പാട്ടില്‍ നിറച്ചുവെച്ച ലാളിത്യം Posted on: 02 Jul 2010

യുവജനോത്സവ വേദികളില്‍ ലളിതഗാന മത്സരങ്ങളില്‍ എക്കാലവും കുട്ടികള്‍പാടിയ മിക്കവാറും പാട്ടുകള്‍ എം. ജിയുടെ സംഗീതത്തില്‍ പുറത്തിറങ്ങിയതായിരുന്നു. ഘനശ്യാമ സന്ധ്യാഹൃദയം, ഓടക്കുഴല്‍ വിളി, ജയദേവ കവിയുടെ...തുടങ്ങിയ എത്രയോ ലളിതഗാനങ്ങള്‍ക്ക് ആകാശവാണിയിലൂടെ അദ്ദേഹം ജീവന്‍ നല്‍കി പുറത്തുവന്നു. അരവിന്ദന്റെ തമ്പിലൂടെ സിനിമയിലേക്ക് എത്തിയ അദ്ദേഹം മലയാളത്തിലെ മികച്ച ഗാനങ്ങളുടെ സൃഷ്ടാക്കളുടെ പട്ടികയില്‍ പെട്ടെന്നുതന്നെ ഇടംനേടുകയും ചെയ്തു.
തമ്പില്‍ പാട്ട് ചെയ്യുമ്പോള്‍ സിനിമയില്‍ പുതിയ ആളാണെങ്കിലും പുതുമുഖ സംഗീത സംവിധായകനായിരുന്നില്ല അദ്ദേഹം. ലളിതസംഗീതത്തെ ശാസ്ത്രീയ സംഗീതവുമായി സന്നിവേശിപ്പിച്ച സവിശേഷ ശൈലിയാണ് അദ്ദേഹത്തെ പാട്ട് കമ്പോസ് ചെയ്യാന്‍ അരവിന്ദനെ പ്രേരിപ്പിച്ചത്. സഹോദരിയുടെ മുന്നില്‍ പാട്ടുപഠിച്ചിരുന്ന കെ എസ് ചിത്ര എന്ന സംഗീതവിദ്യാര്‍ത്ഥിനിയെ പിന്നണിഗാനരംഗത്ത് എത്തിച്ചതും അരുന്ധതി എന്ന ഗായികയെ പരിചയപ്പെടുത്തിയതും എം. ജി. രാധാകൃഷ്ണന്‍ തന്നെ. കര്‍ണ്ണാടക സംഗീതത്തില്‍ അത്രമേല്‍ പാണ്ഡിത്യം ഉണ്ടായിരുന്നിട്ടും സംഗീതകുടുംബത്തിന്റെ പാരമ്പര്യത്തില്‍ നിറഞ്ഞുനിന്നിട്ടും സിനിമാപാട്ടുകളില്‍ ലളിതാഖ്യാനത്തിന്റെ ശൈലിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
തമ്പും തകരയും ചാമരവും ജാലകവും മാത്രമല്ല സര്‍വകലാശാല, ഞാന്‍ ഏകനാണ്, അച്ഛനെയാണെനിക്കിഷ്ടം, മണിച്ചിത്രത്താഴ്, ദേവാസുരം, അദൈ്വതം, മിഥുനം, അഗ്നിദേവന്‍, കണ്ണെഴുതി പൊട്ടുംതൊട്ട്, രക്തസാക്ഷികള്‍ സിന്ദാബാദ്, വെള്ളാനകളുടെ നാട്, കാറ്റ് വന്ന് വിളിച്ചപ്പോള്‍, അനന്തഭദ്രം തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ പാട്ടുകള്‍ ചെയ്തു. എസ്. ജാനകിക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിക്കൊടുത്ത ''മൗനമേ നിറയും മൗനമേ തുടങ്ങി നാഥാ നീ വരൂ കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്ത് ഞാനിരുന്നു, ഒരുമിച്ച് ചേരുംനാം ഇനിയുമെന്നാശിച്ച് വിടപറയൂ, ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ, എത്ര പൂക്കാലം, ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍, പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന, പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍, പാടുവാന്‍ ഓര്‍മ്മകളില്‍, അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍, നീലക്കുയിലേ ചൊല്ലൂ, അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ... തുടങ്ങി വാണിജ്യവും സമാന്തരവുമായ നിരവധി ചിത്രങ്ങള്‍ക്കായി എത്രയോ ഹൃദ്യസുന്ദരമായ പാട്ടുകള്‍ രാധാകൃഷ്ണന്‍ സൃഷ്ടിച്ചു.
അപ്പോഴേക്കും നിരവധി പുരസ്‌കാരങ്ങളിലൂടെ സംഗീതം വഴിഞ്ഞൊഴുകിയ എത്രയോ കച്ചേരികളിലൂടെ എം ജി. രാധാകൃഷ്ണന്‍ എന്ന സംഗീതകാരനേയും പാട്ടുകാരനേയും മലയാളി ആസ്വാദക സമൂഹം ഏറ്റെടുത്തുകഴിഞ്ഞിരുന്നു. സിനിമാരംഗത്ത് നിന്ന് തിരക്കൊഴിഞ്ഞിട്ടും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുട്ടനാടന്‍ പശ്ചാത്തലത്തിലുള്ള ടി. കെ. രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തില്‍ കാവാലവും രാധാകൃഷ്ണന്‍ വീണ്ടും ഒത്തുചേര്‍ന്നപ്പോള്‍ ലഭിച്ചതും കൈതപ്പൂവിന്‍, മീനക്കൊടി കാറ്റേ.. അടക്കമുള്ള മികച്ച ഗാനങ്ങള്‍.
മലയാള ലളിതഗാനശാഖയ്ക്ക് ഏറ്റവും വലിയ സംഭാവന നല്‍കിയ ആള്‍ എന്ന നിലയ്ക്കാണ് രാധാകൃഷ്ണന്റെ സംഗീത ജീവിതത്തെ അടയാളപ്പെടുത്തേണ്ടത്. കാരണം ഏറെക്കുറെ സമകാലികരായ രവീന്ദ്രനും ജോണ്‍സനും മികച്ച പാട്ടുകളുമായി രംഗത്തുള്ള കാലത്താണ് അവര്‍ക്കൊപ്പവും എം. ബി. ശ്രീനിവാസന്‍, കെ. വി. മഹാദേവന്‍ തുടങ്ങിയ മുതിര്‍ന്ന തലമുറയ്ക്കും ഇടയില്‍ അവരില്‍ നിന്ന് വ്യത്യസ്തമായ പാട്ടുകള്‍ രാധാകൃഷ്ണനില്‍ നിന്നുണ്ടായത്. സത്യന്‍ അന്തിക്കാട് ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ച ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ ഓ മൃദുലേ... എന്ന ഗാനം മലയാളികള്‍ക്ക് മറക്കാനാവില്ല.
തിരുനെല്ലൂര്‍ കരുണാകരന്റെ കവിതയില്‍ നിന്ന് ജനിച്ച കാറ്റേ നീ വീശരുതിപ്പോള്‍, ഒ. എന്‍. വി. എഴുതിയ ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ തുടങ്ങി എത്രയോ കാവ്യഗുണമുള്ള പാട്ടുകള്‍ക്ക് അതിന്റെ തനിമ നഷ്ടപ്പെടാതെ ലാളിത്യവിശുദ്ധിയോടെ ഹൃദ്യമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നിരവധി ഭക്തിഗാനങ്ങളും കാവ്യസംഗീതികളും രാധാകൃഷ്ണന്റെ സംവിധാനത്താല്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ ജ്യേഷ്ഠന്‍ എന്ന നിലയില്‍ ആകാം ഏറ്റവും പുതിയ തലമുറ ഒരു പക്ഷേ ഓര്‍ക്കുക. പക്ഷേ മലയാളത്തിലെ സംഗീതാസ്വാദക സമൂഹത്തിന് രാധാകൃഷ്ണനെ ആരും പരിചയപ്പെടുത്തേണ്ട കാര്യമില്ല. സംവത്സരങ്ങള്‍ പിന്നിട്ടുപോകുന്ന ആ സംഗീത ഓര്‍മ്മകള്‍ക്ക് എം. ജി. രാധാകൃഷ്ണന്‍ ഹൃദയം കൊണ്ട് ചിട്ടപ്പെടുത്തിയ പാട്ടുകളാണ് ഏറ്റവും നല്ല സ്മരണ.