഇടതുപക്ഷം കോണ്‍ഗ്രസിനുള്ള പുറമെനിന്നുള്ള പിന്തുണ അറിയിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ മുന്‍കൈ എടുത്തത് സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്. അപ്പോഴേക്കും പഴയ എന്‍.ഡി.എ തകര്‍ന്നിരുന്നു. ഡി.എം.കെ.യും തൃണമൂലും കോണ്‍ഗ്രസ് മുന്നണിയിലേക്ക് ചേക്കേറി. യു.പി.എ യ്ക്ക് എസ്.പി., ബി.എസ്.പി. പാര്‍ട്ടികള്‍ കൂടി പുറമെനിന്ന് പിന്തുണ നല്‍കിയപ്പോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുങ്ങി.

ഇന്ത്യഅമേരിക്ക ആണവക്കരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചെങ്കിലും ഒന്നാം യു.പി.എ സര്‍ക്കാര്‍ തട്ടിമുട്ടി മുന്നോട്ടുപോയി. 2009 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അംഗസഖ്യ 206 ആയി ഉയര്‍ന്നു. ബി.ജെ.പി യുടേത് 116 ആയി കുറഞ്ഞു. ഇടതുപക്ഷത്തിനും കോട്ടം തട്ടി.

അഴിമതി, അഹങ്കാരം, പ്രതിഷേധം

രാജീവ് ഗാന്ധി സര്‍ക്കാറിന്റെ കാലത്ത് 64 കോടി രൂപയുടെ ബോഫോഴ്‌സ് കുംഭകോണം വലിയ അഴിമതിയായിരുന്നു. അതിന്റെ പേരിലാണ് ഇടതും വലതുമെല്ലാം കോണ്‍ഗ്രസിനെതിരെ ഒറ്റക്കെട്ടായത്. എന്നാല്‍ രണ്ടാം യു.പി.എ യുടെ കാലത്ത് നടന്ന അഴിമതികള്‍ സഹസ്ര കോടികളുടേതാണ്. ടു ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് സൊസൈറ്റി, കല്‍ക്കരിപ്പാടം തുടങ്ങിയവയും അതിന്‍മേല്‍ സര്‍ക്കാറിന്റെ ഭാഗത്ത്‌നിന്നുണ്ടായ നിഷ്‌ക്രിയത്വവും മന്‍മോഹന്‍ സിങ്ങിന്റേയും രണ്ടാം യു.പി.എ സര്‍ക്കാറിന്റേയും പ്രതിച്ഛായ തകര്‍ത്തു. ഒരുവശത്ത് ഇതിനെതിരെ ജനവികാരം ആളിക്കത്തുമ്പോള്‍ മറുവശത്ത് അഹങ്കാരത്തോടെ വസ്തുതകള്‍ വളച്ചൊടിക്കാനാണ് കപില്‍ സിബലും ചിദംബരവുമുള്‍പ്പെടുന്ന മന്ത്രിമാര്‍ ശ്രമിച്ചത്. ഇതോടൊപ്പം ആഗോള സാമ്പത്തിക പ്രതിസന്ധിയും നിത്യോപയോഗ സാധനങ്ങളുടേയും പെട്രോളിയം ഉല്പന്നങ്ങളുടേയും വന്‍വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. സര്‍ക്കാറുമായി സാധാരണക്കാര്‍ ഇടപെടുന്ന എല്ലാ മേഖലകളിലും കൈമടക്കു കൊടുക്കാതെ കാര്യം നടക്കില്ലെന്ന അവസ്ഥ.

അഴിമതിക്ക് ജാതിമത വര്‍ഗ പാര്‍ട്ടി ഭേദമില്ല. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അധികാരത്തിലിരിക്കേ ഒരു മുഖ്യമന്ത്രി അഴിമതിക്കേസില്‍ ജയിലിലായത് കര്‍ണാടകത്തില്‍. യദ്യൂരപ്പയെ തുടക്കത്തില്‍ ന്യായീകരിച്ച ബി.ജെ.പി.ക്ക് ഒടുവില്‍ അദ്ദേഹം ബാധ്യതയായി. യദ്യൂരപ്പ പാര്‍ട്ടിയില്‍നിന്ന് പുറത്തായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കിയ യദ്യൂരപ്പ, സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തിന് കളമൊരുക്കി. സ്വസമുദായത്തില്‍ അദ്ദേഹത്തിനുള്ള സ്വാധീനം തിരിച്ചറിഞ്ഞ ബി.ജെ.പി. ഇപ്പോള്‍ വീണ്ടും അദ്ദേഹത്തെ പാര്‍ട്ടിയിലെടുക്കുന്‍ പോവുകയാണ്. ബീഹാറില്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് പഴയ കാലിത്തീറ്റ അഴിമതിക്കേസില്‍ ജയിലിലായി. മായാവതിയും മുലായവും ജയലളിതയും ആരും അഴിമതിയുടെ കാര്യത്തില്‍ പുറകോട്ടല്ല. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസുകള്‍ ഇപ്പോള്‍ മിക്ക നേതാക്കളുടെ പേരിലുമുണ്ട്.

ജനക്ഷേമപരമായ പരിപാടികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ഗ്രാമീണ ആരോഗ്യപദ്ധതിയിലും നടക്കുന്ന അഴിമതികള്‍ കോടികളുടേതാണ്. എല്ലാ സംസ്ഥാനങ്ങളിലും അഴിമതിക്കേസില്‍ മന്ത്രിമാരും രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടുന്ന കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. സി.ബി.ഐ ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും നടക്കുന്നു. എന്നാല്‍ അടുത്തിടെ കോടതിയുടെ ശക്തമായ ഇടപെടലുകള്‍ ഇത്തരം അട്ടിമറി ശ്രമങ്ങളുടെ വീര്യം കുറച്ചിട്ടുണ്ട്.

അഴിമതിക്കഥകളുടെ ഈ പശ്ചാത്തലത്തിലാണ് ജനലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള പ്രക്ഷോഭം രണ്ടുകൊല്ലംമുമ്പ് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ആളിപ്പടര്‍ന്നത്. പതിനായിരങ്ങള്‍ ഒരു പൊതു ആവശ്യത്തിനുവേണ്ടി തെരുവിലിറങ്ങി നടത്തിയ ശാന്തമെങ്കിലും ശക്തമായ സമരം. ഡല്‍ഹിയില്‍ അണ്ണാ ഹസാരെ നടത്തിയ ഉപവാസസമരം,ജയ്പ്രകാശ് നാരായണന്‍ 197475 ല്‍ നടത്തിയ പ്രക്ഷോഭംപോലെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന അവസ്ഥ ഉണ്ടായി. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേര്‍ന്ന് ബില്ല് പാസാക്കാനുള്ള നീക്കം തുടങ്ങിയതോടെ പ്രക്ഷോഭം തത്ക്കാലം കെട്ടടങ്ങി. എന്നാല്‍ ആ പ്രക്ഷോഭത്തിന്റെ സന്തതിയായി ഡല്‍ഹിയില്‍ രൂപംകൊണ്ട 'ആം ആദ്മി പാര്‍ട്ടി'(സാധാജന പാര്‍്ട്ടി) കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പില്‍,വന്‍ വിജയം കൊയ്ത് പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി. ഡല്‍ഹിയില്‍ ഇപ്പോള്‍ സാധാജനപാര്‍ട്ടിയുടെ ഭരണമാണ്. രാജ്യം മുഴുവന്‍ ഈ രാഷ്ട്രീയപരീക്ഷണത്തെ ഉറ്റുനോക്കുന്നു. ഈ പശ്ചാത്തലത്തിലാണ് 2014 ലെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.

(തുടരും)

 

Latest news

- -