Mathrubhumi Logo
  Shanmughadas

ഷണ്‍മുഖദാസ് ആദര്‍ശരാഷ്ട്രീയത്തിന്റെ തിളക്കമാര്‍ന്ന പ്രതീകം

Posted on: 29 Jun 2013

കോഴിക്കോട്: ആദര്‍ശവും സത്യസന്ധതയും മുറുകെപ്പിടിച്ച് രാഷ്ട്രീയപ്രവര്‍ത്തനത്തിനുതന്നെ ദിശാബോധം പകര്‍ന്ന ജനകീയനേതാവായിരുന്നു എ.സി. ഷണ്‍മുഖദാസ് എന്ന് സര്‍വകക്ഷി അനുശോചനയോഗം വിലയിരുത്തി. പുരോഗമന, ജനാധിപത്യനിലപാടുകളില്‍ ഉറച്ചുനിന്ന് രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിച്ച ഷണ്‍മുഖദാസ്, നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഒരിക്കലും തയ്യാറായില്ലെന്ന് പ്രമേയം അനുസ്മരിച്ചു. എന്‍.സി.പി. നേതാവ് എ.കെ. ശശീന്ദ്രന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു.

ലളിതജീവിതം നയിച്ച് പൊതുപ്രവര്‍ത്തകര്‍ക്കുതന്നെ മാതൃകയായ ഷണ്‍മുഖദാസ് എല്ലാവരുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റിയ നേതാവാണെന്ന് അധ്യക്ഷത വഹിച്ച മേയര്‍ എ.കെ. പ്രേമജം പറഞ്ഞു. ഉന്നതമൂല്യം ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവാണ് ഷണ്‍മുഖദാസ് എന്ന് എന്‍. സി.പി. സംസ്ഥാനപ്രസിഡന്‍റ് ടി.പി. പീതാംബരന്‍മാസ്റ്റര്‍ അനുസ്മരിച്ചു. സംശുദ്ധമായ രാഷ്ട്രീയത്തിന്റെ പര്യായമാണ് ഷണ്‍മുഖദാസിന്റെ പൊതുപ്രവര്‍ത്തനമെന്ന് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. ഭരണത്തിലും രാഷ്ട്രീയത്തിലും പുതിയ കാഴ്ചപ്പാട് വെച്ചുപുലര്‍ത്താന്‍ ഷണ്‍മുഖദാസിന് സാധിച്ചുവെന്ന് മന്ത്രി കെ.പി. മോഹനന്‍ അഭിപ്രായപ്പെട്ടു. സര്‍വസംഗപരിത്യാഗിയായ രാഷ്ട്രീയനേതാവാണ് ഷണ്‍മുഖദാസ് എന്ന് എം.കെ. രാഘവന്‍ എം.പി. അനുസ്മരിച്ചു. ദൃഢനിശ്ചയത്തോടെ തന്റെ നിലപാടില്‍ ഉറച്ചുനിന്ന നേതാവായിരുന്നു ഷണ്‍മുഖദാസ് എന്ന് സി.പി.എം. ജില്ലാസെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

മാത്യു ടി. തോമസ് എം.എല്‍.എ., ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍, മുന്‍ മന്ത്രി പി. സിറിയക്‌ജോണ്‍, കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്‍റ് രാമചന്ദ്രന്‍കടന്നപ്പള്ളി, എം.എല്‍.എ.മാരായ സി.കെ. നാണു, ഇ.കെ. വിജയന്‍, പുരുഷന്‍കടലുണ്ടി, എ. പ്രദീപ്കുമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്‍റ് ഉമ്മര്‍പാണ്ടികശാല, സോഷ്യലിസ്റ്റ് ജനത ജില്ലാപ്രസിഡന്‍റ് മനയത്ത്ചന്ദ്രന്‍, കേരളകോണ്‍ഗ്രസ്-എം. സംസ്ഥാന സെക്രട്ടറി വി.സി. ചാണ്ടി, കെ.ടി. മാത്യു, മാധ്യമപ്രവര്‍ത്തകന്‍ കെ.പി. മോഹനന്‍, സി.എം.പി. ജില്ലാസെക്രട്ടറി സി.എന്‍. വിജയകൃഷ്ണന്‍, എം.കെ. പ്രേംനാഥ്, അഹമ്മദ് ദേവര്‍കോവില്‍, പി. മൊയ്തീന്‍, കെ.ടി. വാസുദേവന്‍, സലിംകോട്ടൂളി, അഡ്വ. എ. ശങ്കരന്‍, എം. ആലിക്കോയ എന്നിവര്‍ സംസാരിച്ചു. എന്‍.സി.പി.ജില്ലാപ്രസിഡന്‍റ് മുക്കം മുഹമ്മദ് സ്വാഗതം പറഞ്ഞു.




ganangal


മറ്റു വാര്‍ത്തകള്‍

   
Discuss