Mathrubhumi Logo
  mg radhakrishnan

തറവാട്ടില്‍ വീണ്ടും ഉറങ്ങണമെന്ന ആഗ്രഹം ബാക്കി....

കെ.ഷാജി Posted on: 02 Jul 2010

ഹരിപ്പാട്: ജനിച്ച തറവാട്ടില്‍ ഒന്ന് അന്തിയുറങ്ങണമെന്ന ആഗ്രഹം ബാക്കി വെച്ചാണ് എം.ജി.രാധാകൃഷ്ണന്‍ വിട പറഞ്ഞത്. ഹരിപ്പാട് കച്ചേരി ജങ്ഷന് വടക്കുള്ള മേടയില്‍ തറവാട്ടിലായിരുന്നു രാധാകൃഷ്ണന്‍ ജനിച്ചത്. ഏറ്റവും ഒടുവില്‍ ഇവിടെയെത്തി താമസിച്ചത് എട്ടു വര്‍ഷം മുമ്പ് ഒരു കല്യാണത്തിന്.

അന്ന് മടങ്ങുമ്പോള്‍ പറഞ്ഞു-''എനിക്ക് ഈ തറവാട്ടില്‍ ഒന്നുകൂടി ഉറങ്ങണം''.
എം.ജി.രാധാകൃഷ്ണന്‍ സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ച് പിച്ചവെച്ച് നടന്ന മണ്ണാണിത്. മേടയില്‍ തറവാടിന് എം.ജി.രാധാകൃഷ്ണനോളം പ്രായമുണ്ട്. ഇന്നും ഈ ഇരുനില മാളിക തലയുയര്‍ത്തി നില്‍ക്കുന്നു. പ്രായം ബാധിക്കാത്ത അദ്ദേഹത്തിന്റെ ശബ്ദംപോലെ.

എം.ജി.രാധാകൃഷ്ണന്റെ അച്ഛന്‍ മലബാര്‍ ഗോപാലന്‍നായരുടെ കുടുംബവീട് പള്ളിപ്പാട്ടായിരുന്നു. പിന്നീട് ഹരിപ്പാട്ട് സ്ഥലം വാങ്ങി വീട് വെയ്ക്കുകയായിരുന്നു. അക്കാലത്തെ ഈ പ്രദേശത്തെ വലിയ വീടുകളിലൊന്നായിരുന്നു മേടയില്‍. ഇവിടെയാണ് എം.ജി.രാധാകൃഷ്ണനും സഹോദരങ്ങളായ ഓമനക്കുട്ടിയും ശ്രീകുമാറും ജനിച്ചത്.ഹരിപ്പാട് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു രാധാകൃഷ്ണന്റെ സ്‌കൂള്‍പഠനം. ആലപ്പുഴ എസ്.ഡി.കോളേജില്‍ പ്രീഡിഗ്രി കഴിഞ്ഞതോടെ കുടുംബം തിരുവനന്തപുരത്തേക്ക് മാറി. അവിടെ സ്വാതി തിരുനാള്‍ സംഗീതകോളേജില്‍ രാധാകൃഷ്ണനെ ഗാനഭൂഷണം പഠിപ്പിക്കാനായിരുന്നു കുടുംബസമേതം താമസം മാറ്റിയത്. ഹരിപ്പാട് ഗവ.ഗേള്‍സ് സ്‌കൂളില്‍ സംഗീത അധ്യാപികയായിരുന്ന അമ്മ കമലാക്ഷിയമ്മ കരമന ഗവ.ഹൈസ്‌കൂളിലേക്ക് സ്ഥലംമാറ്റം വാങ്ങിയാണ് തിരുവനന്തപുരത്തിന് പോയത്.

എം.ജി.രാധാകൃഷ്ണനും കുടുംബവും ഹരിപ്പാട് മേടയില്‍നിന്ന് തിരുവനന്തപുരത്തിന് കുടിയേറിയിട്ട് അമ്പത് വര്‍ഷമാകുന്നു. ഇവിടെനിന്ന് പോകുമ്പോള്‍ എം.ജി.ശ്രീകുമാറിന് രണ്ടുവയസ്സ്. കമലാക്ഷിയമ്മയുടെ ഇളയ സഹോദരി രാജമ്മയുടെ മകള്‍ രാജലക്ഷ്മിയും. എം.ജി.ശ്രീകുമാറിന്റെ അതേ പ്രായക്കാരിയായിരുന്നു രാജലക്ഷ്മി. ഇപ്പോള്‍, ചെറിയനാട് സബ് രജിസ്ട്രാര്‍. മേടയില്‍ വീട് ഇപ്പോള്‍ രാജലക്ഷ്മിയുടെ സഹോദരന്‍ ഹരികുമാറിന്റെ ഉടമസ്ഥതയിലാണ്.





ganangal
mg_videos