ലളിതഗാനത്തമ്പിലെ 'ഹരിപ്പാട്ടു'കാരന്‍
Posted on: 02 Jul 2010

ശാസ്ത്രീയ സംഗീതജ്ഞനും ഹാര്‍മോണിസ്റ്റുമായിരുന്ന മലബാര്‍ ഗോപാലന്‍ നായരുടെയും സംഗീതാധ്യാപികയായ കമലാക്ഷി അമ്മയുടെയും മകനായ എം.ജി.രാധാകൃഷ്ണന് സംഗീതാഭിരുചി പൈതൃകമായി കിട്ടിയതായിരുന്നു. സംഗീതസരണിയില്‍ സഞ്ചരിക്കവേ, അദ്ദേഹം പക്ഷേ അഭിരമിച്ചത് ലളിത, ശുദ്ധസംഗീത ഗീതികളിലായിരുന്നു. സത്യന്റെ അവസാന സിനിമയായ 'ശരശയ്യ'യിലെ ആമുഖഗാനമായ 'ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്‍ നിബോധിത' ഗാനം പാടിയാണ് രാധാകൃഷ്ണന്‍ തന്റെ ശബ്ദം ചലച്ചിത്ര ലോകത്തെത്തിച്ചത്. എങ്കിലും സംസ്‌കൃത പദജടിലമായ ഗാനങ്ങളല്ല 'നെല്ലിന്‍ തണ്ടും മണക്കും വഴികളിലൂടെ' നടന്നുശീലിച്ച നാട്ടിന്‍പുറത്തുകാരനായ ഈ ഹരിപ്പാട്ടുകാരനെ പ്രചോദിപ്പിച്ചത്. ഉദ്യോഗവൃത്തിയുടെ ഭാഗമായി ചിട്ടപ്പെടുത്തിയ 'ലളിതസംഗീത പാഠ' ങ്ങളിലൂടെ അദ്ദേഹം കേരളീയരെ മുഴുവന്‍ ലളിതഗാനത്തിന്റെ മാസ്മരികതയിലേക്ക് കൂട്ടിക്കൊണ്ടുപോയി . അദ്ദേഹം സിനിമയില്‍ പാടിയ മൂന്നാമത്തെ പാട്ട്'പല്ലനയാറ്റിന്‍ തീരത്ത്..' (നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി) എന്ന പാട്ടായിരുന്നു. ഹരിപ്പാടിന് സമീപമാണ് പല്ലന.
സര്‍ക്കസ് 'തമ്പി'ന്റെ കഥ അരവിന്ദന്‍ പറഞ്ഞപ്പോള്‍ ആ സിനിമയുടെ സംഗീത സംവിധാനത്തിന് അന്ന് അരങ്ങുവാണിരുന്ന മറ്റ് പ്രമുഖ സംഗീത സംവിധായകരെക്കാള്‍ രാധാകൃഷ്ണനെ തിരഞ്ഞെടുക്കാന്‍ കാരണം സൗഹൃദത്തെക്കാളേറെ സംവിധായകന്റെയും സംഗീതജ്ഞന്റെയും സമാന തരംഗദൈര്‍ഘ്യമാകണം. അതാകട്ടെ ലളിതഗാന പ്രതിപത്തിയില്‍നിന്ന് ഉടലെടുത്തതായിരുന്നു.
തമ്പിലെ ഗാനങ്ങള്‍ക്കുശേഷം കാവാലം രചന നടത്തിയ 'രണ്ടുജന്മ'ത്തിനും സംഗീതമൊരുക്കി രാധാകൃഷ്ണന്‍ മുന്നേറി.
ലളിതഗാന ശാഖയുടെ നെടുംതൂണായി നില്‍ക്കുമ്പോഴും മലയാള കവിതയുടെ സംഗീതാവിഷ്‌കാരത്തിന് അനുപമമായ സംഭാവനയും ഊര്‍ജവും നല്‍കിയ കലാകാരനായിരുന്നു രാധാകൃഷ്ണന്‍. മാധവിക്കുട്ടിയുടെയും കാവാലത്തിന്റെയും കവിതകള്‍ക്കും അയ്യപ്പ പണിക്കരുടെ ആക്ഷേപഹാസ്യ ഗീതികള്‍ക്കും സംഗീതമേകിയ രാധാകൃഷ്ണന്‍ പുസ്തകത്താളുകളില്‍ നിന്നും ജനങ്ങളുടെ കവിതയെ ജനങ്ങളുടെ ചുണ്ടുകളില്‍ എത്തിക്കുന്നതില്‍ വിജയിച്ചു.
അയ്യപ്പ പണിക്കരുടെ 'മുതുവേലി പാപ്പച്ചന്റെ മകള്‍പെറ്റ റോസിലി' യും 'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ'... എന്നീ കവിതകള്‍ വേദികളിലും വീഥികളിലും ചൊല്‍ക്കാഴ്ചകളിലും എത്തിക്കാന്‍ രാധാകൃഷ്ണന് കഴിഞ്ഞു. കാവാലത്തു ജനിച്ച നാരായണ- അയ്യപ്പ പണിക്കര്‍മാരുടെ ഗീതികള്‍ മേലേ കുട്ടനാട്ടുകാരനായ രാധാകൃഷ്ണന് ആത്മാവില്‍ക്കൊള്ളാന്‍ എളുപ്പം കഴിയുമായിരുന്നു.
തന്റെ മുന്നിലിരുന്ന് ലളിതസംഗീതം പഠിച്ച കൊച്ചുപാട്ടുകാരായ കെ.എസ്.ചിത്രയെയും കെ.എസ്.ബീനയെയും അരുന്ധതിയെയും വേണുഗോപാലിനെയും സിനിമാ പിന്നണിഗാന രംഗത്തേക്ക് കടത്തിവിടാന്‍ രാധാകൃഷ്ണന്‍ ആത്മധൈര്യം കാട്ടി. ലളിതഗാന മെലഡി പാരമ്പര്യത്തിന് കനത്ത ഈടുവെയ്പുകളാണ് ഇതിലൂടെ രാധാകൃഷ്ണന്‍ നല്‍കിയത്.ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പാടാന്‍ മറന്നുപോയ 'പഴംപാട്ടുകാരെ' പഠിപ്പിക്കാന്‍ തൈക്കാട്ടെ ശാസ്താക്ഷേത്രനടയിലെ മേടയില്‍വീട്ടില്‍ ഒരു സംഗീതമുറി തുറന്ന പ്രതിബദ്ധത രാധാകൃഷ്ണന്റെ പ്രത്യേകതയില്‍ ഒന്നുമാത്രം. കര്‍ണാടക സംഗീതം അഭ്യസിച്ചിട്ടും അതിലൂടെപ്പോകാതെ 'മലയാളത്തിന്റെ മഷിത്തണ്ട്' തന്റെ നെഞ്ചോടുചേര്‍ത്തുപിടിച്ച് മലയാള ഗീതികളുടെ പക്ഷത്താണ് താനെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ ഗായകനാണ് രാധാകൃഷ്ണന്‍. ഇതിനു തുല്യമായി മലയാള ഗാനചരിത്രത്തില്‍ മറ്റൊരു നിഷേധമേയുള്ളൂ. ഈശ്വര സ്തുതികള്‍ നിറഞ്ഞ സംസ്‌കൃത കീര്‍ത്തനങ്ങള്‍ ഹൃദിസ്ഥമാക്കിയിട്ടും ജീവിതകാലം മുഴുവന്‍ അവിശ്വാസിയായ കമ്യൂണിസ്റ്റായി ജീവിച്ചുകൊണ്ട് ഭക്തന്മാരെപ്പോലും അതിശയിപ്പിച്ച ഭക്തിഗാനങ്ങള്‍ രചിച്ച വയലാര്‍ രാമവര്‍മയുടെ നിഷേധം! തന്റെ നിഷേധം തുടര്‍ന്നും കാട്ടുവാന്‍ 'ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മംകൂടി' യെന്ന് യാചിച്ച് മറഞ്ഞ വയലാറിനെപ്പോലെ രാധാകൃഷ്ണന്‍ എന്ന നിഷേധിയും നടന്നുനീങ്ങിക്കഴിഞ്ഞു...