Mathrubhumi Logo

അഞ്ചുകോടി വര്‍ഷത്തിന്റെ പൈതൃകം

Posted on: 11 Nov 2009


ഏതാണ്ട് അഞ്ച് കോടിയിലേറെ വര്‍ഷത്തിന്റെ പരിണാമചരിത്രം സൈലന്റ് വാലിക്ക് പറയാനുണ്ട്. ഗോണ്ട്വാനാലാന്‍ഡ് പൊട്ടിപ്പിളര്‍ന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏഷ്യന്‍ വന്‍കരയുമായി ചെരുന്ന കാലത്താണ് സൈലന്റ് വാലിയിലെ മഴക്കാടുകള്‍ രൂപപ്പെടുന്നത്. എന്നുവെച്ചാല്‍, അത്ര ദീര്‍ഘകാലത്തെ പരിണാമം വഴി അതുല്യവും അമൂല്യവുമായ ജനിതക വൈവിധ്യമാണ് ഈ മഴക്കാട് അതിന്റെ ചിറകിന്നടിയില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ഇത്രയേറെ ചരിത്രമുള്ള ഈ വനമേഖലയിലേക്ക് പക്ഷേ, ബാഹ്യലോകത്തിന്റെ ശ്രദ്ധയെത്തുന്നത് 1970-കളില്‍ മാത്രമാണ്. സൈലന്റ് വാലിയെ നശിപ്പിച്ച് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള നീക്കമാണ് ലോകത്തിന്റെ ശ്രദ്ധ ഇങ്ങോട്ട് തിരിയാന്‍ കാരണം. എന്നാല്‍ അതിന് മുമ്പ് പല ഗവേഷകരും ഈ അപൂര്‍വ വനമേഖലയുടെ ജൈവസമ്പത്തിനെക്കുറിച്ച് പഠിച്ചിട്ടുണ്ട്. നീലഗിരിക്ക് തെക്കുപടിഞ്ഞാറന്‍ കോണില്‍ സ്ഥിതിചെയ്യുന്ന 8952 ഹെക്ടര്‍ വരുന്ന ഈ വനമേഖലയില്‍ നടന്ന ഗവേഷണങ്ങളുടെയും, സൈലന്റ് വാലിയെ രക്ഷിക്കാന്‍ നടന്ന ചെറുത്തുനില്‍പ്പിന്റെയും ചരിത്രത്തിന്റെ നാള്‍വഴിയിലൂടെ...


പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെ സൈലന്റ് വാലിയില്‍ ഏതെങ്കിലും തരത്തില്‍ മനുഷ്യസ്​പര്‍ശമേറ്റതിന് തെളിവേ രേഖയോ ഇല്ല.

1840-1853 :
പ്രശസ്ത ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ റോബര്‍ട്ട് വൈറ്റ്, സൈലന്റ് വാലി ഉള്‍പ്പെട്ട നീലഗിരി മേഖലയിലെ സസ്യയിനങ്ങളെക്കുറിച്ചു നടത്തിയ പഠനം ആറ് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. Icones plantarum Indiae orientalis എന്ന പേരിലുള്ള ആ ഗ്രന്ഥപരമ്പരയില്‍ 2101 സസ്യവര്‍ഗങ്ങളുടെ രേഖാചിത്രങ്ങള്‍ അടക്കമുള്ള വിശദവിവരങ്ങളുണ്ട്. ഏഴ് പുതിയ സസ്യയിനങ്ങളെ അദ്ദേഹം സൈലന്റ് വാലിയിലെ സിസ്​പാറയില്‍ നിന്നു മാത്രം തിരിച്ചറിഞ്ഞു.

1845 :
റിച്ചാര്‍ഡ് ഹെന്‍ട്രി ബെഡ്ഡോം സൈലന്റ് വാലിയിലെ സസ്യസമ്പത്തിനെക്കുറിച്ച് പഠനം തുടങ്ങി. അദ്ദേഹം സൈലന്റ് വാലിയില്‍ നിന്ന് പതിറ്റാണ്ടുകളോളം സംപിളുകള്‍ ശേഖരിച്ചു. ബെഡ്ഡോം ശേഖരിച്ച സാംപിളുകള്‍ കോയമ്പത്തൂരിലെ ബി.എസ്.ഐ.ഹെര്‍ബേറിയത്തിനാണ് നല്‍കിയത്. സൈലന്റ് വാലിയില്‍ പഠനം നടത്തിയ ആദ്യ പ്രൊഫഷണല്‍ സസ്യശാസ്ത്രജ്ഞന്‍ ജെയിംസ് സൈക്കെസ് ഗാമ്പിള്‍ ആണ്. സിസ്​പാറയിലും വളപ്പാറയിലും അദ്ദേഹം വിശദമായ പഠനങ്ങള്‍ നടത്തി. 'ഫ്‌ളോറ ഓഫ് ദി പ്രസിഡന്‍സ് ഓഫ് മദ്രാസ്സ്' തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം സൈലന്റ് വാലിയിലും പഠനം നടത്തിയത്.

1847 :
സൈലന്റ് വാലിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഔദ്യോഗിക അന്വേഷണം. കുന്തിപ്പുഴയുടെ വൃഷ്ടിപ്രദേശമായ ഈ താഴ്‌വരയില്‍ സ്വകാര്യവ്യക്തികള്‍ക്കാര്‍ക്കും അവകാശമില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

1847-1873 :
മേഖല സര്‍ക്കാരിന്റെ പരിപൂര്‍ണ അധീനതയില്‍ പെട്ടതാണെന്ന് വ്യക്തമായതോടെ, അതിന്റെ മധ്യഭാഗത്തായി 400 ഹെക്ടര്‍ പ്രദേശം കാപ്പി പ്ലാന്റേഷന്‍കാര്‍ക്ക് അനുവദിച്ചു.

1888 :
മദ്രാസ്സ് വനനിയമത്തിന്റെ 26-ാം പരിച്ഛേദം അനുസരിച്ച് സൈലന്റ് വാലി മുഴുവന്‍ സര്‍ക്കാരിന്റെ പരിപൂര്‍ണ അവകാശത്തിലാണെന്ന് വിജ്ഞാനപനം പുറത്തു വന്നു.

1889 :
കാപ്പി കൃഷി ചെയ്യാനുള്ള വിഫലശ്രമങ്ങള്‍ക്കൊടുവില്‍ പ്ലാന്റര്‍മാര്‍ പിന്‍വാങ്ങി.

1901 :
സെലക്ഷന്‍ ഫെല്ലിങ് വഴി സൈലന്റ് വാലിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള ആദ്യ ശ്രമങ്ങള്‍.

1914 :
സൈലന്റ് വാലിയിലെ 89.52 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ റിസര്‍വ് വനമായി പ്രഖ്യാപിച്ചു. 1914 മെയ് 18 -നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്, അതേവര്‍ഷം ജൂണ്‍ ഒന്‍പതിന് സെന്റ് ജോര്‍ജ് ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

1921 :
സൈലന്റ് വാലി ജലവൈദ്യുത പദ്ധതി എന്ന ആശയം ആദ്യമായി ഉയരുന്നു. (അതുവരെ നിലമ്പൂര്‍ ആസ്ഥാനമായുള്ള സൗത്ത് മലബാര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലായിരുന്ന സൈലന്റ് വാലി, പാലക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലായതും ഇതേ വര്‍ഷമാണ്).

1928 :
തിരഞ്ഞെടുത്ത മരങ്ങള്‍ മാത്രം ഇവിടെ നിന്ന് മുറിച്ചു മാറ്റാനുള്ള സെലക്ഷന്‍ ഫെല്ലിങ് സമ്പ്രദായത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. (സെലക്ഷന്‍ ഫെല്ലിങിനായി ടി.വി. വെങ്കിടേശ്വര അയ്യര്‍ (1933-34 കാലയളവ്), വാന്‍ ഹേഫ്റ്റന്‍ (1943-58 കാലയളവ്), ഇ.മുഹമ്മദ് (1954-74 കാലയളവ്), എസ്.ചാന്ദ് ബാഷ (1975-85 കാലയളവ്) എന്നിവര്‍ പില്‍ക്കാലത്ത് പ്രവര്‍ത്തന രേഖ തയ്യാറാക്കി). ഈ പതിറ്റാണ്ടുകള്‍ക്കിടയില്‍ സൈലന്റ് വാലിയില്‍ നിന്ന് 48,000 ഘനമീറ്റര്‍ തടി സെലക്ഷന്‍ ഫെല്ലിങ് വഴി മുറിച്ചു മാറ്റിയെന്നാണ് കണക്ക്.

1931 :
സൈലന്റ് വാലിയില്‍ ജലവൈദ്യുത പദ്ധതിക്കായി അന്നത്തെ ഫോറസ്റ്റ് എന്‍ജിനിയര്‍ ആയിരുന്ന ഇ.എസ്.ഡോസണ്‍ പ്രാഥമിക പഠനം നടത്തി.


1941 :
സസ്യശാസ്ത്രപഠനത്തിന്റെ ഭാഗമായി എന്‍.എല്‍.ബോര്‍ സൈലന്റ് വാലിയില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചു. 1846-1947 കാലത്ത് 21 പുതിയയിനം സസ്യങ്ങളെ സൈലന്റ് വാലിയില്‍ നിന്ന് വിവിധ ഗവേഷകര്‍ കണ്ടെത്തി.

1951 :
സൈലന്റ് വാലി പദ്ധതിക്കായുള്ള ആദ്യ വിവരശേഖരണം.

1972 :
ലോകമെമ്പാടും പ്രകൃതി സംരക്ഷണത്തിന്റെ ശക്തമായ സന്ദേശം നല്‍കിക്കൊണ്ട് സ്‌റ്റോക്ക്‌ഹോമില്‍ 'യു.എന്‍.കോണ്‍ഫറന്‍സ് ഓണ്‍ ഹ്യുമണ്‍ എന്‍വിരോണ്‍മെന്റ്' നടന്നു. വരും തലമുറകള്‍ക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം ഇന്ത്യയുള്‍പ്പടെ 130 രാഷ്ട്രങ്ങള്‍ അംഗീകരിച്ചു.

1973 ജനവരി 5 :
സൈലന്റ് വാലിയിലെ സൈരന്ധ്രിയില്‍ 522 മെഗായൂണിറ്റ് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാന്‍ പ്ലാനിങ് കമ്മിഷന്റെ പച്ചക്കൊടി ലഭിക്കുന്നു. വൈദ്യുതോത്പാദനം മാത്രമല്ല, പാലക്കാട് ജില്ലയിലെ 25,000 ഹെക്ടര്‍ പ്രദേശത്ത് ജലസേചനവും സാധ്യമാക്കുമെന്ന് പ്രതീക്ഷ. 830 ഹെക്ടര്‍ വനം വെള്ളത്തിലാഴ്ത്തുന്ന പദ്ധതിക്കായി കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നു.

1973 ജൂണ്‍ 16 :
സൈലന്റ് വാലി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്ന് സംബന്ധിച്ച് സംസ്ഥാന വൈദ്യുതി ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. 1978-79 ല്‍ പദ്ധതിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാകും എന്ന് പ്രതീക്ഷ.

1976 ഒക്ടോബര്‍ :
സൈലന്റ് വാലി പദ്ധതിയുടെ പാരിസ്ഥിതികാഘാതം വിലയിരുത്തുന്നതു വരെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നാഷണല്‍ കമ്മറ്റി ഓണ്‍ എന്‍വിരോണ്‍മെന്റല്‍ പ്ലാനിങ് ആന്‍ഡ് കോഓര്‍ഡിനേഷന്‍ (എന്‍.സി.ഇ.പി.സി) ശുപാര്‍ശ ചെയ്തു. പദ്ധതി നടപ്പാക്കിയാല്‍ തന്നെ ആവശ്യമായ മുന്‍കരുതലോടെ വേണം അതെന്നും കമ്മറ്റിയുടെ കര്‍മസേന ശുപാര്‍ശ ചെയ്തു. (പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍, എന്‍.സി.ഇ.പി.സി.ശുപാര്‍ശ ചെയ്ത് മുന്‍കരുതലുകള്‍ ഉറപ്പു വരുത്താനായി 1979-ല്‍ 'സൈലന്റ് വാലി പ്രൊട്ടക്ടഡ് ഏരിയ (പ്രൊട്ടെക്ഷന്‍ ആന്‍ഡ് ഇക്കോളജിക്കല്‍ ബാലന്‍സ്) ആക്ട്' നടപ്പിലാക്കി)

1978 ഫിബ്രവരി :
സൈലന്റ് വാലി വനപ്രദേശം സംരക്ഷിക്കാന്‍, കേരള നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി സംസ്ഥാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

1978 സപ്തംബര്‍ :
സൈലന്റ് വാലിയിലേത് ഉള്‍പ്പടെ പശ്ചിമഘട്ടത്തിലെ വനമേഖലകള്‍ കൂടുതല്‍ കാര്യക്ഷമമായി സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് (ഐ.യു.സി.എന്‍) പാസാക്കി. ഏതാണ്ട് ഇതേ സമയത്തു തന്നെ, സൈലന്റ് വാലി എന്നത് അത്യപൂര്‍വമായ ഒട്ടേറെ ജീവികളുടെയും സസ്യങ്ങളുടെയും ആവാസമേഖലയാണെന്ന്, ബോംബൈ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി (എം.എന്‍.എച്ച്.സി) കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി.

1978 ഒക്ടോബര്‍ 15 :
പകരം പദ്ധതികളെക്കുറിച്ച് പഠിക്കുകയും സാധ്യതകള്‍ ആരായുകയും ചെയ്യുംമുമ്പ് സൈലന്റ് വാലിയെ നശിപ്പിക്കുന്ന നടപടി പാടില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (കെ.എസ്.എസ്.പി) പാസാക്കി.

1978 ഡിസംബര്‍:
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഫ്‌ളോറിസ്റ്റിക് സ്റ്റഡീസുമായി ബന്ധപ്പെട്ട സിംപോസിയത്തിന് കോയമ്പത്തൂരില്‍ ഒത്തു ചേര്‍ന്ന ശാസ്ത്രജ്ഞര്‍, സൈലന്റ് വാലിയിലെ സസ്യസമ്പത്ത് സംരക്ഷിക്കാനായി പദ്ധതി ഉപേക്ഷിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഏതാണ്ട് ഇതേ സമയത്ത് തന്നെ, വംശനാശഭീഷണി നേരിടുന്ന അപൂര്‍വ ജീവിവര്‍ഗമായ സിംഹവാലന്‍ കുരങ്ങുകളുടെ പ്രധാന ആവാസകേന്ദ്രമായ സൈലന്റ് വാലിയിലെ എല്ലാ പദ്ധതി പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കാനും പ്രദേശത്തെ സംരക്ഷിതമേഖലയായി പ്രഖ്യാപിക്കാനും, ഇന്റര്‍നാഷണല്‍ പ്രൈമറ്റോളജിക്കല്‍ സൊസൈറ്റിയുടെ ഏഴാം കോണ്‍ഗ്രസ് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

1979 ജൂലായ് :
സൈലന്റ് വാലി പദ്ധതിയുടെ പാരിസ്ഥിതികവും സാമൂഹിക -സാമ്പത്തിക വശങ്ങളും അവലോകനം ചെയ്ത് അതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തുന്ന പഠനറിപ്പോര്‍ട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധപ്പെടുത്തി.

1979 ജൂലായ് 18 :
സൈലന്റ് വാലി പദ്ധതിക്കെതിരെ പയ്യന്നൂര്‍ കോളേജിലെ സുവോളജിക്കല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ടൗണില്‍ പ്രതിഷേധ ജാഥ. ജൂലായ് 16 മുതല്‍ 22 വരെ നടന്ന 'സേവ് സൈലന്റ് വാലി' വാരാചരണത്തിന്റെ ഭാഗമായിരുന്നു പയ്യന്നൂരിലെ ജാഥ. ജോണ്‍സി ജേക്കബ്ബായിരുന്നു സംഘാടകന്‍.

1979 ഒക്ടോബര്‍ :
കേന്ദ്ര കൃഷി-ജലസേചന മന്ത്രാലയം സെക്രട്ടറി ഡോ.എം.എസ്.സ്വാമിനാഥന്‍ സൈലന്റ് വാലി സന്ദര്‍ശിച്ച്, സംസ്ഥാന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം, സൈലന്റ് വാലി പദ്ധതിക്ക് എതിരായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു.

1980 :
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു വനപ്രദേശവും വനേതരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു കൂടാ എന്ന് വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര വന (സംരക്ഷണ) നിയമം, 1980' നിലവില്‍ വന്നു.

1980 ജനവരി :
ഡോ.സ്വാമിനാഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സൈലന്റ് വാലിയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

1980 ഏപ്രില്‍ 26 :
സൈലന്റ് വാലി പദ്ധതിയുമായി നേരിട്ടു ബന്ധമുള്ള ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും എന്‍ജിനിയര്‍മാരെയും വിളിച്ചു കൂട്ടി സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യ ചര്‍ച്ച. അതിന്റെ അടിസ്ഥാനത്തില്‍, പദ്ധതി പ്രദേശം ഒഴിവാക്കിക്കൊണ്ട് സൈലന്റ് വാലി റിസര്‍വ് വനത്തെ നാഷണല്‍ പാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

1980 ആഗസ്ത് :
സൈലന്റ് വാലി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കേരള മുഖ്യമന്ത്രി ഇ.കെ.നായനാരും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. പരിസ്ഥിതിക്ക് കാര്യമായ ദോഷം ചെയ്യാതെ പദ്ധതി നടപ്പിലാക്കാന്‍ കഴിയുമോ എന്ന കാര്യം പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍, പ്രൊഫ.എം.ജി.കെ.മേനോന്റെ നേതൃത്വത്തില്‍ സംസ്ഥാനസര്‍ക്കാരും കേന്ദ്രവും സംയുക്ത സമിതിയെ നിയമിക്കാന്‍ തീരുമാനമായി.


1981 :
സൈലന്റ് വാലിയിലെ സസ്യസമ്പത്ത്, ജലവൈദ്യുതി പദ്ധതി വന്നാലുള്ള ഭവിഷ്യത്ത്, സൈലന്റ് വാലിയുടെ പാരിസ്ഥിതികമായ പ്രത്യേകതകള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ശാസ്ത്രീയ പഠനങ്ങളും റിപ്പോര്‍ട്ടുകളും പുറത്തു വന്നു.

1982 ഡിസംബര്‍ :
പ്രൊഫ.എം.ജി.കെ.മേനോന്‍ കമ്മറ്റി അതിന്റെ റിപ്പോര്‍ട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കാന്‍ 1983-ല്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

1984 നവംബര്‍ 15 :
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കേരള സര്‍ക്കാര്‍ ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുകയും, സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിക്കുകയും ചെയ്തു. 89 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചത്.

1985 സപ്തംബര്‍ 7 :
അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് രാഷ്ട്രത്തിനായി സമര്‍പ്പിച്ചു.

1988 മെയ് 16 :
സൈലന്റ് വാലിയെ ഒരു പ്രത്യേക സംരംക്ഷിത ഡിവിഷനായി വിജ്ഞാപനം ചെയ്തു.

(അവലംബം: 1. Silent Valley-Whispers of Reason, Kerala Forest Department (Editors: T.M.Manoharan, S.D.Biju, T.S.Nayar, P.S.Easa, 1999); 2. ഹരിത ചിന്തകള്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (കൊച്ചി, 2004); 3. സൈലന്റ് വാലിയെ സംരക്ഷിക്കുക, പ്രൊഫ. എം.കെ.പ്രസാദ് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂണ്‍ 3, 1979); 4. സൈലന്റ് വാലി പ്രക്ഷോഭം തുടങ്ങിയതാര്?, ഡോ. ഇ. ഉണ്ണികൃഷ്ണന്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡിസംബര്‍ 7, 2008)

-തയ്യാറാക്കിയത്: ജോസഫ് ആന്റണി


 ganangal