Mathrubhumi Logo
  mg radhakrishnan

തുടക്കം തംബുരുവില്‍

Posted on: 02 Jul 2010

1940-ല്‍ ഹരിപ്പാട്ട് ജനിച്ച എം.ജി. രാധാകൃഷ്ണന്റെ ബാല്യവും സ്‌കൂള്‍ വിദ്യാഭ്യാസവും അവിടെത്തന്നെയായിരുന്നു. ആലപ്പുഴ എസ്.ഡി. കോളേജില്‍ പ്രീഡിഗ്രി പഠനത്തിനുശേഷം തിരുവനന്തപുരത്തെത്തി. കാരണം അച്ഛന്‍ മലബാര്‍ ഗോപാലന്‍ നായരും ഗായികയും സംഗീതാധ്യാപികയുമായ അമ്മ കമലാക്ഷിയമ്മയും തൈക്കാട്ട് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.

അന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും പ്രശസ്തനായ ഹാര്‍മോണിസ്റ്റും ശാസ്ത്രീയസംഗീതജ്ഞനുമായിരുന്നു മലബാര്‍ ഗോപാലന്‍ നായര്‍. തമിഴ്‌നാട്ടുകാര്‍ക്ക് അക്കാലത്ത് മലയാളിയെന്നാല്‍ മലബാറുകാരനായിരുന്നു. അങ്ങനെയാണ് മേടയില്‍ ഗോപാലന്‍ നായര്‍ മലബാര്‍ ഗോപാലന്‍ നായരായത്. മലബാര്‍ ഗോപാലന്‍ നായരുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് എം.ജി. രാധാകൃഷ്ണന്‍ എന്ന സംഗീതപ്രതിഭ. കര്‍ണാടക സംഗീതജ്ഞ പ്രൊഫ. കെ. ഓമനക്കുട്ടി സഹോദരിയും ചലച്ചിത്ര പിന്നണിഗായകന്‍ എം.ജി. ശ്രീകുമാര്‍ സഹോദരനുമാണ്.

തിരുവനന്തപുരത്ത് എത്തിയശേഷം സ്വാതിതിരുനാള്‍ അക്കാദമിയില്‍ പഠനത്തിനായി ചേര്‍ന്നു രാധാകൃഷ്ണന്‍. സംഗീത അക്കാദമിയിലെ പഠനത്തിനുശേഷം തിരുവനന്തപുരം ആകാശവാണിയില്‍ തമ്പുരു ആര്‍ട്ടിസ്റ്റായി ജോലി ലഭിച്ചു.
ആകാശവാണിയില്‍ ലളിതഗാനങ്ങളുടെ കമ്പോസര്‍ ആകുന്നതിന് മുമ്പുതന്നെ സിനാമരംഗത്തേക്ക് രാധാകൃഷ്ണന്‍ വന്നു. 'കള്ളിച്ചെല്ലമ്മ'യിലെ 'ഉണ്ണിഗണപതിയെ വന്നു വരം തരണം' എന്ന ഗാനം പാടിയാണ് രാധാകൃഷ്ണന്‍ സിനിമയിലേക്ക് പ്രവേശിക്കുന്നത്.

സ്വീകരണ മുറികളില്‍ ടി.വി.യെക്കാളും പ്രാധാന്യത്തോടെ റേഡിയോ വേണ്ട കാലമായിരുന്നു അറുപതുകളും എഴുപതുകളും. അന്ന് വളരെ പോപ്പുലറായിരുന്ന ലളിതഗാന പാഠത്തിന്റെ പിന്നില്‍ എം.ജി. രാധാകൃഷ്ണന്‍ സജീവമായിരുന്നു.
എം.ജി. രാധാകൃഷ്ണന്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം കരമന കൃഷ്ണന്‍ നായരാണ് ആലപിച്ചത്.
'കള്ളിച്ചെല്ലമ്മ'യിലെ ഗാനത്തിന് ശേഷം 'ഉത്തിഷ്ഠത ജാഗ്രത' (ശരശയ്യ), 'പല്ലനയാറ്റിന്‍ തീരത്ത്' (നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി) എന്നീ ഗാനങ്ങളും രാധാകൃഷ്ണന്‍ പാടി.

സംഗീത സംവിധാനത്തില്‍ രാധാകൃഷ്ണന്റെ തുടക്കം പിഴച്ചില്ല. തുടങ്ങിയ വര്‍ഷം 1978ല്‍ തന്നെ നാല് ചിത്രങ്ങളില്‍ ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നടത്തി. 'തമ്പ്', 'രണ്ടുജന്മം', 'ആരവം', 'പെരുവഴിയമ്പലം'.
1979ല്‍ 'കുമ്മാട്ടി'ക്കും 'തകര'യ്ക്കും സംഗീതംനല്‍കി. തുടര്‍ന്ന് നൂറോളം ചിത്രങ്ങളിലൂടെ നിരവധി ഗാനങ്ങള്‍ക്ക് രാധാകൃഷ്ണന്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. 'ചാമരം', 'പൂച്ചയ്‌ക്കൊരു മൂക്കുത്തി', 'ഞാന്‍ ഏകനാണ്', 'രതിലയം', 'വേട്ട' 'ഓടരുതമ്മാവാ ആളറിയാം', 'അയല്‍വാസി ഒരു ദരിദ്രവാസി', രാക്കുയിലിന്‍ രാഗസദസില്‍', നൊമ്പരത്തിപൂവ്', 'സര്‍വകലാശാല', 'തനിയാവര്‍ത്തനം', 'അയിത്തം', 'വെള്ളാനകളുടെ നാട്', 'അഭയം', 'അദൈ്വതം', 'മിഥുനം', 'ദേവാസുരം', 'മണിച്ചിത്രത്താഴ്', 'കിന്നരിപ്പുഴയോരം', 'തക്ഷശില', 'കുലം', 'രക്തസാക്ഷികള്‍ സിന്ദാബാദ്', 'ഋഷിവംശം', 'സാഫല്യം', 'കണ്ണെഴുതി പൊട്ടുംതൊട്ട്', പൂത്തിരുവാതിര രാവില്‍', 'മേഘസന്ദേശം', 'അനന്തഭദ്രം', 'പകല്‍' തുടങ്ങി ഒട്ടേറെ സിനിമകളിലെ പാട്ടുകള്‍ ശ്രദ്ധേയങ്ങളായി.ganangal
mg_videos