സൈലന്റ് വാലിക്ക് വേണ്ടി ശബ്ദിച്ച നാവുകള്‍
Posted on: 11 Nov 2009

സൈലന്റ് വാലിയിലെ കുന്തിപ്പുഴയില്‍ അണകെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 1973-ല്‍ പ്ലാനിങ് കമ്മീഷന്‍ സംസ്ഥാനസര്‍ക്കാരിന് അനുമതി നല്‍കിയതോടെയാണ് ആ വനമേഖല ഭീഷണിയുടെ നിഴലിലായത്. വിവിധഭാഗത്തു നിന്നുണ്ടായ ചെറുത്തു നില്‍പ്പുകള്‍ക്കൊടുവില്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. 1984 നവംബര്‍ 15-ന് സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചു. ഒരര്‍ഥത്തില്‍ ഹരിതാഭയുടെ പുതിയൊരു അധ്യായം കേരളത്തില്‍ ആരംഭിക്കുകയായിരുന്നു. കാടിനെ നശിപ്പിച്ചുകൊണ്ട് വന്‍കിട ജലവൈദ്യുത പദ്ധതികളൊന്നും പിന്നീട് കേരളത്തില്‍ ഉണ്ടായില്ല. കാടും പരിസ്ഥിതിയും നശിപ്പിക്കാനുള്ളതല്ല, സംരക്ഷിക്കാനുള്ളതാണെന്ന് പുതിയൊരു അവബോധം വളര്‍ന്നു. സൈലന്റ് വാലി നാഷണല്‍പാര്‍ക്കിന് ഇപ്പോള്‍ കാല്‍നൂറ്റാണ്ട് തികയുന്നു.
സൈലന്റ് വാലിക്കു വേണ്ടി നടന്ന ചെറുത്തുനില്‍പ്പിന് പിന്നില്‍ ഒട്ടേറെ സുമനസുകളുടെ അക്ഷീണപ്രയത്‌നമുണ്ട്, ത്യാഗമുണ്ട്. പരിഹാസങ്ങളും ഭീഷണികളും അവഗണിച്ച് മുന്നോട്ടുപോകാന്‍ അവര്‍ കാണിച്ച തന്റേടമാണ് സൈലന്റ് വാലിയെ രക്ഷിച്ചത്. അതിന് വേണ്ടി ആദ്യാവസാനം നിലകൊണ്ട, ഒരര്‍ഥത്തില്‍ ആ ചെറുത്തു നില്‍പ്പുകള്‍ക്ക് തുടക്കമിട്ടവരില്‍ തന്നെ പ്രധാനിയാണ് പ്രൊഫ. എം.കെ.പ്രസാദ്. ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റായ അദ്ദേഹം യുണൈറ്റഡ് നേഷന്‍സ് പരിസ്ഥിതി പ്രോഗ്രാ (യു.എന്‍.ഇ.പി) മിന്റെ മില്ലേനിയം ഇക്കോസിസ്റ്റം അസെസ്സ്‌മെന്റ് ബോര്‍ഡംഗമായിരുന്നു. ഐ.യു.സി.എന്‍, ഡബ്ല്യു.ഡബ്ല്യു.എഫ് ഇന്ത്യ, ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി (ബി.എന്‍.എച്ച്.എസ്), ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിരോണ്‍മെന്റ് (സി.എസ്.ഇ), അഹമ്മദാബാദിലെ വാട്ടര്‍ കോണ്‍ഫ്ലക്ട് ഫോറം തുടങ്ങി ഒട്ടേറെ സംഘടനകളിലും ഫോറങ്ങളിലും അംഗമായി ഇന്നും പ്രവര്‍ത്തിക്കുന്നു. സൈലന്റ് വാലി പ്രശ്‌നം എങ്ങനെ ഒരു ജനതയുടെ മനസാക്ഷിയുടെ പ്രതിഫലനമായി മാറിയെന്നും, ഇന്ത്യയിലെ തന്നെ ആദ്യ ബഹുജന പരിസ്ഥിതിവിദ്യാഭ്യാസ പ്രസ്ഥാനമായി സൈലന്റ് വാലി എങ്ങനെ രൂപപ്പെട്ടെന്നും അദ്ദേഹം വിവരിക്കുന്നു. പ്രൊഫ. എം.കെ. പ്രസാദുമായി ജോസഫ് ആന്റണി നടത്തിയ അഭിമുഖം.
സൈലന്റ് വാലി ഭീഷണിയുടെ നിഴലില്‍ നിന്ന് ഒഴിഞ്ഞത് അതൊരു നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ്. ആ പ്രഖ്യാപനത്തിന് 2009 നവംബര്‍ 15-ന് കാല്‍നൂറ്റാണ്ട് തികയുന്നു. സൈലന്റ് വാലിയെ രക്ഷിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയെന്ന നിലയില്‍ ആ സമരത്തെ ഇന്ന് എങ്ങനെ കാണുന്നു ?
സമരം എന്ന് പറയുന്നത് ശരിയല്ല. സൈലന്റ് വാലി സംരക്ഷിക്കുന്നതിനായി പദ്ധതിയെ എതിര്‍ത്തു കൊണ്ടുള്ള ആസൂത്രിതമായ സമരമോ പ്രക്ഷോഭമോ ഒന്നും നടന്നിട്ടില്ല, ചെറുത്തുനില്‍പ്പ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.
ഇടുക്കി പൂര്‍ത്തിയാകുന്ന സമയത്താണ് സൈലന്റ്‌വാലി പദ്ധതി അംഗീകരിക്കപ്പെടുന്നത്. ഇടുക്കിയിലേത് ഉള്‍പ്പടെ കേരളത്തില്‍ അന്നുവരെ ഒരു ജലവൈദ്യുത പദ്ധതിക്കും ഉണ്ടാകാത്തത്ര തോതിലുള്ള എതിര്‍പ്പ് സൈലന്റ്‌വാലി പദ്ധതിയുടെ കാര്യത്തിലുണ്ടായി. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു, അതിന്റെ പശ്ചാത്തലം എന്തായിരുന്നു?
സൈലന്റ് വാലി പദ്ധതിക്ക് 1973ല്‍ പ്ലാനിങ് കമ്മിഷന്റെ അനുമതി കിട്ടിയതാണ്. അന്ന് പക്ഷേ, സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പക്കല്‍ പണമില്ലാതിരുന്നതിനാലോ എന്തോ അവര്‍ പദ്ധതിയുടെ നിര്‍മാണത്തിന് കാര്യമായി ഒന്നും ചെയ്തില്ല. ഇടുക്കി പദ്ധതി കമ്മിഷന്‍ ചെയ്തതിന് ശേഷം ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സമ്മര്‍ദഫലമായാണ് സൈലന്റ് വാലി പദ്ധതി ഇലക്ട്രിസിറ്റി ബോര്‍ഡ് ഏറ്റെടുക്കുന്നത്. യഥാര്‍ഥത്തില്‍, സൈലന്റ് വാലി പദ്ധതി അംഗീകരിക്കപ്പെട്ട് വര്‍ഷങ്ങളോളം അതിനെതിരെ ആരും പ്രതികരിച്ചില്ല എന്നതാണ് വാസ്തവം. സൈലന്റ് വാലി എന്നൊരു പ്രദേശമുണ്ടെന്നു പോലും കേരളത്തില്‍ അധികമാര്‍ക്കും അറിയില്ലായിരുന്നു. സംരക്ഷിക്കപ്പെടേണ്ട ഒരു സ്ഥലമാണ് സൈലന്റ് വാലിയെന്ന് ആളുകള്‍ മനസിലാക്കി തുടങ്ങുന്നത്, വേള്‍ഡ് വൈഡ് ലൈഫ് ഫണ്ടിന്റെ ട്രസ്റ്റികളിലൊരാളും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ സഫര്‍ ഫത്തേഹല്ലിയോട്, പശ്ചിമഘട്ടത്തില്‍ സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങള്‍ ഏതെങ്കിലുമുണ്ടെങ്കില്‍ അത് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം 'നാഷണല്‍ കമ്മറ്റി ഫോര്‍ എന്‍വിരോണ്‍മെന്റ് പ്ലാനിങ് ആന്‍ഡ് കണ്‍സര്‍വെഷന്‍'(എന്‍.സി.പി.സി.ഇ) ആവശ്യപ്പെടുന്നതോടെയാണ്; 1976-ലായിരുന്നു അത്.
ഫത്തേഹല്ലിയും സംഘവും കര്‍ണാടകത്തില്‍ നിന്നാണ് തുടങ്ങിയത്. ആദ്യം കുദ്രമുഖില്‍ പോയി. നല്ല മഴക്കാടുകളുണ്ടായിരുന്ന അവിടം ഖനനം മൂലം നശിച്ചു കഴിഞ്ഞതായി മനസിലാക്കി. അങ്ങനെ അവര്‍ തെക്കോട്ടു വന്നു, സൈലന്റ് വാലി കണ്ടു. സംരക്ഷിക്കപ്പെടേണ്ട കുറ്റമറ്റ പ്രദേശമാണ് അതെന്ന് ഫത്തേഹല്ലിയും സംഘവും മനസിലാക്കി. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട, ഒരു സ്ഥലത്തുകൂടി മാത്രം മനുഷ്യന് എത്തിപ്പെടാന്‍ കഴിയുന്ന വനപ്രദേശമാണ് സൈലന്റ് വാലി. മാത്രമല്ല, അവിടുള്ളത് കന്യാവനമാണ്, യഥാര്‍ഥ ഉഷ്ണമേഖലാ മഴക്കാട്. പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും അവിടെ ഒരു ജലവൈദ്യുത പദ്ധതിക്ക് സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആ പദ്ധതി വന്നാല്‍, സൈലന്റ് വാലിയിലെ വനം സംരക്ഷിക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും, മുന്‍കരുതലുകള്‍ എന്തൊക്കെ വേണം എന്നു കാണിച്ച് ഫത്തേഹല്ലിയും സംഘവും റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു.
അന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടി (ഡബ്ല്യു.ഡബ്ല്യു.എഫ്) ന്റെ സതേണ്‍ കമ്മറ്റിയില്‍ അംഗമായിരുന്ന എന്റെ പക്കല്‍, ഫത്തേഹല്ലിയുടെ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി വന്നുപെട്ടു. ആ റിപ്പോര്‍ട്ടില്‍ നിന്നാണ് സൈലന്റ് വാലിയെപ്പറ്റി ഞാന്‍ ആദ്യമായി അറിയുന്നത്. ഇത്ര വിലപ്പെട്ട വനപ്രദേശമാണ് സൈലന്റ് വാലിയെങ്കില്‍ അതൊന്ന് കാണണമല്ലോ എന്ന് കരുതി. അന്ന് ഞാന്‍ കാലിക്കറ്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബോട്ടണി അധ്യാപകനാണ്. അവിടുത്തെ സുവോളജി വകുപ്പിലെ രാമകൃഷ്ണന്‍ പാലാട്ടുമായി ചേര്‍ന്ന് സൈലന്റ് വാലി സന്ദര്‍ശിക്കാന്‍ തിരിച്ചു. മണ്ണാര്‍ക്കാട് മൂപ്പില്‍ നായരുടെ കുടുംബത്തില്‍പെട്ട ശ്രീകുമാര്‍ എന്ന ചെറുപ്പക്കാരന്‍ അന്ന് കാലിക്കറ്റ് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നുണ്ട്, അദ്ദേഹവും സഹായിച്ചു. രാമകൃഷ്ണന്‍ പാലാട്ടിന്റെ ക്ലാസ്‌മേറ്റായിരുന്ന ശങ്കരന്‍ എന്നയാള്‍ അന്ന് വനംവകുപ്പിന്റെ മണ്ണാര്‍ക്കാട് ഓഫീസിലുണ്ട്. ഞങ്ങളെ സൈലന്റ് വാലിയില്‍ കൊണ്ടുപോകാമെന്ന് അദ്ദേഹം ഏറ്റു. ശങ്കരന് രാവിലെ ഡ്യൂട്ടിയായിരുന്നതിനാല്‍, ഉച്ചകഴിഞ്ഞായിരുന്നു യാത്ര. വനംവകുപ്പിന്റെ ജീപ്പില്‍ മുക്കാലിയിലെത്തിയപ്പോള്‍ നല്ല മഴ. മഴ വകവെയ്ക്കാതെ യാത്ര തുടര്‍ന്നു, സൈലന്റ് വാലിയില്‍ നിന്ന് തിരിച്ചെത്തുമ്പോഴേക്കും ഇരുട്ടായി. ശങ്കരന്റെ പരിചയക്കാരന് അടുത്തൊരു എസ്റ്റേറ്റുണ്ട്, അവിടുത്തെ ബംഗ്ലാവില്‍ അന്ന് രാത്രി കഴിഞ്ഞു. പിറ്റേന്ന് പകല്‍ ഒന്നുകൂടി സൈലന്റ് വാലിയിലെത്തി അവിടം വിശദമായി കണ്ട് മടങ്ങി.
സൈലന്റ് വാലി ചര്‍ച്ചയാകുന്നു
തിരിച്ചെത്തിയ ശേഷം ആ പ്രദേശത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങി കിട്ടാവുന്ന വിവരങ്ങള്‍ സംഘടിപ്പിച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുഖപത്രമായ 'ശാസ്ത്രഗതി' മാസികയില്‍ ഒരു ലേഖനമെഴുതി-'സൈലന്റ് വാലി-ഒരു ഇക്കോളജിയ സമീപനം' എന്നായിരുന്നു അതിന്റെ തലക്കെട്ട്. സൈലന്റ് വാലിയില്‍ ജലവൈദ്യുത പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് മലയാളത്തില്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനമായിരുന്നു അത്. ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് വാദിച്ച് ഒരു ഇലക്ട്രിസിറ്റി എന്‍ജിനിയര്‍ ശാസ്ത്രഗതിയുടെ അടുത്ത ലക്കത്തില്‍ മറുപടിയെഴുതി, അതിനൊരു മറുപടി അതിനടുത്ത ലക്കത്തില്‍...അങ്ങനെ ചെറിയ തോതിലാണെങ്കിലും ആ പ്രശ്‌നം ചര്‍ച്ചയായി മാറി. പക്ഷേ, അക്കാലത്ത് പരിഷത്തിനുള്ളില്‍ സൈലന്റ് വാലിയെപ്പറ്റി കാര്യമായ ചര്‍ച്ചയൊന്നും ഉണ്ടായില്ല.

ജോണ്‍സി ജേക്കബ്ബിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ കോളേജില്‍ സുവോളജി ക്ലബ്ബ് പ്രവര്‍ത്തിച്ചിരുന്നു. പ്രകൃതിസംരക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാന്‍ എല്ലാവര്‍ഷവും അവര്‍ ക്യാമ്പ് നടത്തുക പതിവാണ്; പ്രകൃതി സഹവാസക്യാമ്പ് എന്ന പേരില്‍. ഏഴിമല ഭാഗത്തു നടന്ന ആദ്യക്യാമ്പില്‍ ക്ലാസെടുക്കാന്‍ കെ.കെ.നീലകണ്ഠന്‍ (ഇന്ദുചൂഡന്‍), സുവോളജി വകുപ്പിലുണ്ടായിരുന്ന ഡി.എം.മാത്യു എന്നിവര്‍ക്കൊപ്പം എന്നെയും ക്ഷണിച്ചു. അന്നത്തെ ഒരാവേശത്തില്‍, സൈലന്റ് വാലിയില്‍ അണക്കെട്ട് വരുന്നതിനെക്കുറിച്ച് ഞാന്‍ ആ ക്യാമ്പില്‍ സംസാരിച്ചു. അതൊരു ചര്‍ച്ചയായി. ജോണ്‍സി പറഞ്ഞു, ഇത് അങ്ങനെ വിടാന്‍ പറ്റില്ല, ഇതിനെതിരെ ഒരു ക്യാമ്പയില്‍ ആരംഭിക്കണം. അങ്ങനെ, സൈലന്റ് വാലി സംരക്ഷിക്കാനായി ഒരു പബ്ലിക്ക് ക്യാമ്പയില്‍ ആദ്യമായി നടക്കുന്നത് ജോണ്‍സി ജേക്കബ്ബിന്റെ നേതൃത്വത്തിലാണ്. കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ കുട്ടികളുടെ ധര്‍ണ ഉള്‍പ്പടെയുള്ളവ അവര്‍ സംഘടിപ്പിച്ചു. അവര്‍ സംഘടിപ്പിക്കുന്ന യോഗങ്ങളിലും ചര്‍ച്ചകളിലും സൈലന്റ് വാലി സജീവ ചര്‍ച്ചാവിഷയമായി. അങ്ങനെ മലബാര്‍ ഭാഗത്ത് കൂടുതല്‍ പേരിലേക്ക് സൈലന്റ് വാലിയുടെ സന്ദേശം എത്തി. മാത്രമല്ല, ജോണ്‍സി ജേക്കബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ടിന്റെ പിന്തുണയും ഉണ്ടായിരുന്നു. അതുവഴി ബോംബൈ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി (ബി.എന്‍.എച്ച്.എസ്) വരെ ഈ ക്യാമ്പയിന്റെ കാര്യം എത്തി.
സൈലന്റ് വാലി പ്രക്ഷോഭം തുടങ്ങിയത് ശാസ്ത്രസാഹിത്യ പരിഷത്തല്ല എന്നൊരു വിവാദം അടുത്തയിടെ തലപൊക്കിയത്, ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍ അല്ലേ?

തങ്ങളാണ് സൈലന്റ് വാലി പ്രക്ഷോഭം തുടങ്ങിയതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലല്ലോ, പിന്നെന്ത് വിവാദം. ശരിക്കു പറഞ്ഞാല്‍ അത് ആളുകളുടെ ഒരു തോന്നലാണ്.
ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു ഔദ്യോഗിക തീരുമാനം എടുക്കുംമുമ്പ് ഞാന്‍ ഈ വിഷയവുമായി മുന്നോട്ടു പോകുന്നത് വ്യക്തിപരമായി അടുപ്പമുള്ള ഒട്ടേറെപ്പേരുടെ സഹായത്തോടെയും പിന്തുണയോടെയുമാണ്. അന്ന് ഇക്കാര്യത്തില്‍ ഏറെ സഹായം ചെയ്ത വ്യക്തി, തിരുവനന്തപുരത്ത് കേരള നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി കണ്‍വീനറായിരുന്ന പരിസ്ഥിതി ഗവേഷകന്‍ ഡോ. സതീഷ്ചന്ദ്രന്‍ നായരാണ്. സൈലന്റ് വാലി അടക്കമുള്ള പശ്ചിമഘട്ട പ്രദേശങ്ങളില്‍ ഫീല്‍ഡ് സ്റ്റഡി നടത്തിയിട്ടുള്ള അദ്ദേഹം, വിലപ്പെട്ട പിന്തുണയാണ് ഞങ്ങള്‍ക്ക് നല്‍കിയിരുന്നത്.

മറ്റൊരു വ്യക്തി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടി (കെ.എഫ്.ആര്‍.ഐ)ലെ ഡോ. വി.എസ്.വിജയന്‍. അതുപോലെ ബൊട്ടാണിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ഡോ.എന്‍.സി.നായര്‍ (രാജസ്ഥാനില്‍ ബിര്‍ല ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ എന്റെ അധ്യാപകനായിരുന്നു ഡോ.എന്‍.സി.നായര്‍ ), സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ഡോ. ആര്‍.വി.പിള്ള., ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്. അങ്ങനെ ഒട്ടേറെ വ്യക്തികളും സംഘടനകളും സമ്മേളനങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സൈലന്റ് വാലിക്കെതിരായ ചെറുത്തുനില്‍പ്പിന്റെ മൂര്‍ച്ച കൂട്ടാന്‍ സഹായിച്ചു.

കത്തുകളെഴുതിയും ശാസ്ത്രസമ്മേളനങ്ങളിലും യോഗങ്ങളിലും ഇക്കാര്യം അവതരിപ്പിച്ചുമൊക്കെ അത് 'സേവ് സൈലന്റ് വാലി ക്യാമ്പയിനാ'യി മാറി. 1979-81 കാലത്താണ് സേവ് സൈലന്റ് വാലി കാമ്പയിന്‍ ഏറ്റവും ശക്തമാകുന്നത്. അപ്പോഴേക്കും ഡോ.സാലിം അലി ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഇന്ത്യന്‍ ഭരണാധികാരികള്‍ വലിയ വില കല്‍പ്പിച്ചിരുന്നു. അക്കാലത്താണ് ബാംഗ്ലൂരിലെ മാധവ് ഗാഡ്ഗില്‍, ഫാ.സല്‍ദാന തുടങ്ങിയവരും സൈലന്റ് വാലി പ്രശ്‌നത്തില്‍ ഇടപെട്ട് തുടങ്ങുന്നത്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പോലുള്ള സംഘടനകളുമായി ബന്ധമുള്ളതിനാല്‍ ഇവരൊക്കെയായി സജീവമായി ബന്ധം സ്ഥാപിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു.
കെ.പി.എസ്.മേനോന്‍ ആണ് ആ സമയത്ത് ആ ക്യാമ്പയിന് ശക്തിപകര്‍ന്ന മറ്റൊരു വ്യക്തിത്വം. യാദൃശ്ചികമായാണ് അദ്ദേഹം അതില്‍ ഉള്‍പ്പെടുന്നത്. അക്കാലത്ത് മലയാള മനോരമയില്‍ 'ഇനിയൊരു ജന്മമുണ്ടെങ്കില്‍' എന്നൊരു പരമ്പര ഉണ്ടായിരുന്നു. ആ പരമ്പരയില്‍ കെ.പി.എസ്.മേനോന്‍ എഴുതി, 'ഇനിയൊരു ജന്മമുണ്ടെങ്കില്‍ അത് ഞാന്‍ വൃക്ഷങ്ങളെ പരിപാലിക്കാനും കാട് സംരക്ഷിക്കാനുമായി ചെലവഴിക്കു'മെന്ന്. ഞാന്‍ അദ്ദേഹത്തിന് ഒരു കത്തെഴുതി: താങ്കള്‍ക്ക് ഇനിയൊരു ജന്മമില്ല, ഈ ജന്മത്തില്‍ ഇനിയും സമയമുണ്ട്. ഇവിടെയിതാ സൈലന്റ് വാലി എന്നൊരു അമൂല്യവനപ്രദേശം നശിപ്പിച്ചു കൊണ്ട് ഒരു പദ്ധതി വരുന്നു. അതിന്റെ ഗുണങ്ങള്‍ ഇതാണ്, ദോഷങ്ങള്‍ ഇതാണ്. സൈലന്റ് വാലി സംരക്ഷിക്കാനുള്ള ശ്രമത്തില്‍ താങ്കള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം. അദ്ദേഹം ഉടന്‍ മറുപടി അയച്ചു-'നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്, ഇനിയുള്ള ജീവിതം ഇതിന് വേണ്ടി മാറ്റിവെയ്ക്കാന്‍ ഞാന്‍ തയ്യാറാണ്'. സൈലന്റ് വാലിയെക്കുറിച്ച് അദ്ദേഹം വിശദമായി പഠിച്ചു. എന്നിട്ട്, എം.ജി.കെ.മേനോന്‍, ഡോ. സാലിം അലി, കേരള അസംബ്ലിയിലെ എം.എല്‍.എ.മാര്‍, മുഖ്യമന്ത്രി ഇ.കെ.നായനാര്‍, എന്തിന് ഇന്ദിരാഗാന്ധിക്കു വരെ അദ്ദേഹം സൈലന്റ് വാലി നശിപ്പിക്കരുതെന്ന് കാണിച്ച് കത്തെഴുതി.
പരിഷത്തില്‍ എപ്പോഴാണ് സൈലന്റ് വാലി ചര്‍ച്ചയാകുന്നത്?

പരിഷത്തില്‍ സൈലന്റ് വാലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആദ്യം ചര്‍ച്ച ചെയ്യുന്നത് ഡോ. എം.പി.പരമേശ്വരനും ഞാനും ചേര്‍ന്നാണ്. എം.പി.പരമേശ്വരന്‍ പറഞ്ഞു- 'എം.കെ.പി. പറയുന്നത് ഈ പ്രശ്‌നത്തിന്റെ ജീവശാസ്ത്രപരവും പാരിസ്ഥിതികവുമായ വശങ്ങളാണ്. പക്ഷേ, ഇതൊരു സാമൂഹികപ്രശ്‌നമായി മാറുകയും കൂടുതല്‍ ആളുകള്‍ക്ക് ഇതില്‍ താത്പര്യമുണ്ടാവുകയും ചെയ്യണമെങ്കില്‍ സൈലന്റ് വാലിക്ക് വേറൊരു മാനം നല്‍കണം, സോഷ്യോ-ഇക്കണോമിക് മാനം'. കാരണം, ഈ പദ്ധതി വന്നില്ലെങ്കില്‍ മലബാര്‍ മേഖലയില്‍ വൈദ്യുതിയുണ്ടാകില്ല എന്നാണ് ജനങ്ങളുടെ ചിന്താഗതി. വൈദ്യുതിയില്ലെങ്കില്‍ വികസനവും വരില്ല. സ്വാഭാവികമായും ആ വാദമാണ് സാധാരണജനങ്ങളെ കൂടുതല്‍ സ്വാധീനിക്കുക. അങ്ങനെയാണ് ഈ പ്രശ്‌നത്തിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച തുടങ്ങുന്നത്.
ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അന്നത്തെ നയം, കൂടുതല്‍ ജലവൈദ്യുതി ഉത്പാദിപ്പിച്ച് ഹൈടന്‍ഷന്‍ ലൈനുകള്‍ വഴി അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടിനും കര്‍ണാടകത്തിനും വിറ്റു പണമുണ്ടാക്കുക എന്നതായിരുന്നു. വീടുകളിലും കടകളിലും വൈദ്യുതി കണക്ഷന്‍ ലഭിക്കാനായി ഏതാണ്ട് ഒന്നേകാല്‍ ലക്ഷം അപേക്ഷകര്‍ കേരളത്തില്‍ കാത്തിരിക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം. പാലക്കാടിന്റെയും മലബാറിന്റെയും വൈദ്യുതിക്ഷാമം തീര്‍ക്കാന്‍ സൈലന്റ് വാലിയാണോ അനുയോജ്യമായ മാര്‍ഗം, കൂടുതല്‍ ഫലപ്രദമായ ബദല്‍ നിര്‍ദ്ദേശിക്കാനുണ്ടോ. പദ്ധതിയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കൊപ്പം ഇക്കാര്യവും ഞങ്ങള്‍ പഠിക്കാനാരംഭിച്ചു.
ആ സമയത്ത്, ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതാവായ ഹബീബ്, സൈലന്റ് വാലി പ്രശ്‌നം സംസാരിക്കാന്‍ എം.പി. പരമേശ്വരനെയും വി.കെ.ദാമോദരനെയും എന്നെയും വിളിച്ചു. എന്താണ് നിങ്ങള്‍ പദ്ധതിയെ എതിര്‍ക്കാന്‍ കാരണം എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. ഞാന്‍ അതിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. കേരളത്തിലെ വൈദ്യുതിയാവശ്യം പരിഹരിക്കാന്‍ പര്യാപ്തമായ ഒന്നല്ല സൈലന്റ് വാലി പദ്ധതി എന്ന് പറയാന്‍ കാരണമെന്തെന്ന് എം.പി.പരമേശ്വരനും വി.കെ.ദാമോദരനും വിശദീകരിച്ചു. 1980-82 കാലത്ത് കേരളം കടുത്ത വൈദ്യുതിക്ഷാമം നേരിടും. അത് പരിഹരിക്കാന്‍ സൈലന്റ് വാലി കൊണ്ട് പറ്റില്ല. അതിന്റെ കണക്കുകളും സ്റ്റാറ്റിസ്റ്റിക്കുകളും അവര്‍ അവതരിപ്പിച്ചു. മാത്രമല്ല, സൈലന്റ് വാലിയില്‍ നിന്നുള്ള വൈദ്യുതി ഇല്ലെങ്കിലും, പാലക്കാട് ജില്ലയ്ക്കും മലബാറിനും വൈദ്യുതിയെത്തിക്കാനുള്ള മാര്‍ഗം എം.പി.പരമേശ്വരന്‍ വിവരിച്ചു. ഹൈടെന്‍ഷന്‍ ലൈനുകള്‍ വഴി അയല്‍ സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി വില്‍ക്കുന്നത് നിര്‍ത്തിയിട്ട് പാലക്കാട്ട് 220 കെ.വി.സ്റ്റേഷന്‍ സ്റ്റാപിക്കുക, കോഴിക്കോട്ടും സ്ഥാപിക്കുക. ഈ മേഖല മുഴുവന്‍ വൈദ്യുതി വിതരണം സാധ്യമാകും. അതിന്റെ അടുത്തഘട്ടം എന്ന നിലയ്ക്ക് ഒരു താപവൈദ്യുത നിലയം സ്ഥാപിക്കാന്‍നടപടി തുടങ്ങുക. യൂണിയന്‍ നേതാവ് പറഞ്ഞു, ഇങ്ങനെയൊരു വശം ഇതിനുണ്ടെന്ന് ഇതുവരെ ആരും ഞങ്ങള്‍ക്ക് പറഞ്ഞു തന്നിട്ടില്ല, അതുകൊണ്ട് ഇതെപ്പറ്റി വിശദമായി ചര്‍ച്ച നടത്താന്‍ നിങ്ങളെ യൂണിയന്‍ ഔദ്യോഗികമായി ക്ഷണിക്കുന്നുണ്ട്. പക്ഷേ, ഇന്നേവരെ അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ല.
അങ്ങനെ പരിഷത്തിനുള്ളില്‍ എം.പി. പരമേശ്വരനും വി.കെ.ദാമോദരനും സൈലന്റ് വാലി പ്രശ്‌നത്തിന്റെ പ്രധാന്യം ബോധ്യമായി. അതേത്തുടര്‍ന്ന് സംഘടനയെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ഒരു രേഖ വേണമെന്നായി. അത് തയ്യാറാക്കാനായി എം.പി.പരമേശ്വരന്‍, വി.കെ.ദാമോദരന്‍, കെ.പി.കണ്ണന്‍, ശ്യാംസുന്ദരന്‍ നായര്‍ എന്നിവര്‍ക്കൊപ്പം എന്നെയും ചുമതലപ്പെടുത്തി. (ആ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യമായ വനം-വന്യജീവി-പരിസ്ഥിതി ഡേറ്റ കിട്ടുന്നത് കെ.എഫ്.ആര്‍.ഐ.യില്‍ നിന്നാണ്. സൈലന്റ് വാലി പദ്ധതി കൊണ്ട് പരിസ്ഥിതിക്ക് ദോഷമുണ്ടാകില്ല എന്നൊരു റിപ്പോര്‍ട്ടുണ്ടാക്കാന്‍ അക്കാലത്ത് കെ.എഫ്.ആര്‍.ഐ.യെ സംസ്ഥാന അധികാരികള്‍ ചുമതലപ്പെടുത്തുകയുണ്ടായി. ഡോ. വി. എസ്.വിജയന്‍, ഡോ.ശങ്കര്‍ തുടങ്ങിയവര്‍ക്കായിരുന്നു ആ 'അനുകൂല'റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ചുമതല. പക്ഷേ. അനുകൂല റിപ്പോര്‍ട്ടിന് പകരം അവര്‍ തികച്ചും ശാസ്ത്രീയമായ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്, പദ്ധതി വന്നാല്‍ സൈലന്റ് വാലി നശിക്കും എന്നായിരുന്നു റിപ്പോര്‍ട്ടിലെ നിഗമനം. അതിന്റെ ഒരു കോപ്പി ഡോ.സതീഷ്ചന്ദ്രന്‍ നായര്‍ ഡോ. വിജയനോട് വാങ്ങി എനിക്കു തന്നു).
വി.കെ.ദാമോദരന്‍ അന്ന് ആര്‍.ഇ.സി.യിലെ അധ്യാപകനാണ്, കെ.പി.കണ്ണന്‍ സി.ഡി.എസ്സിലെ ഫെലോയും. കാര്‍ഷികവിദഗ്ധനാണ് ഡോ.ശ്യാംസുന്ദരന്‍ നായര്‍. സൈലന്റ് വാലി പദ്ധതിയുടെ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക, കാര്‍ഷിക പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ആദ്യമായി വിലയിരുത്തപ്പെടുന്നത് ഞങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്. 'സൈലന്റ് വാലി ഹൈഡ്രോഇലക്ട്രിക് പ്രോജക്ട്-എ ടെക്‌നോ എക്കണോമിക്‌സ് ആന്‍ഡ് സോഷ്യോ പൊളിറ്റിക്കല്‍ അസെസ്സ്‌മെന്റ്' എന്നായിരുന്നു റിപ്പോര്‍ട്ടിന്റെ പേര്. പദ്ധതികള്‍ നടപ്പാക്കുംമുമ്പ് അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതം പഠിക്കുന്ന രീതി അന്ന് ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങളില്‍ എത്തിയിട്ടില്ല. എന്നാല്‍, ആ രീതിയിലുള്ള, പദ്ധതി വന്നാല്‍ എന്തു ഗുണം, എന്തു ദോഷം എന്ന് വിശകലനം ചെയ്യുന്ന, റിപ്പോര്‍ട്ടായിരുന്നു ഞങ്ങളുടേത്. ഇംഗ്ലീഷില്‍ അച്ചടിച്ച റിപ്പോര്‍ട്ടിന് അന്ന് രണ്ടര രൂപയായിരുന്നു വില. (കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പില്‍ സൈലന്റ് വാലി പ്രശ്‌നം സംബന്ധിച്ച ഫയല്‍ തുടങ്ങാന്‍ അവരുടെ പക്കലുണ്ടായിരുന്ന രേഖ, യഥാര്‍ഥത്തില്‍ ഞങ്ങളുടെ ആ റിപ്പോര്‍ട്ടിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയായിരുന്നു).
മുമ്പ് പരിഷത്തിന്റെ സംസ്ഥാന എക്‌സിക്യുട്ടീവ് കൂടുമ്പോഴൊക്കെ സൈലന്റ് വാലി പ്രശ്‌നം സംബന്ധിച്ച് ഞാനൊരു പ്രമേയം അയയ്ക്കുമായിരുന്നു (അന്ന് ഞാന്‍ എക്‌സിക്യുട്ടീവ് കമ്മറ്റിയിലില്ല). പ്രമേയം കമ്മറ്റിയില്‍ വായിച്ച് തള്ളുകയായിരുന്നു പതിവ്. 1978 ഒക്ടോബറില്‍ ഞങ്ങള്‍ അഞ്ചുപേരും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ കരടുരേഖ പരിഷത്തിന്റെ എക്‌സിക്യുട്ടീവ് കമ്മറ്റിയില്‍ അവതരിപ്പിക്കപ്പെട്ടു. (റിപ്പോര്‍ട്ട് അച്ചടിച്ച് പുറത്തിറക്കുന്നത് 1979-ല്‍). ചര്‍ച്ചയ്ക്ക് ശേഷം സൈലന്റ് വാലി പദ്ധതിക്കെതിരെ പരിഷത്ത് പ്രമേയം പാസാക്കി. 'സൈലന്റ് വാലി സംരക്ഷിക്കപ്പെടേണ്ട ഒരു അമൂല്യ പ്രദേശമാണെന്നും, പക്ഷേ വൈദ്യുതാവശ്യവും നിറവേറ്റപ്പെടണം, അതിനാല്‍ മറ്റെല്ലാ സ്രോതസ്സുകളും ഉപയോഗിച്ച ശേഷവും ഒരു ജലവൈദ്യുത പദ്ധതി വേണമെന്ന് കണ്ടാല്‍ അന്നേ സൈലന്റ് വാലി പദ്ധതി പരിഗണിക്കാവൂ' എന്നായിരുന്നു പ്രമേയം. അതോടെയാണ് സൈലന്റ് വാലി പ്രശ്‌നം പരിഷത്തില്‍ സജീവമായത്.
പരിഷത്ത് ഔദ്യോഗികമായി സൈലന്റ് വാലി പ്രശ്‌നത്തില്‍ ഇടപെടും മുമ്പു തന്നെ, പരിഷത്ത് അംഗങ്ങള്‍ മുന്‍കൈയെടുത്ത് രൂപം നല്‍കിയ പല പരിസ്ഥിതി സംഘടനകളും ഈ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. കോഴിക്കോട് കേന്ദ്രമായുള്ള 'സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് എന്‍വിരോണ്‍മെന്റ് ഇന്‍ കേരള' (ടജഋഗ) അതിലൊരു സംഘടനയായിരുന്നു. ഡിസൈനറായ ആര്‍.കെ.രമേശിന്റെയും മറ്റും ആഭിമുഖ്യത്തില്‍ കോഴിക്കോട് കേന്ദ്രമായി നിലവില്‍ വന്ന 'സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സൈലന്റ് വാലി'യാണ് മറ്റൊരു സംഘടന. ഞാനും ഈ സംഘടനകളില്‍ അംഗമായിരുന്നു. 'സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സൈലന്റ് വാലി'യാണ് ഈ പ്രശ്‌നത്തില്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. അതോടൊപ്പം 'ഫ്രണ്ട്‌സ് ഓഫ് ട്രീസി'ന്റെ വൈസ് പ്രസിഡന്റ് ജോസഫ് ജോണും കോടതിയെ സമീപിച്ചു. പരിഷത്ത് മാത്രമല്ല, പദ്ധതിയെ എതിര്‍ക്കുന്ന വേറെയും ഗ്രൂപ്പുകളുണ്ട് എന്ന് അധികൃതരെ ബോധ്യപ്പെടുത്താന്‍ ഇത്തരം സംഘടനകളുടെ ഇടപെടല്‍ സഹായിച്ചു.
സാഹിത്യ, സാംസ്‌കാരിക രംഗത്തുള്ളവര്‍ സൈലന്റ് വാലി പ്രശ്‌നത്തിലേക്ക് എങ്ങനെയാണ് ആകര്‍ഷിക്കപ്പെടുന്നത്?

ആ സമയത്ത് എന്‍.വി.കൃഷ്ണവാര്യര്‍ 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ന്റെ പത്രാധിപരാണ്. അദ്ദേഹം എന്നോട് സൈലന്റ് വാലി പ്രശ്‌നത്തെക്കുറിച്ച് വിശദമായ ഒരു ലേഖനം നല്കാന്‍ ആവശ്യപ്പെട്ടു. 'സൈലന്റ് വാലിയെ സംരക്ഷിക്കുക' എന്ന പേരില്‍ 1979 ജൂണ്‍ മുന്നിന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. ആ ലേഖനം വന്നതോടുകൂടിയാണ് സാഹിത്യരംഗത്തുള്ളവര്‍ സൈലന്റ് വാലി പ്രശ്‌നത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കവികളായ സുഗതകുമാരി, അയ്യപ്പപ്പണിര്‍, ഒ.എന്‍.വി, വിഷ്ണുനാരായണന്‍ നമ്പൂതിരി, സി.പി.ഐ.നേതാവും പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.വി. സുരേന്ദ്രനാഥ് തുടങ്ങി ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും വലിയൊരു നിര സൈലന്റ് വാലി സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തി.
സൈലന്റ് വാലി സംരക്ഷിക്കണം എന്നു വാദിക്കുന്നവരെ ചെറുക്കാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് എന്താണ് ചെയ്തത്?
സൈലന്റ് വാലി പദ്ധതിയെ എതിര്‍ക്കുന്ന ഞങ്ങള്‍ക്ക് പിന്തുണയുമായി ഒട്ടേറെ ശാസ്ത്രജ്ഞരും വിദഗ്ധരും രംഗത്തുണ്ട്. മീറ്റിങ്ങുകളിലും മറ്റും അവര്‍ വന്ന് പ്രസംഗിക്കും. അതിന് പകമായി, ഞങ്ങളുടെ വാദങ്ങളെ പ്രതിരോധിക്കാന്‍ ശാസ്ത്രകാരന്‍മാരെ ഇലക്ട്രിസിറ്റി ബോര്‍ഡ് വാടകയ്‌ക്കെടുക്കുകയാണുണ്ടായത്. കാലക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബോട്ടണി പ്രൊഫസറായിരുന്ന ഡോ.ബി.കെ.നായര്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സുവോളജി പ്രഫസറായിരുന്ന എം. സ്റ്റീഫന്‍ എന്നിവരെയാണ് സൈലന്റ് വാലി പദ്ധതിക്ക് അനുകൂലമായി ഇലക്ട്രിസിറ്റി ബോര്‍ഡ് രംഗത്തിറക്കിയത്. സൈലന്റ് വാലിയില്‍ വനമേയില്ല, സൈലന്റ് വാലിയില്‍ ഉള്ളതിനെക്കാള്‍ നല്ല വനം കേരളത്തില്‍ വേറെയുണ്ട് എന്നിങ്ങനെയായിരുന്നു അവരുടെ വാദം.
ഡോ. ബി. കെ. നായര്‍ 'സൈലന്റ് വാലി-എ ഹൈപ്പര്‍ ബൗള്‍' എന്നൊരു പുസ്തകമെഴുതി. മേല്‍പ്പറഞ്ഞ വാദങ്ങളായിരുന്നു അതില്‍ മുഖ്യം. ഞങ്ങള്‍ ആ പുസ്തകത്തിന്റെ ഒരു കോപ്പി ഡോ.സാലിം അലിക്ക് അയച്ചു കൊടുത്തു. ശാസ്ത്രവിജ്ഞാനത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവയാണ് ഇതുപോലുള്ള ഗ്രന്ഥങ്ങളെന്ന് ഞങ്ങള്‍ പരാതിപ്പെടുന്നുവെന്നും, അതിനാല്‍ അതിലെ വസ്തുതകളുടെ നിജസ്ഥിതി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സാലിം അലി ആ ബുക്ക് നാഷണല്‍ സയന്‍സ് അക്കാദമിക്ക് കൈമാറി. അവര്‍ ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുക്കാന്‍ മാധവ് ഗാഡ്ഗില്‍, ഫാ.സല്‍ദാന എന്നിവരെ ചുമതലപ്പെടുത്തി. രണ്ടാളും നടത്തിയ തെളിവെടുപ്പിലും നേരിട്ടുള്ള അന്വേഷണത്തിലും ആ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തട്ടിപ്പാണെന്ന് വ്യക്തമായി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം, ഇന്ദിരാഗന്ധി അന്ന് അധികാരത്തിലില്ല. ഹൈക്കോടതി സൈലന്റ് വാലി കേസ് തള്ളുന്ന ദിവസം 24 മണിക്കൂറിനകം, പദ്ധതി പ്രദേശം വെട്ടിനിരത്താനുള്ള എല്ലാ സജ്ജീകരണവും ചെയ്തതായി ഇലക്ട്രിസിറ്റി ബോര്‍ഡ് വീരവാദം മുഴക്കി. ജ്യോതിവെങ്കിടാച്ചലം ആണ് അന്ന് സംസ്ഥാന ഗവര്‍ണര്‍. ഞങ്ങള്‍ കെ.പി.എസ്.മേനോനെക്കൊണ്ട് ഗവര്‍ണര്‍ക്ക് കത്തെഴുതിച്ചു. അമൂല്യമായ മഴക്കാടാണ് സൈലന്റ് വാലിയിലേത്. അവിടെ പദ്ധതി വരുന്നതിനെക്കുറിച്ച് ഒരു വിവാദം നിലനില്‍ക്കുകയാണ്. അതിനാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ വന്ന് കാര്യങ്ങള്‍ ശരിക്കു മനസിലാക്കും വരെ പദ്ധതി പ്രവര്‍ത്തനം അനുവദിക്കരുത് എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഗവര്‍ണര്‍ പദ്ധതി തുടരാന്‍ പാടില്ല എന്ന് സ്റ്റേ നല്‍കി......അങ്ങനെ എല്ലാ തരത്തിലും ഇലക്ട്രിബോര്‍ഡിന്റെ നീക്കങ്ങളെ ഞങ്ങള്‍ പ്രതിരോധിച്ചുകൊണ്ടിരുന്നു.
ഈ പ്രശ്‌നത്തില്‍ ഇന്ദിരാഗാന്ധിയുടെ ഇടപെടല്‍ എങ്ങനെയായിരുന്നു, സൈലന്റ് വാലിയെ രക്ഷിക്കുന്നതില്‍ അതെത്രത്തോളം നിര്‍ണായകമായി?

സ്‌റ്റോക്ക്‌ഹോം സമ്മേളനത്തില്‍ നിന്ന് ആര്‍ജിച്ച ആവേശത്തിലായിരുന്നു ഇന്ദിരാഗാന്ധി. ലോകത്തെറ്റവും ശക്തമായ ചില പരിസ്ഥിതി സംരക്ഷണ വ്യവസ്ഥകള്‍, അടിയന്തരാവസ്ഥ കാലത്താണെങ്കില്‍ പോലും അവര്‍ ഭരണഘടനയില്‍ ചേര്‍ത്തു. പശ്ചിമഘട്ടത്തില്‍ സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങള്‍ ഏതെങ്കിലുമുണ്ടെങ്കില്‍ അത് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സഫര്‍ ഫത്തേഹല്ലിയോട് എന്‍.സി.പി.സി.ഇ. വഴി ഇന്ദിരാഗാന്ധി നിര്‍ദ്ദേശിച്ച കാര്യം നേരത്തെ പറഞ്ഞല്ലോ. അങ്ങനെയാണ് സൈലന്റ് വാലിയുടെ പ്രാധാന്യം ആദ്യമായി പുറത്തു വരുന്നത്.
ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലെത്തിയ സമയത്താണ് മുഖ്യമന്ത്രി ഇ.കെ.നായനാര്‍, സൈലന്റ് വാലി പദ്ധതിയെ എതിര്‍ക്കുന്നവര്‍ പറയുന്നതെല്ലാം നുണയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി, ഡോ.ബി. കെ.നായരെയും കൂട്ടി ഇന്ദിരാഗാന്ധിയെ കാണാന്‍ ഡെല്‍ഹിയിലെത്തുന്നത്. സൈലന്റ് വാലി പ്രശ്‌നം വിശദീകരിക്കാന്‍ താനൊരു വിദഗ്ധനെ കൊണ്ടു വന്നിട്ടുണ്ടെന്ന് നായനാര്‍ ഇന്ദിരാഗാന്ധിയോട് പറഞ്ഞു. ബി.കെ.നായര്‍ തുടങ്ങുന്നത് തന്നെ, ''മാഡം, ഇന്‍ സൈലന്റ് വാലി ദേര്‍ ഈസ് നോ ഫോറസ്റ്റ്'' എന്നു പറഞ്ഞുകൊണ്ടാണ്. ഇന്ദിരാഗാന്ധി അതിന് മുമ്പു തന്നെ സൈലന്റ് വാലിക്ക് മുകളിലൂടെ ഹെലികോപ്ടറില്‍ സഞ്ചരിച്ച് ആ പ്രദേശമെല്ലാം കണ്ടിട്ടുള്ള വ്യക്തിയാണ്. അതുകൊണ്ട് ഈ പറഞ്ഞതിലെ വൈരുധ്യം അവര്‍ക്ക് ബോധ്യമാകും. 'എനിക്ക് നിങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്നില്ല, മുഖ്യമന്ത്രി ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകൂ' എന്ന് പറഞ്ഞ് ഇന്ദിരാഗാന്ധി വിദഗ്ധനെ പിന്നെ തുടരാന്‍ അനുവദിച്ചില്ല. വിദഗ്ധന്‍ വിയര്‍ത്തു കുളിച്ച് അവിടുന്ന് ഒരുവിധം രക്ഷപ്പെട്ടു.
അന്ന് ഇന്ദിരാഗാന്ധിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ആളുകള്‍ പോലും ഞങ്ങളെ പിന്തുണയ്ക്കുന്നവരാണ്. അതിനാല്‍ അവിടെ നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ പോലും ഞങ്ങള്‍ അറിഞ്ഞിരുന്നു. യഥാര്‍ഥത്തില്‍ മുഖ്യമന്ത്രി നായനാര്‍ വിദഗ്ധനെയും കൊണ്ട് ഇന്ദിരാഗാന്ധിയെ കാണാന്‍ പോകുന്നതിന്റെ തലേ ആഴ്ചയാണ്, ബൊട്ടാണിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ഡോ. എന്‍.സി.നായരെ ദൂതന്‍ മുഖേനെ ഇന്ദിരാഗാന്ധി തന്റെ വസതിയിലേക്ക് വിളിപ്പിച്ച് സൈലന്റ് വാലിയുടെ പ്രത്യേകത (സസ്യസമ്പത്തിന്റെ കാര്യത്തില്‍) എന്താണെന്ന് വിശദമായി മനസിലാക്കിയത്. ഒന്നര മണിക്കൂറാണ് ഡോ.നായര്‍ പറഞ്ഞത് അവര്‍ സശ്രദ്ധം കേട്ടിരുന്നത്. അപ്പോഴേക്കും രാത്രി പത്തരയായി. ഒടുവില്‍ അവര്‍ പറഞ്ഞു, ''വെല്‍ ഡോ.നായര്‍, താങ്ക് യൂ വെരിമച്ച്'. സൈലന്റ് വാലി എന്തുകൊണ്ട് നഷ്ടപ്പെടരുത് എന്ന് ഇന്ദിരാഗാന്ധിക്ക് മനസിലായി'. എപ്പോള്‍ വിളിച്ചാലും വരണം എന്ന നിര്‍ദേശത്തോടെയാണ് ഡോ. നായരെ അവര്‍ യാത്രയാക്കുന്നത്.

ഏതായാലും ഇന്ദിരാഗന്ധി നായനാരോട് പറഞ്ഞു, ഈ പ്രശ്‌നം ഇങ്ങനെ നീട്ടിക്കൊണ്ടു പോകുന്നതില്‍ അര്‍ഥമില്ല, ഒരു പരിഹാരം വേണം. സൈലന്റ് വാലി പ്രശ്‌നം പഠിക്കാന്‍ കേന്ദ്രവും സംസ്ഥാനവും സംയുക്തമായി ഒരു സമിതിയെ നിയമിക്കാന്‍ തീരുമാനമാകുന്നത് അങ്ങനെയാണ്. പ്രൊഫ. എം.ജി.കെ.മേനോനെ കമ്മറ്റിയുടെ ചെയര്‍മാന്‍ ആക്കണമെന്ന് ആദ്യം നിര്‍ദേശിച്ചത് മുഖ്യമന്ത്രി നായനാരാണ്. പ്രൊഫ. എ. എബ്രഹാം, പ്രൊഫ. ടി.എന്‍. അനന്തകൃഷ്ണന്‍ (സുവേളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍), പ്രൊഫ. മാധവ് ഗാഡ്ഗില്‍, ഡോ.എച്ച്.കെ.ജെയിന്‍ (ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍), പ്രൊഫ.എ.കെ.ശര്‍മ (കല്‍ക്കത്ത സര്‍വകലാശാലയിലെ സൈറ്റോളജി പ്രൊഫസറും ലോകപ്രശസ്ത ശാസ്ത്രജ്ഞനും), ഡോ.കെ.രാഘവന്‍ നമ്പ്യാര്‍, എന്‍. ചന്ദ്രശേഖരന്‍ നായര്‍, കെ. ത്രിവിക്രമന്‍ നായര്‍ എന്നിവരായിരുന്ന കമ്മറ്റി അംഗങ്ങള്‍. ഇതില്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് നിര്‍ദേശിക്കപ്പെട്ട പ്രൊഫ. അനന്തകൃഷ്ണന്‍, പ്രൊഫ. മാധവ് ഗാഡ്ഗില്‍, ഡോ.ജെയിന്‍ എന്നിവരൊക്കെ സെലന്റ് വാലി സംരക്ഷിക്കണം എന്ന നിലപാടുകാരായിരുന്നു. (ഈ കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കപ്പെടുന്നത്. അതെ തുടര്‍ന്ന് 1984 നവംബര്‍ 15-ന് സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചു).
ലോകത്തെല്ലായിടത്തും എന്ന പോലെ, കേരളത്തിലും പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച് പുതിയൊരു അവബോധം വളര്‍ന്നു വന്ന സമയമല്ലേ അത്. സൈലന്റ്് വാലി പ്രശ്‌നത്തില്‍ അക്കാര്യം പ്രതിഫലിച്ചിരുന്നോ?
തീര്‍ച്ചയായും. അതിന് പല കാരണങ്ങളുണ്ട്. 1972-ലെ സ്റ്റോക്ക്‌ഹോം കോണ്‍ഫറന്‍സ്, വേള്‍ഡ് എന്‍വിരോണ്‍മെന്റ് കണ്‍സര്‍വേഷന്‍ സ്ട്രാറ്റജി എന്ന പേരില്‍ ഐ.യു.സി.എന്‍. അംഗീകരിച്ച നയം. മാത്രമല്ല, പരിസ്ഥിതി വിഷയങ്ങളില്‍ ലേഖനങ്ങളും റിപ്പോര്‍ട്ടുകളുമൊക്കെ മാധ്യമങ്ങളില്‍ ഇടംപിടിച്ചു തുടങ്ങിയതും അക്കാലത്താണ്. സൈലന്റ് വാലി പ്രശ്‌നത്തില്‍ ചെറുപ്പക്കാര്‍ അന്ന് വളരെ വലിയ പിന്തുണയാണ് നല്‍കിയത്. ഇന്നാണെങ്കില്‍, പാര്‍ട്ടി നിര്‍ദേശപ്രകാരം എസ്.എഫ്.ഐ.യും ഡി.വൈ.എഫ്.ഐ.യുമൊക്കെ പ്രമേയങ്ങള്‍ പാസാക്കില്ലായിരുന്നോ, അന്നത് ഉണ്ടായില്ല. അതിനര്‍ഥം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരുടെ യുവജനവിഭാഗങ്ങളെ ഈ പ്രശ്‌നത്തില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല എന്നാണ്. ഏത് പാര്‍ട്ടിയായാലും അതിലെ യുവജനവിഭാഗം ഞങ്ങള്‍ക്കൊപ്പമായിരുന്നു. യൂത്തുകോണ്‍ഗ്രസുകാര്‍ പോലും ഞങ്ങളുമായി ആലോചിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കും. എന്നിട്ട് സൈലന്റ് വാലി സംരക്ഷിക്കണം എന്ന് പ്രമേയം പാസാക്കി അയയ്ക്കും.
സര്‍വകാലാശാലയിലെ ചെറുപ്പക്കാര്‍, സ്റ്റാഫുകളാണെങ്കിലും ഗവേഷകരാണെങ്കിലും, എല്ലാവരും സൈലന്റ് വാലി സംരക്ഷിക്കണം എന്ന ഭാഗത്തായിരുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡുകാരെയും ഡോ.ബി.കെ.നായരെപ്പോലുള്ളവരെയും ക്ഷണിച്ച് സൈലന്റ് വാലി പ്രശ്‌നത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും. എന്നിട്ട് അവിടെ എല്ലാവരും കൂടി പദ്ധതി അനുകൂലികളെ ചോദ്യം ചെയ്ത് തകര്‍ത്തു കളയും, ഇതൊരു പതിവ് ഏര്‍പ്പാടായിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ സൈലന്റ് വാലി വേണമോ വേണ്ടയോ എന്ന വിഷയത്തില്‍ സംസാരിക്കാന്‍ വി.കെ.നായരെ ക്ഷണിച്ചു. അദ്ദേഹം അവിടെ പ്രസംഗിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ചോദ്യം ചോദിച്ച് വശംകെടുത്തിയാണ് വിട്ടയച്ചത്.
അതുമാത്രമല്ല, സി.ഐ.ടി.യു.പോലൊരു സംഘടന ഇത്തരമൊരു വിവാദത്തെക്കുറിച്ച് ഇന്നാണെങ്കില്‍ അവരുടെ വാര്‍ഷിക സമ്മേളനത്തില്‍ ചര്‍ച്ച നടത്തുമോ, സംശയമാണ്. അന്നത് നടന്നു. കോഴിക്കോട്ട് നടന്ന സി.ഐ.ടി.യു. സമ്മേളനത്തില്‍ ഒരു ദിവസത്തെ ചര്‍ച്ചയുടെ വിഷയം സൈലന്റ് വാലിയായിരുന്നു. പ്രശ്‌നത്തിന്റെ രണ്ട് വശവും അവിടെ ചര്‍ച്ച ചെയ്യപ്പെട്ടു. പദ്ധതി വേണ്ട എന്ന് വാദിക്കാന്‍ ഞാനാണ് പോയത്. വേണം എന്ന് പറയാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ആള്‍ക്കാരും. ഇന്നാണെങ്കില്‍ അതുണ്ടാകില്ല, ഒരു ഭാഗം മാത്രമേ അവതരിപ്പിക്കപ്പെടൂ.
എന്തുകൊണ്ട് ഇപ്പോള്‍ അത്തരമൊരു മാറ്റം?
ഇപ്പോഴത്തെ രാഷ്ട്രയത്തിന് അത്തരമൊരു വിശാലമായ കാഴ്ചപ്പാടില്ല. കാലം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ സങ്കുചിതമായി വരികയാണ് കാര്യങ്ങള്‍. ഒരു ഉദാഹരണം പറയാം, 1992-ല്‍ റിയോ ഡി ജനീറോയില്‍ ഭൗമഉച്ചകോടി നടന്നു. അതെപ്പറ്റി തിരുവനന്തപുരം എ.കെ.ജി.സെന്റര്‍ ഒരു ചര്‍ച്ച സംഘടിപ്പിക്കുകയുണ്ടായി. ഇ.എം.എസ്സായിരുന്നു അധ്യക്ഷന്‍. റിയോയില്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന വിഷയങ്ങളുടെ അവതരണമായിരുന്നു അവിടെ നടന്നത്. വനപരിപാലന നിയമങ്ങളെക്കുറിച്ച് ഞാനാണ് വിശദീകരിച്ചത്. റിയോയില്‍ നടന്ന നടപടികളെയും ചര്‍ച്ചകളെയും പൊതുവെ അവലോകനം ചെയ്തുകൊണ്ട് ഡോ.തോമസ് ഐസക്ക്, ജൈവവൈവിധ്യ ഉടമ്പടിയെപ്പറ്റി ഡോ.ബി.ഇക്ബാല്‍, വേറൊരാള്‍ കാലാവസ്ഥാ ഉടമ്പടി അങ്ങനെയായിരുന്നു അവതരണം.
തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റുകാരായിരുന്നു സദസ്സിലുള്ളത്. ഓരോ അവതരണം കഴിയുമ്പോഴും സദസ്സിലുള്ളവരോട് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇ.എം.എസ്. ആവശ്യപ്പെടും. പലരും റിയോയില്‍ നടന്നത് മുതലാളിത്ത രാഷ്ട്രങ്ങളുടെ നാടകമാണ്, അമേരിക്കയുടെ ഉപചാപമായിരുന്നു അത് എന്ന രീതിയിലാണ് പ്രതികരിച്ചത്. അധ്യക്ഷന്‍ ഇതെല്ലാം കേട്ടിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ ഇ.എം.എസ്സിന്റെ ഒരു അവതരണമുണ്ടായി. അദ്ദേഹം പറഞ്ഞു, ഇവിടെ അവതരിപ്പിച്ച കാര്യങ്ങളെല്ലാം ഞാന്‍ കേട്ടു. തുടര്‍ന്നു നടന്ന നമ്മുടെ സഖാക്കളുടെ പ്രതികരണവും ശ്രദ്ധിച്ചു. എനിക്ക് പറയാനുള്ളത് നമ്മള്‍ സഖാക്കള്‍ വളരെ പഴകിയ മണ്ഡലത്തിലാണ് നില്‍ക്കുന്നത് എന്നാണ്. റിയോ സമ്മേളനത്തില്‍ ആദ്യം മുതല്‍ അവസാനം വരെയുള്ള നടപടികള്‍ അട്ടിമറിക്കാനാണ് അമേരിക്ക ശ്രമിച്ചിരുന്നത്. നമ്മള്‍ സഖാക്കള്‍ പണ്ടുകാലത്തു നിന്ന് മുമ്പോട്ട് വരണം, പരിസ്ഥിതി സംരക്ഷണം വികസനത്തിനെതിരല്ല, രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. അതുകൊണ്ട് ഇനി നമ്മള്‍ ഇതെപ്പറ്റി മനസിലാക്കിയിട്ടു വേണം പാര്‍ട്ടി സര്‍ക്കിളില്‍ പറയാന്‍. പിറ്റേ ആഴ്ച തന്നെ ഇക്കാര്യം പാര്‍ട്ടിയില്‍ സര്‍ക്കുലേറ്റ് ചെയ്യപ്പെട്ടു. അത്തരമൊരു തുറന്ന സമീപനമോ നടപടികളോ ഇന്ന് കാണാനില്ല.
ഇന്നാണ് സൈലന്റ് വാലി പ്രശ്‌നം തലപൊക്കിയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?
ഇത്തരം കാര്യങ്ങളില്‍ പ്രധാനമായും കോടതിയെ സമീപിക്കുക എന്നതേ ഇന്ന് നടക്കൂ. അന്നു നടന്നതുപോലെ ഈ പ്രശ്‌നത്തെ ബൗദ്ധികമായി നേരിടുക ഇന്നത്തെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണ്. കോടതി, നിയമം എന്നൊക്കെ പറയുമ്പോള്‍ തന്നെ മറ്റൊരു കാര്യം കൂടി നമ്മള്‍ ഓര്‍ക്കണം. ലോകത്തു തന്നെ ഏറ്റവും ശക്തമായ പരിസ്ഥിതി സംരക്ഷണനിയമങ്ങള്‍ നിലവില്‍ വന്ന രാജ്യമാണ് ഇന്ത്യ. പക്ഷേ, അതെല്ലാം വെള്ളം ചേര്‍ത്ത് ഒന്നുമില്ലാത്ത അവസ്ഥയിലാക്കിയിരിക്കുകയാണ് ഇപ്പോള്‍.
സൈലന്റ് വാലിയെ രക്ഷിക്കാന്‍ വേണ്ടി നടന്ന ചെറുത്തു നില്‍പ്പ് ചരിത്രപരമായി എന്ത് ദൗത്യമാണ് നിറവേറ്റിയത്?
ഇന്ത്യയില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കപ്പെട്ടതിന്റെ ചരിത്രത്തെക്കുറിച്ച് പറയ ാറുള്ളത്, രാജ്യത്ത് പൊതുജനങ്ങള്‍ക്ക് പരിസ്ഥിതി വിദ്യാഭ്യാസം കിട്ടിയതിന്റെ തുടക്കം സൈലന്റ് വാലി വിവാദമായിരുന്നു എന്നാണ്. ചിപ്‌ക്കോ പോലുള്ള ചെറുത്തുനില്‍പ്പുകള്‍ ഉത്തരേന്ത്യയില്‍ നടന്നിട്ടുണ്ടെങ്കിലും, അതിന്റെ പോലും ശരിക്കുള്ള സന്ദേശം ജനങ്ങളില്‍ എത്തുന്നത് സൈലന്റ് വാലി പ്രശ്‌നവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ പ്രക്രിയ വഴിയാണ്.
അച്ചടി മാധ്യമങ്ങളുടെ യുഗത്തിലാണ് സൈലന്റ് വാലി പ്രശ്‌നമുണ്ടായത്. ഇന്ന് ദൃശ്യമാധ്യമങ്ങളുടെ കാലമാണ്. പരിസ്ഥിതി സമരങ്ങള്‍ പോലും ഒരുതരം പ്രകടനപരതയില്‍ പെട്ടു പോകുന്നുണ്ടോ?
ഒന്ന് ഞാന്‍ കാണുന്നത്, ഒരു പ്രശ്‌നത്തെക്കുറിച്ച് ആഴത്തില്‍ മനസിലാക്കുകയോ പഠിക്കുകയോ ചെയ്തതിന് ശേഷം അഭിപ്രായം പറയുക എന്ന രീതി ഇപ്പോള്‍ കുറവാണ്. കേട്ടുകേഴ്‌വിയുടെ രൂപത്തിലാണ് പലതും അവതരിപ്പിക്കപ്പെടുന്നത്. ഉപരിപ്ലവമായ രീതിയിലുള്ള ട്രീറ്റ്‌മെന്റാണ് മിക്ക കാര്യങ്ങളിലും കാണുന്നത്. ജേര്‍ണലിസ്റ്റുകള്‍ക്ക് തന്നെ എന്തിലെങ്കിലും സ്‌പെഷ്യലൈസ് ചെയ്യാനോ കാര്യങ്ങള്‍ ആഴത്തില്‍ മനസിലാക്കാനോ സാഹചര്യവും ക്ഷമയും ഇല്ലാതായിരിക്കുന്നു.
നമ്മുടെ നാട്ടിലെ മുഖ്യധാരാ പാര്‍ട്ടികളുടെ അജണ്ടയില്‍ ഇന്നും പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കാത്തത് എന്തുകൊണ്ട്?
പാര്‍ട്ടികളുടെ മാനിഫെസ്റ്റോകളില്‍ പരിസ്ഥിതി വിഷയങ്ങളൊക്കെ വരുന്നുണ്ട്. പക്ഷേ, എന്റെ അഭിപ്രായത്തില്‍ പ്രധാന പാര്‍ട്ടികള്‍ക്കെല്ലാം ഒരു പ്രത്യേക പരിസ്ഥിതി വിഭാഗം വേണം. അവര്‍ ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും പാര്‍ട്ടി അംഗങ്ങളെ അക്കാര്യത്തില്‍ ബോധവത്ക്കരിക്കാനും പാര്‍ട്ടിയുടെ നിലപാട് രൂപീകരിക്കുന്നതില്‍ സഹായിക്കാനും ഒക്കെ മുന്നിലുണ്ടാകണം. എല്ലാ പാര്‍ട്ടികളിലും നല്ല പരിസ്ഥിതി അവബോധമുള്ള വ്യക്തികളുണ്ട്. പക്ഷേ, ഒറ്റപ്പെട്ട നിലയില്‍ അവരുടെ ആശയങ്ങള്‍ പാര്‍ട്ടിയിലേക്ക് കൊണ്ടു വരാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.
പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് പഴയതുപോലെ സജീവമല്ല എന്നൊരു ആരോപണം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്, എന്തു തോന്നുന്നു?
അത്തരമൊരു തോന്നല്‍ കുറെയൊക്കെ ശരിയാണ്. പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കാനും പുറത്തു കൊണ്ടുവരാനും കഴിവുള്ള ആളുകളുടെ എണ്ണം കുറയുകയാണ്. നമ്മളും പറഞ്ഞില്ലെങ്കില്‍ മോശമല്ലേ എന്ന തോന്നലുണ്ടാകുമ്പോഴേക്കും വൈകിയിരിക്കും. സംഘടനയ്ക്ക് പുറത്ത് ഇത്തരം കാര്യങ്ങള്‍ അറിയാവുന്ന ഒരുപാട് പേരുണ്ട് എന്നതുകൊണ്ട് നമ്മള്‍ മാറിനില്‍ക്കണമെന്നില്ല. മാത്രമല്ല, നമ്മളൊരു പത്രം വായിക്കുമ്പോള്‍, ഒരു കാര്യം ശ്രദ്ധയില്‍ പെടുമ്പോള്‍, ഇത് ഇത്തരത്തില്‍ ബാധിക്കുമല്ലോ എന്നൊരു തോന്നല്‍ ഉള്ളിലുണ്ടാകണം. ഇന്ന് ഇന്റര്‍നെറ്റൊക്കെ നമുക്ക് മുന്നിലെത്തിക്കുന്ന വിവരത്തിന്റെ തോതെത്രയാണ്. അത് മനസിലാക്കാനും പഠിക്കാനുമുള്ള സന്നദ്ധത വേണം. അത്തരം കാര്യങ്ങള്‍ പഠിക്കാനും ആഴത്തില്‍ മനസിലാക്കാനുമുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ വേണ്ടത്ര ഉണ്ടാകുന്നില്ല, അതാണ് പ്രശ്‌നം. പരിഷത്തിനെപ്പോലൊരു സംഘടന കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച വിദ്യാഭ്യാസ പരിപാടി വളരെ വ്യാപകമായി നടത്തേണ്ട സമയമാണിത്, ഡിസംബറില്‍ കോപ്പന്‍ഗേഹനില്‍ കാലാവസ്ഥ ഉച്ചകോടി നടക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.
കേരളം ഇന്ന് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി പ്രശ്‌നമേതാണ്, മാഷിന്റെ അഭിപ്രായത്തില്‍?
കേരളത്തില്‍ നമ്മള്‍ ഏറ്റവുമധികം ഭയപ്പെടേണ്ടത് വെള്ളത്തെപ്പറ്റിയാണ്. വെള്ളത്തിന്റെ ദൗര്‍ലഭ്യം കൂടി വരുന്നു, ഉള്ള വെള്ളം മലിനമായിക്കൊണ്്ടും ഇരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കൂടിയാകുമ്പോള്‍ ജലപ്രശ്‌നം ഇരട്ടിക്കും. കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ളത് നമുക്ക് ചെറുക്കാന്‍ കഴിയാത്തതാണ്. എന്നാല്‍, നമ്മുടെ കൈയ്യില്‍ കിട്ടുന്ന വെള്ളം ശരിക്കു സൂക്ഷിക്കാനും ദുരുപയോഗപ്പെടുത്താതെ നോക്കാനും നമുക്ക് കഴിയേണ്ടതില്ലേ. ഉദാഹരണത്തിന്, കേരളത്തില്‍ ഒരാള്‍ക്ക് ഇന്നും എത്ര ലിറ്റര്‍ ആവശ്യമുണ്ടെന്ന് നിശ്ചയമില്ലല്ലോ. നമ്മള്‍ ഏറ്റവുമധികം വെള്ളം പാഴാക്കുന്നത് ഫ്‌ളഷ് ടാങ്കിലൂടെയാണ്. നൂറ് മില്ലിലിറ്റര്‍ മൂത്രമൊഴിച്ചാല്‍, അഞ്ച് ലിറ്റര്‍ കുടിവെള്ളമാണ് അത് ഫ്‌ളഷ് ചെയ്യാന്‍ നമ്മള്‍ കളയുന്നത്. വെള്ളത്തെ സംബന്ധിച്ച് ശരിക്കുള്ള പഠനവും പ്ലാനിങും ഇപ്പോഴേ നടത്തിയില്ലെങ്കില്‍ നമ്മള്‍ നരകിക്കും.