Mathrubhumi Logo
  JyothiBasu_MainBanner

ജ്യോതിബസു: കാലവും ജീവിതവും

Posted on: 17 Jan 2010

1914 ജൂലായ് എട്ടിന് ഡോ.നിസികാന്ത ബസുവിന്റെയും ഹേമലത ബസുവിന്റെയും മൂന്നാമത്തെ മകനായി ജനിച്ച ജ്യോതീന്ദ്ര ബസുവിന്റെ ചെല്ലപ്പേര് ഗണ എന്നായിരുന്നു. ആറാം വയസ്സില്‍ ബസുവിനെ ലൊറേറ്റോ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്‍ പേര് ജ്യോതീന്ദ്ര ബസുവില്‍ നിന്ന് ജ്യോതിബസു എന്ന് ചുരുക്കി. 1925ല്‍ ബസുവിനെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ ചേര്‍ത്തു. മെട്രിക്കുലേഷന് ശേഷം ഹിന്ദു കോളേജില്‍(ഇപ്പോഴത്തെ പ്രസിഡന്‍സി കോളേജ്) ഇംഗ്ലീഷ് ഓണേഴ്‌സിന് ചേര്‍ന്നു. 1935ല്‍ ബിരുദം നേടിയ ശേഷം ബാരിസ്റ്റര്‍ പഠനത്തിനായി ഇംഗ്ലണ്ടിലേയ്ക്ക് ബസു കപ്പല്‍ കയറി.

1936 മുതല്‍ 1940 വരെ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതില്‍ സജീവമായിരുന്ന ബസു ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഫെഡറേഷനായ ഇന്ത്യ ലീഗില്‍ അംഗമായി. ലണ്ടന്‍ മജ്‌ലിസിലും ബസു ചേര്‍ന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നത് ലണ്ടന്‍ മജ്‌ലിസ് ആയിരുന്നു. 1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ലണ്ടനിലെത്തിയപ്പോള്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കുന്നതിന്റെ ചുമതല ബസുവിനായിരുന്നു. സുഭാഷ് ചന്ദ്രബോസ് ലണ്ടനിലെത്തിയപ്പോള്‍ ലണ്ടന്‍ മജ്‌ലിസിന്റെ ആഭിമുഖ്യത്തില്‍ ബസു ഒരു യോഗം വിളിച്ചു ചേര്‍ത്തു. ഇതിനെല്ലാം പുറമെ ഇന്ത്യന്‍ നേതാക്കള്‍ക്ക് ലേബര്‍ പാര്‍ട്ടി അംഗങ്ങളും സോഷ്യലിസ്റ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരവും ബസു ഒരുക്കിക്കൊടുത്തിരുന്നു.

ലണ്ടനിലെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ വഴി ബ്രിട്ടന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബസു ബന്ധപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനുള്ള തന്റെ ആഗ്രഹം ബസു പ്രകടിപ്പിച്ചെങ്കിലും ബ്രിട്ടന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ ബസുവിന് ഇത് തിരിച്ചടിയാകുമെന്നതായിരുന്നു ഇതിന് കാരണം. ബ്രിട്ടന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായത്തോടെ ഈസ്റ്റ് ലണ്ടന്‍ ചേരികളിലെ നിരക്ഷരായ ഇന്ത്യന്‍ നാവികരെ ഇംഗ്ലീഷ് അഭ്യസിപ്പിക്കുന്നതിന് ബസു ഒരു സംഘത്തിന് രൂപം നല്‍കി.

പാവപ്പെട്ട, നിരക്ഷരായ തൊഴിലാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ബസുവിന് ഇത് അവസരം നല്‍കി. 1940ല്‍ ബസു ഇന്ത്യയില്‍ തിരിച്ചെത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുള്ള ആ വരവ് കുടുംബാംഗങ്ങളടക്കം പലരെയും ഞെട്ടിക്കുന്നതായിരുന്നു. ആ വര്‍ഷം ജനവരി 20ന് ബസു ബസന്തി ഘോഷിനെ വിവാഹം കഴിച്ചു. 1942 മെയ് 11ന് ബസന്തി മരിച്ചു.

1940ല്‍ സി.പി.ഐയെ നിയമവിരുദ്ധമായി ഭരണകൂടം പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന് ബസു പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെട്ടു. ഒളിവില്‍ കഴിയുകയായിരുന്ന നേതാക്കള്‍ക്ക് താവളങ്ങള്‍ ഒരുക്കികൊടുക്കാനും അവര്‍ക്ക് യോഗങ്ങള്‍ വിളിക്കാനുള്ള സൗകര്യമൊരുക്കാനും പാര്‍ട്ടി നേതാക്കള്‍ ബസുവിനെ ചുമതലപ്പെടുത്തി. ഇതോടെ ഒളിവില്‍ കഴിയുന്ന നേതാക്കളും പുറത്തുള്ള നേതാക്കള്‍ക്കുമിടയിലെ പാലമായി ബസു മാറി. 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ ലീഗല്‍ കോണ്‍ഫറന്‍സില്‍ ജ്യോതിബസു പ്രൊവിന്‍ഷ്യല്‍ കമ്മിറ്റി ഓര്‍ഗനൈസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.

ബംഗാള്‍-അസം റെയില്‍വെ വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി ആയിരുന്ന ബസുവിനെ 1944ല്‍ റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തി. 1946ല്‍ വര്‍ഗീയ കലാപക്കാലത്ത് ബെളിയാഘട്ടയിലെത്തിയ ഗാന്ധിജിയെ ഭൂപേഷ് ഗുപ്തയ്‌ക്കൊപ്പം ചെന്നുകണ്ട ബസു സര്‍വകക്ഷി സമാധാന സമിതി രൂപീകരിക്കുന്നതിനെക്കുറിച്ചും ഒരു സമാധാന റാലി സംഘടിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹത്തോട് ഉപദേശം തേടി.

1946ല്‍ ബംഗാള്‍ നിയമസഭയിലേയ്ക്ക് ബസു തിരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷം 1972 വരെ ബസു തുടര്‍ച്ചയായി നിയമസഭാംഗമായിരുന്നു. 1948 ഡിസംബര്‍ അഞ്ചിന് ബസു കമല്‍ ബസുവിനെ വിവാഹം കഴിച്ചു. കമല്‍ ബസു 1951 ആഗസ്ത് 31ന് ഒരു പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കി. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കുശേഷം ഡയേറിയയും ഡീഹൈഡ്രേഷനും മൂലം ഈ കുട്ടി മരിച്ചു. 1952ല്‍ ബസുവിന് ഒരു ആണ്‍കുട്ടി ജനിച്ചു.

1951ല്‍ സിപി.ഐയുടെ നിരോധനം പിന്‍വലിച്ചപ്പോള്‍ ബസു ബംഗാളിലെ പാര്‍ട്ടി മുഖപത്രമായ 'സ്വാതിനാഥ'യുടെ എഡിറ്റോറിയല്‍ ബോര്‍ഡ് പ്രസിഡന്റ് ആയി. 1953ല്‍ ബസു സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ മധുരൈയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ബസു കേന്ദ്രകമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് കേന്ദ്ര സെക്രട്ടേറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ബസു 1958ല്‍ അമൃത്സര്‍ കോണ്‍ഗ്രസില്‍ വെച്ച് ദേശീയ കൗണ്‍സിലിലെത്തി. 1964ല്‍ മറ്റ് 31 പേരോടൊപ്പം ദേശീയ കൗണ്‍സിലില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട ബസു പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നില്‍ക്കുകയും തുടക്കം മുതല്‍ തന്നെ പോളിറ്റ് ബ്യൂറോ അംഗവുമായി.

സി.ഐ.ടി.യു രൂപവത്കരിച്ചപ്പോള്‍ ദേശീയ വൈസ് പ്രസിഡന്റുമാരിലൊരാളായി ജ്യോതിബസു തിരഞ്ഞെടുക്കപ്പെട്ടു. സി.ഐ.ടിയു രൂപവത്കരിച്ച 1970ലെ സമ്മേളനത്തില്‍ റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു ബസു. 1967ല്‍ ബസു ബംഗാള്‍ ഉപമുഖ്യമന്ത്രിയായി. 1969ലെ തിരഞ്ഞെടുപ്പിനുശേഷം ബസു വീണ്ടും ഉപമുഖ്യമന്ത്രിയായി. 1977ല്‍ അതുവരെ ജയിച്ചുവന്ന ബാരാനഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് സത്ഗാച്ചിയ മണ്ഡലത്തിലേയ്ക്ക് മാറിയ ബസു ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. പിന്നീട് തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ ജയിച്ച് 2000 നവംബര്‍ മൂന്ന് വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു.

ഏറ്റവും കൂടുതല്‍കാലം - 23 വര്‍ഷം- മുഖ്യമന്ത്രി സ്ഥാനം വഹിച്ച ആള്‍ ജ്യോതിബസുവാണ്. 1996ല്‍ കോണ്‍ഗ്രസ് - ബി.ജെ.പി ഇതര കക്ഷികള്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിച്ചപ്പോള്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് സര്‍വസമ്മതമായി നിര്‍ദ്ദേശിക്കപ്പെട്ടത് ജ്യോതിബസുവിന്റെ പേരായിരുന്നു. എന്നാല്‍ സി.പി.എം കേന്ദ്രകമ്മിറ്റി ആ നിര്‍ദ്ദേശം അംഗീകരിച്ചില്ല. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ബസു തന്റെ ഓര്‍മകള്‍ 'എ പൊളിറ്റിക്കല്‍ ബയോഗ്രഫി' എന്ന പേരില്‍ പുസ്തകമാക്കിയിട്ടുണ്ട്. ബംഗാളി ഭാഷയില്‍ അദ്ദേഹം എഴുതിയ പ്രബന്ധങ്ങള്‍ അഞ്ച് വോള്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.ganangal
Jyothi Basu Photogallery Jyothibas Adaranjalikal

Video Gallery

Discuss