Mathrubhumi Logo
  Shanmughadas

ഷണ്മുഖദാസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Posted on: 28 Jun 2013

തിരുവനന്തപുരം: കേരളത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുത്തതില്‍ എ.സി. ഷണ്മുഖദാസ് നിര്‍ണായകപങ്കാണ് വഹിച്ചതെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അനുസ്മരിച്ചു. ആശയങ്ങളും ആദര്‍ശങ്ങളും ഉയര്‍ത്തിപ്പിടിച്ച പൊതുപ്രവര്‍ത്തകനാണ് അദ്ദേഹമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ കെ.സി. വേണുഗോപാല്‍, ഇ. അഹമ്മദ്, മന്ത്രിമാരായ കെ.എം. മാണി, അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷിബു ബേബിജോണ്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ജോസ് കെ. മാണി എം.പി, മുന്‍ മന്ത്രി ബിനോയ്‌വിശ്വം, സോഷ്യലിസ്റ്റ് ജനത സംസ്ഥാനകമ്മിറ്റി, സോഷ്യലിസ്റ്റ്ജനത നേതാവ് വര്‍ഗീസ് ജോര്‍ജ്, സോഷ്യലിസ്റ്റ് ജനത പാര്‍ലമെന്‍ററിപാര്‍ട്ടി ചെയര്‍മാന്‍ ചാരുപാറ രവി തുടങ്ങിയവരും ഷണ്മുഖദാസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രന്‍

കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും വഴിയിലൂടെയാണ് ഷണ്മുഖദാസ് രാഷ്ട്രീയരംഗത്ത് വളര്‍ന്നുവന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആദര്‍ശത്തിന്റെ ശുദ്ധിയുള്ള നേതാവിനെയാണ് ഷണ്മുഖദാസിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

പി.വി. ഗംഗാധരന്‍

രാഷ്ട്രീയ കേരളത്തില്‍ എന്നും മാതൃകാസ്ഥാനം നിലനിര്‍ത്തിയ നേതാവും പൊതുപ്രവര്‍ത്തകനുമായിരുന്നു എ.സി. ഷണ്‍മുഖദാസ് എന്ന് എ.ഐ.സി.സി. അംഗവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരന്‍ അനുസ്മരിച്ചു.

നാലര പ്പതിറ്റാണ്ട് മുമ്പ് രാഷ്ട്രീയത്തെ ഗൗരവമായി കണ്ടുതുടങ്ങിയ കാലത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ രാഷ്ട്രീയ ഗുരുവായിരുന്നു അദ്ദേഹം. സഹോദരസ്ഥാനീയനായ അദ്ദേഹം സംശുദ്ധ രാഷ്ട്രീയത്തിന്റെയും ജനസേവനത്തിന്റെയും പ്രതീകമായിരുന്നു.

വി. മുരളീധരന്‍

ജനകീയ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായിരുന്നു എ.സി. ഷണ്‍മുഖദാസെന്നും പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാവുന്ന ഒട്ടേറെ ഗുണങ്ങള്‍ ഉള്ള നേതാവായിരുന്നു അദ്ദേഹമെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ അനുസ്മരിച്ചു.





ganangal


മറ്റു വാര്‍ത്തകള്‍

   
Discuss