ജന്മനാടിനെ സ്‌നേഹിച്ച്; ബന്ധങ്ങള്‍ മറക്കാതെ.....
Posted on: 02 Jul 2010

പ്രീഡിഗ്രികാലംവരെ ഹരിപ്പാട്ട് ജീവിച്ച രാധാകൃഷ്ണന് ഇവിടെ വിപുലമായ സുഹൃദ്‌വലയമുണ്ടായിരുന്നു. സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി, ആലപ്പുഴ ജില്ലയിലെ ആദ്യകാല ഫോട്ടോഗ്രാഫര്‍ ഹരിപ്പാട് ഭാസി, ആര്‍.ജെ.തമ്പി, എന്നിവരൊക്കെ സുഹൃദ്ശൃംഖലയിലെ പ്രമുഖരായിരുന്നു.
തിരുവനന്തപുരത്ത് താമസമാക്കിയശേഷവും രാധാകൃഷ്ണന്‍ ഇടയ്ക്കിടെ ഹരിപ്പാട്ട് വരാറുണ്ടായിരുന്നു. ഇവിടെ എത്തിയാല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രദര്‍ശനം പതിവ്. മുമ്പ് ഹരിപ്പാട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന് എം.ജി.രാധാകൃഷ്ണന്റെ കച്ചേരി പതിവായിരുന്നു. സമീപക്ഷേത്രങ്ങളിലും അദ്ദേഹം കച്ചേരി നടത്തിയിട്ടുണ്ട്.
മകളുടെ കല്യാണത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാനായി കഴിഞ്ഞവര്‍ഷം എം.ജി.രാധാകൃഷ്ണന്‍ ഹരിപ്പാട്ടെത്തിയിരുന്നു. ഇപ്പോള്‍ സി.ഐ.എസ്.എഫില്‍നിന്ന് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറലായി വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന പഴയ സ്‌നേഹിതന്‍ ആര്‍.ജെ.തമ്പിക്കൊപ്പം ഏറെനേരം സംസാരിച്ചിരുന്നു. രാധാകൃഷ്ണന്‍ അസുഖബാധിതനായതറിഞ്ഞ തമ്പി, സംവിധായകന്‍ കെ.മധുവിനൊപ്പം തിരുവനന്തപുരത്ത് പോയി സുഹൃത്തിനെ കണ്ടിരുന്നു.