ബഹുജന സമ്പര്‍ക്കവും ആദര്‍ശനിഷ്ഠയുമുള്ള നേതാവ്
എ.കെ. ആന്റണി Posted on: 27 Jun 2013

വ്യാപകമായ ബഹുജനസമ്പര്‍ക്കം പുലര്‍ത്തിയ അപൂര്‍വ രാഷ്ട്രീയനേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. മന്ത്രിയായപ്പോഴും സാധാരണക്കാരനൊപ്പം നില്‍ക്കാന്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു.
ഞാന്‍ കെ.പി.സി.സി. പ്രസിഡന്റായിരുന്നപ്പോഴും പിന്നീട് ഇടതുമുന്നണിയോടൊപ്പമുണ്ടായിരുന്നപ്പോഴും ഷണ്‍മുഖദാസിനോടൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. മലബാര്‍ മേഖലയില്‍ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസ്സും ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്. 1969-ലെ കോണ്‍ഗ്രസ് പിളര്‍പ്പിന്റെ കാലത്ത് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ്സിനെ ഒന്നിച്ചുനിര്‍ത്താന്‍ ഷണ്‍മുഖദാസ് നടത്തിയ പ്രവര്‍ത്തനം മറക്കാവുന്നതല്ല. സി.കെ. ഗോവിന്ദന്‍ നായരുടെ ശിഷ്യന്മാരായ ഷണ്‍മുഖദാസും മൊയ്തീനുമാണ് മലബാറില്‍ കോണ്‍ഗ്രസ്സിന് ആവേശം പകര്‍ന്നത്. സി.കെ.ജി.യുടെ ആദര്‍ശനിഷ്ഠ അവസാനം വരെ ഷണ്‍മുഖദാസിന്റെ പ്രവര്‍ത്തനരേഖയായിരുന്നു.
ആദര്‍ശനിഷ്ഠയും ബഹുജനസമ്പര്‍ക്കവുമായി ഒരു വേറിട്ട വ്യക്തിത്വമായിരുന്നു ഷണ്‍മുഖദാസിന്റേത്. ഒട്ടും കറപുരളാതെ അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം സൂക്ഷിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബത്തൊടൊപ്പം ഞാനും ആ ദുഃഖത്തില്‍ പങ്കു ചേരുന്നു.