രാവിലെ ആറുമണി. എണീയ്ക്കാന്‍ മടിച്ച് ഒന്ന് കൂടി കോടിക്കിടക്കുമ്പോള്‍ കോളിങ്‌ബെല്‍. വാതില്‍ തുറന്നപ്പോള്‍ പത്തുപതിനൊന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടി. കയ്യില്‍ ഒരു നോട്ട് ബുക്കും ഒരു ബാള്‍ പേനയും. ങും?
''നാരായണന്‍ മാഷല്ലേ?''
''അതേ, എന്തേ?''
''കവിതയും ആദിരൂപവും എന്താണെന്ന് മാഷ്‌ക്കറിയാമെന്ന് അച്ഛന്‍ പറഞ്ഞു.''
''എന്തിനാണ് കുട്ടിക്ക് ഇത്ര പുലര്‍ച്ചെ കവിതയും ആദിരൂപവും?''
''പ്രോജക്ട് എഴുതിക്കൊണ്ടുപോവാനാണ്?''
''ആര്‍ക്ക്?''
''എനിക്ക്.''
''കുട്ടി ഏത് ക്ലാസ്സിലാണ്?''
''ആറാം ക്ലാസ്സില്‍.''
''ലിന്‍ പിയാവോ പെര്‍പ്ലശ്ശേരി''യില്‍ എന്ന് ഒ.വി.വിജയന്റെ ഒരു കാര്‍ട്ടൂണുണ്ട്. ദൈവമേ! കവിതയും ആദിരൂപവും ആറാംക്ലാസ്സില്‍.
''എനിക്കറിയില്ലല്ലോ കുഞ്ഞേ.''
അവള്‍ സംശയം തീരാതെ എന്നെത്തന്നെ നോക്കി അവിടെ നിന്നു. എന്നാലും എന്തെങ്കിലും അറിയാതെ വരുമോ? എന്തെങ്കിലും മതി. ഒരു പേജിലേക്കുള്ളത് മതി. വലിയ തലക്കെട്ടിട്ട്, മാര്‍ജിന്‍ വലുതാക്കി, താനതു വളര്‍ത്തിക്കൊള്ളും. ചിലപ്പോള്‍ ഇപ്പോള്‍ പറഞ്ഞു തരാന്‍ തുടങ്ങുമായിരിക്കും. ചിലരങ്ങിനെയാണ്. ചെറിയ പത്രാസൊക്കെ ഉണ്ടാവും. മാഷ്‌ക്കറിയാമെന്ന് അച്ഛനുറപ്പ് പറഞ്ഞതല്ലേ? എന്നൊക്കെയുള്ള ഭാവത്തില്‍.
''കുട്ടി കവിതകള്‍ വായിക്കാറുണ്ടോ?''
''ഇല്ല.''
''കവിത കേട്ടാലറിയുമോ?''
''ങും''
''വായിച്ചാലറിയുമോ?''
''ങേ?''
''ഏതെങ്കിലും കവിത കുട്ടിക്ക് നന്നായി രസിച്ചിട്ടുണ്ടോ?''
അവളെന്നെത്തന്നെ നോക്കിക്കൊണ്ട് നിന്നു. ''മാഷ് പറഞ്ഞ് തന്നാല്‍ ഞാനെഴുതിക്കൊള്ളാം.'' എന്റെ ഇന്റര്‍വ്യു ഒട്ടും ഇഷ്ടപ്പെടാത്ത മട്ടില്‍ അവള്‍ പറഞ്ഞു. തനിക്ക് തിരക്കുണ്ട് എന്നവള്‍ പറഞ്ഞില്ല. ഈ കിന്നാരം എനിക്ക് സഹിക്കുന്നില്ല എന്നവള്‍ പറഞ്ഞില്ല. എന്തെങ്കിലും പറഞ്ഞ് തൊലയ്ക്ക്; എണീറ്റിട്ട് ഒരു കാപ്പി പോലും കുടിച്ചതല്ല എന്നവള്‍ പറഞ്ഞില്ല. പക്ഷെ അവളുടെ ശരീര ഭാഷ അതിലധികം പറഞ്ഞു. എന്നെ തെറി പറഞ്ഞു എന്നു പോലും പറയാം.
ഞാനെന്ത് പറഞ്ഞാലും എഴുതിയെടുക്കാന്‍ തയ്യാറാണവള്‍. ഒന്ന് പറഞ്ഞ് കിട്ടിയാല്‍ മതി. അത് പകര്‍ത്തി അവള്‍ പ്രോജക്ടുണ്ടാക്കിക്കൊള്ളും. അവള്‍ക്ക് കിട്ടാനുള്ള ഗ്രേഡിനെ അതു തുണയ്ക്കുമായിരിക്കും. പക്ഷെ ഞാനെന്ത് ചെയ്യും? ഈ വിഷയത്തില്‍ പൂര്‍വജ്ഞാനമില്ലാത്ത, താല്പര്യമില്ലാത്ത, ഈ ആറാംക്ലാസ്സുകാരിക്ക് ക്ലാസ്സില്‍ സമര്‍പ്പിക്കാന്‍ പാകത്തില്‍ ആദിരൂപവും കവിതയും എന്ന വിഷയത്തില്‍ ഞാനെന്ത് നല്‍കും? ഒരാറാം ക്ലാസ്സുകാരി എന്തിനിങ്ങനെയൊരു വിഷയത്തില്‍ പ്രൊജക്ട് തയ്യാറാക്കണം? അതെങ്ങിനെ അവളെ വിലയിരുത്താന്‍ സഹായിക്കും? അറിയാത്ത കാര്യങ്ങള്‍, അറിയാത്ത ഭാഷയില്‍ ചിട്ടയായെഴുതി സമര്‍പ്പിക്കുന്ന പ്രൊജക്ടുകള്‍ എങ്ങനെയാണ് പഠനത്തെ സഹായിക്കുക.
ഞാനിവിടെത്തന്നെ നില്‍ക്കുന്നു; അവള്‍ ചുമച്ചു.
കേരളത്തിലെ കുട്ടികള്‍ ഇങ്ങനെ പലവരാന്തകളില്‍ നില്‍ക്കുകയാണ്. ശ്രദ്ധ മുഖ്യാശ്രയമായിരുന്ന ഒരു വിദ്യാഭ്യാസകാലത്ത് നിന്ന് പഠനപ്രവര്‍ത്തനങ്ങള്‍ മുഖ്യാശ്രയമായ ഒരു വിദ്യാഭ്യാസകാലത്തിലേക്കുള്ള മാറ്റമാണ് ഈ കുട്ടികളെ ഈ നില്പിലെത്തിച്ചത്. ചെയ്താല്‍പ്പോരേ ചെയ്യുന്നതെന്താണെന്നറിയണമോ എന്ന പുതിയ സ്വാതന്ത്ര്യം അവരെ എന്തിനും പോന്നവരാക്കിയിട്ടുണ്ട്. അസാമാന്യരോ അസാമാന്യര്‍ എന്നഭിനയിക്കുകയോ ചെയ്തിരുന്ന അധ്യാപകരില്‍ നിന്നുള്ള മുക്തി അവരുടെ സങ്കോചമകറ്റിയിട്ടുണ്ട്. ആ അധ്യാപക കേന്ദ്രീകൃതകാലം നല്ലതായിരുന്നു എന്ന് അക്കാലത്തിന്റെ പരുക്കുകള്‍ ഇപ്പോഴും ദേഹത്തുള്ള എനിക്കഭിപ്രായവുമില്ല. (എന്തോ ചോദിക്കാനോങ്ങി, ക്ലാസ്സില്‍ കയറി വന്ന് നാലാം തവണയും ചോദിക്കാനാവാതെ മടങ്ങിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന്, എന്താണ് കാര്യമെന്ന് നിര്‍ബ്ബന്ധിച്ച് ചോദിച്ചപ്പോള്‍, കിണറ്റില്‍ ഒരു കുട്ടി വീണിട്ടുണ്ട് എന്നെങ്ങിനേയോ അവള്‍ പറഞ്ഞൊപ്പിച്ചതിനെക്കുറിച്ചൊരധ്യാപകന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ചെന്ന് നോക്കുമ്പോള്‍ അവസാനത്തെത്തവണ പൊങ്ങി മുങ്ങുകയാണാക്കുട്ടി. അധ്യാപകപ്പേടിയെന്ന മാരകമായ സങ്കോചത്തില്‍ നിന്ന് അവരിതാ മുക്തരായിരിക്കുന്നു).
അച്ഛനോ അമ്മയ്‌ക്കോ (അച്ഛനമ്മമാര്‍ ഇപ്പോള്‍ മക്കള്‍ പഠിക്കുന്ന പാഠപുസ്തകം പഠിക്കുന്ന തിരക്കിലാണ് കേരളത്തിലുടനീളം) ഇന്റര്‍നെറ്റിനോ ഗൈഡുകള്‍ക്കോ പൂര്‍ണ്ണമായി പരിഹരിയ്ക്കാം ഏതധ്യാപകനേയും എന്ന അറിവ് ഇക്കുട്ടികളെ അലക്ഷ്യരാക്കിയിട്ടുണ്ട്. അന്തര്‍മുഖരും ഭാവനാശാലികളുമായ പഴയ മിടുക്കന്മാര്‍ക്ക് പകരം ബഹിര്‍മുഖരും പ്രായോഗികമതികളും സങ്കോചലേശമില്ലാത്തവരുമായ ഈ പുതിയ മിടുക്കര്‍ കുഞ്ഞുനാളില്‍ത്തന്നെ പ്രായപൂര്‍ത്തി കൈവരിച്ചിട്ടുണ്ട്. അവരോടാവശ്യപ്പെടുന്ന ഏത് പ്രവര്‍ത്തനവും പ്രവര്‍ത്തിക്കാതെ ലഭ്യമാക്കാവുന്ന സമൂഹത്തിലാണവരെന്ന അറിവ് അവരെ അനായാസരാക്കിയിട്ടുണ്ട്. അവനവനില്‍ ഒരു പരിവര്‍ത്തനവും വരാതെ- ഒരു പരിവര്‍ത്തനത്തിനും വിധേയനാവാതെ- ഏത് പരിവര്‍ത്തനത്തേയും സാക്ഷാത്ക്കരിച്ച് കാണിച്ച് കൊടുക്കാമെന്ന ഊറ്റം അവരെ നിര്‍ഭയരാക്കിയിട്ടുണ്ട്. ഫിസിക്‌സിന് മുഴുവന്‍ മാര്‍ക്കും കിട്ടാറുള്ള ഒരു കുട്ടിക്ക് ഫിസിക്‌സിനോട് ഒരു സൗഹാര്‍ദ്ദവും ഇല്ല എന്നതെന്നെ അമ്പരിപ്പിക്കുന്നു എന്നൊരധ്യാപിക എന്നോട് പറഞ്ഞതോര്‍ക്കുന്നു. വിദ്യാഭ്യാസം കൊണ്ട് ആര്‍ജ്ജിക്കേണ്ട മാനസിക പരിവര്‍ത്തനങ്ങളൊന്നും ആര്‍ജ്ജിയ്ക്കാതെ, ഉന്നതമായ നിലയില്‍ പാസാവാനാവുന്ന അവസ്ഥയുടെ ഗുണഭോക്താക്കളായി കേരളത്തിലെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും മാറിയിരിക്കുന്നു. ഒരിയ്ക്കല്‍ സംസ്‌കാര സമ്പന്നനും അഭ്യസ്തവിദ്യനും ഒരാളായിരുന്നു. ഇത്രയും പഠിച്ചിട്ടാണോ ഇത്ര സംസ്‌കാര ശൂന്യമായി പ്രവര്‍ത്തിച്ചതെന്ന് അന്ന് ചോദിക്കപ്പെട്ടിരുന്നു. ഇന്ന് സംസ്‌കാര സമ്പന്നനും വിദ്യാസമ്പന്നനും രണ്ടാളുകളാണ്. അവര്‍ പരസ്പരം അറിയുകയേയില്ല. അറിയേണ്ടതുമില്ല. വേണ്ടവര്‍ സംസ്‌കാര സമ്പന്നരാകാന്‍ പ്രത്യേകം കോഴ്‌സ് പഠിച്ചോട്ടെ എന്നാണ് പുതിയ വിദ്യാഭ്യാസകേരളത്തിന്റെ അന്തര്‍ഗതം.
കാലില്‍ മുള്ള് കുത്താതിരിക്കാന്‍ രാജ്യം മുഴുവന്‍ പരവതാനി വിരിച്ച രാജാവിന്റെ മക്കളാണ് ഇന്നോരോ കുട്ടിയും. ഹോണ്‍ കേള്‍ക്കുന്നല്ലോ, ദൈവമേ കുഞ്ഞിന്റെ വാന്‍ വന്നു. മക്കളെ ഓര്‍ത്തിട്ടാണ് നാട്ടിലെ വീട് വിറ്റ് ഫ്ലാറ്റ് വാങ്ങിയത്; സ്‌കൂളിന് തൊട്ട്. അഞ്ച് മണിയ്ക്ക് പാര്‍സലിന് കേരളത്തിലെ എല്ലാ മികച്ച ഹോട്ടലുകളിലും രക്ഷിതാക്കള്‍ ക്യൂ നില്‍ക്കുകയാണ്. വീട്ടിലുണ്ടാക്കിയതൊന്നും അവര്‍ക്ക് പിടിക്കില്ല. സ്‌കൂള്‍ വിട്ട്, ട്യൂഷന്‍ സെന്റര്‍ വിട്ട് അലങ്കാര മത്സ്യങ്ങളെപ്പോലെ തുടിച്ച് അവര്‍ വരുന്നു. രോഗമോ വേദനയോ മരണമോ അവഗണനയോ തെറ്റുകള്‍ക്ക് ശിക്ഷയോ കൂടാതെ അവര്‍ വളരുന്നു. അച്ഛനമ്മമാര്‍ ശുദ്ധോദന രാജാവിനെ പോലെ സന്തോഷിക്കുന്നു; ഉറങ്ങിക്കിടക്കുന്ന ഇഷ്ട ജീവിതത്തിന്റെ അടുത്ത് നിന്ന് അവരൊരിക്കലും ഇറങ്ങിപ്പോവുകവില്ല. 'ചൈല്‍ഡ് സെന്റേഡ്' ആണ് വീടും സ്‌കൂളും മാധ്യമങ്ങളും സമൂഹവും. (അവരോളം മാത്രം ബുദ്ധിയും ഭാവനയുമുള്ള മുതിര്‍ന്ന മനുഷ്യരുള്ള മാധ്യമങ്ങള്‍ എത്ര ആകര്‍ഷകമാണ്) അധ്യാപകര്‍ 'സഹപ്രവര്‍ത്തകര്‍' എന്ന് ഭാവിക്കുന്നുണ്ടെങ്കിലും പലപ്പോഴും പരിചാരകരാണ്. അതല്ലാതാകുന്നത് രക്ഷിതാക്കള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ സമൂഹത്തിനോ ഇഷ്ടവുമല്ല. 'മാസ്റ്റര്‍'! ആ വാക്കിന്റെ ഗാംഭീര്യം പുതിയ പരിതസ്ഥിതിയില്‍, പ്രവൃത്തിയില്‍ പരിചാരകന്‍മാര്‍ മാത്രമായ ഈ സാധു മനുഷ്യരെ കോമാളികളാക്കുന്നു. 'ടച്ച് സ്‌ക്രീനാണ്' അത്രയ്ക്ക് അമര്‍ത്തണ്ട മാഷെ, തൊട്ടാല്‍ മതി എന്നവര്‍ അനായാസമായിത്തീര്‍ത്ത പുതിയ ലോകത്തിന്റെ പാഠങ്ങള്‍ ആ പാവം 'മാഷെ പഠിപ്പിക്കുന്നുമുണ്ട്.