ജ്യോതിബസു അന്തരിച്ചു
Posted on: 17 Jan 2010

അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിട്ടുകൊടുക്കാനാണ് തീരുമാനം. അന്തിമോപചാരത്തിനായി മൃതദേഹം രണ്ട് ദിവസം പൊതുദര്‍ശനത്തിന് വയ്ക്കും. ഇതിനുശേഷം അന്ത്യചടങ്ങുകള്‍ 19ന് നടക്കും.
നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് പുതുവര്‍ഷ ദിനത്തില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബസുവിന്റെ തലച്ചോറടക്കം അഞ്ച് അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നു.
ചരിത്രം സൃഷ്ടിച്ച ഇരുപത്തിമൂന്ന് വര്‍ഷത്തെ ഭരണത്തിനുശേഷം മുഖ്യമന്ത്രിപദം ഒഴിഞ്ഞ ബസു കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍ക്കാര്‍ നല്‍കിയ വസതിയായ ഇന്ദിരാഭവനില്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു. വിടാതെ തുടരുന്ന ഉദരസംബന്ധമായ അസുഖംമൂലം പാര്‍ട്ടിപ്രവര്‍ത്തനിലും ബസു സജീവമായിരുന്നില്ല.

1914 ജൂലായ് എട്ടിന് കൊല്‍ക്കത്തയില്‍ ജനിച്ച ബസു നിയമപഠനത്തിനായി ബ്രിട്ടണില്‍ പോയപ്പോഴാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായത്. 1940ല്‍ നിയമപഠനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ ബസു വൈകാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായി. 1944ല്‍ റെയില്‍വേ ജീവനക്കാരെ സംഘടിപ്പിച്ചുകൊണ്ടാണ് രാഷ്ട്രീയത്തില്‍ സജീവമായത്. 1946ലാണ് ആദ്യമായി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1964ല്‍ സി.പി.എം. രൂപവത്കരിച്ചപ്പോള്‍ ആദ്യ ഒന്‍പതംഗ പോളിറ്റ്ബ്യൂറോയില്‍ അംഗമായി. 1967ലും 69ലും പശ്ചിമ ബംഗാള്‍ ഉപമുഖ്യമന്ത്രിയായി.
1977 ജൂണ്‍ 21നാണ് ചരിത്രം കുറിച്ച് കമ്മ്യൂണിസ്റ്റ് സര്‍വാധിപത്യത്തിന് നാന്ദികുറിച്ചുകൊണ്ട് ആദ്യമായി മുഖ്യമന്ത്രിപദമേറുന്നത്. 23 വര്‍ഷത്തെ ഭരണത്തിനുശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ 2000ല്‍ സ്വമേധയാ പടിയിറങ്ങുകയായിരുന്നു. ഏറ്റവും ദീര്‍ഘ കാലം മുഖ്യമന്ത്രിപദം കൈയാളിയ വ്യക്തിയെന്ന റെക്കോഡ് സ്വന്തമാക്കിയാണ് ബസു ഭരണം ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് കൈമാറിയത്.
1996ല്‍ പ്രധാനമന്ത്രിസ്ഥാനത്തേയ്ക്ക് നിര്‍ദേശിക്കപ്പെട്ടെങ്കിലും പാര്‍ട്ടി പോളിറ്റ്ബ്യൂറോ അതിന് പച്ചക്കൊടി കാട്ടിയില്ല. ഇതിനെ ചരിത്രപരമായ വിഡ്ഡിത്തമെന്ന് ബസു തന്നെ പില്‍ക്കാലത്ത് വിശേഷിപ്പിച്ചിരുന്നു. എച്ച്.ഡി.ദേവഗൗഡയാണ് പിന്നീട് പ്രധാനമന്ത്രിയായത്.
ബസുവിന്റെ അപേക്ഷ മാനിച്ച് 2008ലാണ് അദ്ദേഹത്തെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് ഒഴിവാക്കിയത്. എങ്കിലും പി.ബി.യിലെ പ്രത്യേക ക്ഷണിതാവായും കേന്ദ്ര കമ്മിറ്റിയംഗമായും അദ്ദേഹം തുടര്‍ന്നു.
ജ്യോതിബസുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്