Mathrubhumi Logo

ഫോട്ടോ ഫീച്ചര്‍

Posted on: 10 Nov 2009

സൈലന്റ് വാലി എന്നത് ജൈവവൈവിധ്യത്തിന്റെ അപൂര്‍വ അനുഭവമാണ്. ജീവലോകത്തിന്റെ അപാരതയില്‍ നിന്ന് അനശ്വര നിമിഷങ്ങള്‍ ഒപ്പിയെടുക്കാന്‍ സൈലന്റ് വാലി അവസരമൊരുക്കുന്നു. പ്രശസ്ത നേച്ചര്‍ ഫോട്ടോഗ്രാഫര്‍ എന്‍.പി. ജയന്‍ നിശബ്ദതാഴ്‌വരയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ചുവടെ.


1. കുന്തിപ്പുഴ :
മഞ്ഞും മഴയുമേറ്റ് കുന്നുകള്‍ക്കിടയിലൂടെ പ്രകൃതിയുടെ വരദാനമായി ഈ പുഴയൊഴുകുന്നു. ഭാരതപ്പുഴയുടെ പോഷകനദികളില്‍ അണക്കെട്ടുകൊണ്ട് തടയപ്പെടാത്ത ഒരേയൊരു നീരൊഴുക്ക് കുന്തിപ്പുഴയിലേതാണ്. കുന്തിപ്പുഴയില്‍ അണകെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശ്രമമാരംഭിച്ചത് വിവാദമായപ്പോഴാണ് ഈ വനപ്രദേശം ലോകശ്രദ്ധയാകര്‍ച്ചത്. 1984 നവംബര്‍ 15-ന് ഇവിടം നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചതോടെ സൈലന്റ് വാലിയുടെ ഭീഷണിയൊഴിഞ്ഞു.


2. സിംഹവാലന്‍ കുരങ്ങ്:
സൈലന്റ് വാലിയുടെ സ്ഥാനികജീവി. സിംഹവാലന്‍ കുരങ്ങ് വെടിപ്ലാവിന് മുകളിലിരിക്കുന്നതാണ് ഈ ദൃശ്യം. വംശനാശഭീഷണി നേരിടുന്ന ഈ ജീവിവര്‍ഗത്തിന്റെ ലോകത്തെ ഏക ആശ്രയസ്ഥാനമാണ് സൈലന്റ് വാലി. സിംഹവാലന്‍ കുരങ്ങിനെ നിലനിര്‍ത്തുന്നത് വെടിപ്ലാവാണ്. വെടിപ്ലാവുകള്‍ സുലഭമായുള്ളതാണ് സൈലന്റ് വാലി സിംഹവാലന്‍ കുരങ്ങുകളുടെ സുരക്ഷിത കേന്ദ്രമാകാന്‍ മുഖ്യകാരണം. സിംഹവാലന്‍ കുരങ്ങുകള്‍ നശിക്കും എന്നതും സൈലന്റ് വാലി പദ്ധതിക്കെതിരായ ചെറുത്തുനില്‍പ്പിന് മൂര്‍ച്ച കൂട്ടി.


3. മഴയത്ത് മരങ്ങള്‍ക്കിടയിലൂടെ:
വനത്തിനുള്ളിലൂടെ മഴയത്ത് കടന്നു പോകുന്ന വനപാലകരുടെ സംഘം. സൈലന്റ് വാലിയില്‍ നിത്യഹരിതവനത്തിന്റെ മേലാപ്പിന് താഴെ വെളിച്ചമെത്തുന്നത് അപൂര്‍വം. മാത്രമല്ല, കേരളത്തിലാകെ ശരാശരി ലഭിക്കുന്നതിലും കൂതുതല്‍ മഴ സൈലന്റ് വാലിയില്‍ ലഭിക്കുന്നു. 4600 മില്ലിമീറ്റര്‍ ആണ് ഇവിടെ ഒരു വര്‍ഷം പെയ്യുന്ന ശരാശരി മഴ.


4. കുന്നിന്‍ ചെരുവിലൊരു മാന്‍:
ജീവിവര്‍ഗങ്ങളുടെ കാര്യത്തില്‍ സൈലന്റ് വാലി സമ്പന്നമാണ്. കുരങ്ങു വര്‍ഗങ്ങള്‍, മാനുകള്‍, പുള്ളിപ്പുലികള്‍, വയാട്, പുള്ളിവെരുക്, കൂരന്‍, കാട്ടുപട്ടി, അളുങ്ക് തുടങ്ങി 315 ഇനം ജീവികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.


5. പുല്‍നാമ്പുകള്‍ തേടുന്ന ആനക്കൂട്ടം:
സൈലന്റ് വാലയില്‍ നിന്നുള്ള ഒരു അപൂര്‍വ ദൃശ്യം


6. കാട്ടിലെ കൂട്ടുകാര്‍ - പച്ചിലപ്പാമ്പും കട്ടുറുമ്പും:
ഇത്തരം എത്രയെത്ര അപൂര്‍വ നാടകങ്ങളാണ് പ്രകൃതി അതിന്റെ മടിത്തട്ടില്‍ സൂക്ഷിക്കുന്നത്.


7. കാടിന്റെ വര്‍ണാഭ:
സൈലന്റ് വാലിയിലെ വനങ്ങള്‍ സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പില്‍ നിന്ന് ആയിരം മീറ്റര്‍ ഉയരെയുള്ള ഒരു പീഠഭൂമിയിലാണ്. ചെങ്കുത്തായ മലയിടുക്കുകളും കൊടുമുടികളുമുണ്ട് ഇവിടെ. 700 മീറ്റര്‍ മുതല്‍ 2383 മീറ്റര്‍ വരെ ഉയരത്തിലുള്ള പ്രദേശങ്ങള്‍ സൈലന്റ് വാലിയിലുണ്ട്. വെറും 8952 ഹെക്ടര്‍ വനപ്രദേശമുള്ള സൈലന്റ് വാലിയില്‍ രണ്ടായിരത്തോളം ഇനം സസ്യങ്ങളുണ്ട്. അതില്‍ ആയിരം ഇനങ്ങള്‍ പുഷ്പിക്കുന്നവയും ബാക്കിയുള്ളവ പുഷ്പിക്കാത്തയിനങ്ങളും. ഔഷധസസ്യങ്ങളും അപൂര്‍വയിനങ്ങളും വംശനാശഭീഷണി നേരിടുന്നവയും അതില്‍ പെടുന്നു. ഏതാണ്ട് 67 സസ്യയിനങ്ങളെ സമീപകാലത്ത് ഇവിടെനിന്ന് പുതിയതായി കണ്ടെത്തിയിട്ടുണ്ട്.


8. ഒരു നോക്കു കാണാന്‍:
വംശനാശ ഭീഷണി നേരുടന്ന ബ്രൗണ്‍ പാം സിവറ്റിന്റെ അപൂര്‍വദൃശ്യം. ഇവ മാത്രമല്ല, വരയാട്, സിംഹവാലന്‍ കുരങ്ങ് തുടങ്ങി വംശനാശം നേരിടുന്ന ഒട്ടേറെ ജീവികളുടെ സങ്കേതമാണ് സൈലന്റ് വാലി.


9. പച്ചത്തവളയുടെ തപസ്സ്:
ഈ തവളയും സൈലന്റ് വാലിക്ക് സ്വന്തം. ഇതുള്‍പ്പടെ 19 ഇനം ഉഭയജീവികളും 35 ഇനം ഇഴജന്തുക്കളും 12 ഇനം മത്സ്യങ്ങളും ആറിനം വവ്വാലുകളും നൂറിനം ചിത്രശലഭങ്ങളും 400 ഇനം നിശാശലഭങ്ങളും 220 ഇനം പ്രാണികളും സൈലന്റ് വാലയില്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഉഭയജീവികളില്‍ 14 ഇനങ്ങളും ഇഴജന്തുക്കളില്‍ 11 ഇനങ്ങളും സൈലന്റ് വാലിയില്‍ മാത്രം കാണപ്പെടുന്നവയാണ്.


10. മണ്ണുകൊണ്ടൊരു കുളി:
ശരീരത്തില്‍ മണ്ണ് വാരിയിട്ട് കുടഞ്ഞു വൃത്തിയാക്കുന്ന ആന.

ganangal